കൊച്ചി: മലയാള സിനിമയിൽ ഇപ്പോൾ സൂപ്പർതാരങ്ങളുടെ ആറാട്ട് തന്നെയാണ് നടക്കുന്നത്. മോഹൻലാലിന്റെ തീയറ്റർ റിലീസ് ചിത്രം ആറാട്ട് വിജയം കണ്ടു കഴിഞ്ഞു. ഇനി മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഊഴമാണ്. മമ്മൂട്ടി- അമൽനീരദ് കൂട്ടുകെട്ടിൽ ഒരുക്കുന്ന സിനിമയായ ഭീഷമപർവ്വം മാർച്ച് മൂന്നിന് റിലീസ് ചെയ്യുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കയാണ് ഈ ചിത്രത്തിന് വേണ്ടി. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഇന്ന് കൊച്ചിയിൽ പ്രത്യേക വാർത്താസമ്മേളനവും സിനിമയുടെ അണിയറപ്രവർത്തകർ വിളിച്ചു ചേർത്തിരുന്നു.

മമ്മൂട്ടി തന്റെ ഇഷ്ടപ്പെട്ട കറുത്തു കൂളിങ് ഗ്ലാസ് ധരിച്ചു കൊണ്ടു തന്നെയാണ് വാർത്താസമ്മേളനത്തിന് എത്തിയത്. ഭീഷ്മപർവ്വത്തിലെ മൈക്കിൾ താടിവെച്ചയാളാണെങ്കിൽ മമ്മൂട്ടി ഷേവ് ചെയ്തു സുന്ദരനായാണ് വാർത്താ സമ്മേളനത്തിനായി എത്തിയത്. സേതുരാമയ്യർ സിബിഐയിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിക്കുന്നത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കും അദ്ദേഹം ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

ഭീഷ്മപർവ്വം ക്ലാസ്സോ മാസ്സോ എന്ന ചോദ്യത്തിന് കാണുന്നവന്റെ ക്ലാസ് എന്നായിരുന്നു താരത്തിന്റെ മറുപടി. എല്ലാവരും കാണുക മാസാക്കുക എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്. ഭീഷ്മ പർവ്വത്തിലെ നായകൻ 'മൈക്കിൾ' ബിലാൽ ആകില്ലെന്നും അദ്ദേഹം ഉറപ്പു നൽകുന്നു. ബിലാലിന്റെ മാനറിസം വരാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നുവെന്നും മമ്മൂട്ടി വ്യക്തമാക്കി. അതേസമയം ഫാൻസ് ഷോ നടത്തുന്നതിനെ അനുകൂലിച്ചു കൊണ്ടുമാണ് താരം സംസാരിച്ചത്. പണ്ടും ഫാൻസിനായി സ്‌പെഷ്യൽ ഷോ ഉണ്ടായിരുന്നില്ല, പിന്നെ അതൊക്കെ പിള്ളേരുടെ സന്തോഷമല്ലേയെന്നും മമ്മൂട്ടി പറഞ്ഞു.

അമൽ നീരദിന്റെ മുൻകാല സിനിമകളിൽ നിന്നും കാലാനുശ്രുതമായ മാറ്റം ഈ സിനിമയിലും ഉണ്ടാകുമെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമ കണ്ടിരിക്കുമ്പോൾ മാറ്റങ്ങൾ വ്യക്തമാകും. കാലത്തിനൊപ്പം നീങ്ങിയാലേ നമുക്കും മുന്നോട്ടു പോകാൻ സാധിക്കൂവെന്നും മമ്മൂട്ടി വ്യക്തമാക്കി. കാണാൻ നിങ്ങളുണ്ടെങ്കിൽ എന്തു മാജിക്കിനും നമ്മളും തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.

ബിഗ് ബി പുറത്തിറങ്ങി 14 വർഷത്തിനു ശേഷം എത്തുന്ന അമൽ നീരദ്- മമ്മൂട്ടി ചിത്രം എന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണിത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിനും പാട്ടുകൾക്കുമൊക്കെ വൻ പ്രതികരണമാണ് ലഭിച്ചത്. 60 ലക്ഷത്തിലേറെ കാഴ്ചകളാണ് ടീസറിന് യുട്യൂബിൽ ഇതുവരെ ലഭിച്ചത്.

ബിഗ് ബിയുടെ തുടർച്ചയായ 'ബിലാലാ'ണ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ പ്രോജക്റ്റ് നീളുകയായിരുന്നു. പകരമാണ് ഭീഷ്മ പർവ്വം അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ടത്. അമൽ നീരദിനൊപ്പം ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. അഡീഷണൽ സ്‌ക്രിപ്റ്റ് രവിശങ്കർ, അഡീഷണൽ ഡയലോഗ്‌സ് ആർജെ മുരുകൻ.

ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിവേക് ഹർഷൻ, സംഗീതം സുഷിൻ ശ്യാം, വരികൾ റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈൻ സുനിൽ ബാബു, ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സമീറ സനീഷ്, സൗണ്ട് ഡിസൈൻ തപസ് നായക്, സ്റ്റണ്ട് ഡയറക്ടർ സുപ്രീം സുന്ദർ, അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി. ഡിസൈൻ ഓൾഡ് മങ്ക്‌സ്. പിആർഒ ആതിര ദിൽജിത്ത്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, നെടുമുടി വേണു, ജിനു ജോസഫ്, സുദേവ് നായർ, കെപിഎസി ലളിത, നദിയ മൊയ്തു, ലെന, ശ്രിന്ദ, വീണ നന്ദകുമാർ തുടങ്ങി വലിയ താരനിരയാണ് അണിനിരക്കുന്നത്.

അതേസമയം മറ്റു മൂന്ന് ശ്രദ്ധേയ പ്രോജക്റ്റുകൾ കൂടി മമ്മൂട്ടിയുടേതായി പുറത്തെത്താനുണ്ട്. നവാഗതയായ റത്തീനയുടെ പുഴു, ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം, എസ് എൻ സ്വാമി- കെ മധു ടീമിന്റെ സിബിഐ സിരീസിലെ അഞ്ചാം ചിത്രം എന്നിവയാണ് അവ. ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് പുഴു. സെൻസറിങ് നടപടികൾ ഇതിനകം പൂർത്തിയാക്കിയ ചിത്രത്തിന് കട്ടുകളൊന്നുമില്ലാത്ത യു സർട്ടിഫിക്കറ്റ് ആണ്. 'ഉണ്ട'യുടെ രചയിതാവ് ഹർഷദിന്റെ കഥയ്ക്ക് ഹർഷദിനൊപ്പം ഷർഫുവും സുഹാസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം പാർവ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കുന്ന ചിത്രം എന്ന നിലയിൽ വലിയ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. മോഹൻലാലിന്റെ ആറാട്ടിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി ചിത്രങ്ങളും തീയറ്ററുകളിലേക്ക് എത്തുമ്പോൾ അത് മലയാള സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ്വാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. തീയറ്റർ കപ്പാസിറ്റി നൂറു ശതമാനം ആക്കിയതും ഇനി വരുന്ന സിനിമകൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ്.