- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പനമ്പിള്ളി നഗറിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്ക് മാറിയ ഉടൻ കോവിഡും ലോക്ഡൗണും; പ്രോട്ടോകോൾ അനുസരിച്ച് വീട്ടിൽ ഇരുന്നത് 275 ദിവസം! ഒടുവിൽ പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ അമർന്നിരുന്ന് മറൈൻ ഡ്രൈവും കണ്ട് കല്ലൂർ സ്റ്റേഡിയത്തിന് മുന്നിൽ മധുരമില്ലാത്ത ചൂടു കട്ടൻ ചായ കുടി; ഒരു ദിവസം പോലും വീട്ടിലിരിക്കാത്ത മമ്മൂക്ക വീണ്ടും പുറത്തിറങ്ങുമ്പോൾ
കൊച്ചി: നാല് പതിറ്റാണ്ടയി മലയാള സിനിമയുടെ ചുറുചുറുക്കാണ് മമ്മൂട്ടി. വീട്ടിൽ ഇരിക്കാൻ പോലും പറ്റാത്ത അത്ര തിരക്കുകൾ. പക്ഷേ കോവിഡ് എല്ലാം മാറ്റി മറിച്ചു. 275 ദിവസമാണ് മമ്മൂട്ടി വീട്ടിൽ തന്നെ കഴിഞ്ഞത്. കഴിഞ്ഞ ദിവസം നീണ്ട 275 ദിവസത്തിനു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിന്റെ ഗേറ്റ് കടന്നു പുറത്തിറങ്ങി. 'വാക്സീൻ വന്നാലേ മമ്മൂക്ക സെറ്റിലെത്തൂ. അപ്പോൾ കോവിഡ് കഴിഞ്ഞതായി കരുതാം' എന്നാണു സിനിമാലോകം പറഞ്ഞിരുന്ന തമാശ. ഇനി വീണ്ടും സിനിമ കൂടുതൽ സജീവമാകും. മമ്മൂട്ടിയുടെ പുറത്തിറങ്ങൽ നൽകുന്ന സന്ദേശവും ഇതാണ്.
വെള്ളിയാഴ്ച സുഹൃത്തുക്കളായ സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ്, നടൻ രമേഷ് പിഷാരടി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, മേക്കപ്പ്മാൻ ജോർജ് എന്നിവർക്കൊപ്പം നഗരത്തിൽ സവാരി നടത്തിയായിരുന്നു മമ്മൂട്ടി നീണ്ടകാലത്തെ ലോക്ഡൗൺ ബ്രേക്ക് ചെയ്തത്. വീട്ടിൽ നിന്ന് പോളോ ജിടിയുടെ ഡ്രൈവിങ് സീറ്റിൽ എത്തി വണ്ടി മുന്നോട്ട് എടുത്തതും താരമായിരുന്നു. വീടിന് പുറത്തെ ലോകം ആസ്വദിച്ചുള്ള യാത്ര. കോവിഡിന്റെ ഭീതി നിലനിൽക്കുമ്പോഴും നാടും നഗരവും തിരക്കും ആൾക്കൂട്ടവും ആയി തുടങ്ങുകയാണ്. ഇതെല്ലാം ആസ്വദിച്ച് വണ്ടി ഓടിച്ച് മമ്മൂട്ടി മുമ്പോട്ട് നീങ്ങി.
കാർ മറൈൻ ഡ്രൈവിൽ എത്തി. കാഴ്ചകൾ എല്ലാം ആസ്വദിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പോസ്റ്റുകളിലും ഒപ്പമുണ്ടായിരുന്നവരോട് അഭിപ്രായം പറഞ്ഞു. വോട്ട് ചെയ്യുന്നത് മമ്മൂട്ടി മുടക്കാറില്ല. ഇത് കൂടി മനസ്സിൽ വച്ചാണ് ഇപ്പോഴത്തെ പുറത്തിറങ്ങൽ. മാർച്ചിൽ എറണാകുളത്തെ പുതിയ വീട്ടിലേക്കു മമ്മൂട്ടി താമസം മാറ്റിയ ഉടനെയായിരുന്നു കോവിഡ് ലോക്ഡൗൺ വന്നത്. അന്നുമുതൽ വീട്ടിൽനിന്ന് പുറത്തിറങ്ങാതെ പൂർണമായും ലോക്ഡൗൺ പ്രോട്ടോക്കോൾ പിന്തുടരുകയായിരുന്നു മമ്മൂട്ടി.
പിന്നെ കണ്ടെയ്നർ റോഡിലൂടെ പിഴലയിലെ പുതിയ പാലം കയറി വീണ്ടും ഇടപ്പള്ളിയിലേക്ക്. കലൂർ സ്റ്റേഡിയത്തിനു മുന്നിലെ കടയിൽ നിന്നു മധുരമില്ലാത്ത ചൂടു കട്ടൻചായയും താരം കുടിച്ചു. രമേഷ് പിഷാരടി, ആന്റോ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോവിഡ് ടെസ്റ്റ് കഴിഞ്ഞാണു മമ്മൂട്ടിക്കൊപ്പം മൂവരും കാറിൽക്കയറിയത്. ജനുവരിയിൽ മാത്രമാകും ഷൂട്ടിങ് ലൊക്കേഷനിൽ വണ്ടി ഓടിച്ച് മമ്മൂട്ടി എത്തുക. ഇതോടെ മലയാള സിനിമ കൂടുതൽ സജീവമാകും.
'പ്രീസ്റ്റ്' സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ടിങ് കഴിഞ്ഞു മാർച്ച് 5 നാണു മമ്മൂട്ടി വീട്ടിലെത്തിയത്. മാർച്ച് അവസാനവാരം ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടിലേക്ക് ഒതുങ്ങി. പനമ്പിള്ളി നഗറിലെ വീട്ടിൽ നിന്നു കടവന്ത്ര അമ്പേലിപ്പാടത്തെ പുതിയ വീട്ടിലേക്കുള്ള മാറിയ സമയത്തായിരുന്നു ഇത്. പുസ്തകങ്ങൾ വായിച്ചും സിനിമകൾ കണ്ടും കോവിഡു കാലം ആസ്വദിച്ചു. കഴിഞ്ഞ 275 ദിവസങ്ങൾക്കിടയിൽ വീട്ടിൽ നടത്തിയ നാലഞ്ചു പുസ്തക പ്രകാശന ചടങ്ങുകളിൽ മാത്രമാണ് മമ്മൂട്ടി പങ്കെടുത്തത്.
ജിമ്മിൽപ്പോകാനോ നടക്കാനോ പോലും പുറത്തിറങ്ങാതെ പൂർണ ഗൃഹവാസം. തെരഞ്ഞെടുപ്പിന്റെ ആവേശവും നടന്റെ മനസ്സിലുണ്ട്. ഏന്തായാലും പത്തിന് വോട്ട് ചെയ്യാൻ പോകും. ഈ സാഹചര്യത്തിലാണ് പതിയെ മമ്മൂട്ടി പൊതു ഇടത്ത് സജീവമായത്. കോവിഡ് ഭീതിയൊക്കെ മനസ്സിൽ നിന്ന് പൂർണ്ണമായും മാറി കഴിഞ്ഞു. കാഴ്ചകൾ കാണാൻ താരമെത്തുമ്പോൾ മലയാളിയും പൊതു ഇടങ്ങളിൽ സജീവമാണ്.
മലയാളത്തിലെ മറ്റൊരു സൂപ്പർ താരം മോഹൻ ലാൽ സിനിമയുടെ തിരക്കിലാണ്. ദൃശ്യം രണ്ട് കോവിഡുകാലത്തിന് ശേഷം പൂർത്തിയാക്കി. ഇപ്പോൾ പാലക്കാട് അടുത്ത സിനിമയുടെ തിരക്കിലും.
മറുനാടന് മലയാളി ബ്യൂറോ