- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപ് ചിത്രത്തെ ചൊല്ലി തർക്കത്തിന്റെ തുടക്കം; പിന്നീട് അപ്രഖ്യാപിത വിലക്ക് വന്നത് 'അഹങ്കാരി' എന്നറിയപ്പെട്ട വിനയനും; വിലക്ക് നീങ്ങിയതോടെ വിനയൻ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് ശബ്ദം നൽകി മോഹൻലാലും മമ്മൂട്ടിയും; ജയിക്കുന്നത് വിനയന്റെ വാശി തന്നെ
കൊച്ചി: സംവിധായകൻ വിനയന് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കായിരുന്നു ഏറെ നാൾ മലയാള സിനിമയെ അലട്ടിയ വിവാദം. സംഘടനകൾ തനിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയെന്നും ചലച്ചിത്ര നടീനടന്മാരെ തന്റെ ചിത്രങ്ങളിൽ അഭിനയിക്കുന്നതിൽ നിന്നു വിലക്കിയെന്നും ആയിരുന്നു വിനയന്റെ പരാതി. തുടർന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിനയന്റെ വിലക്ക് നീക്കുകയും സിനിമ രംഗത്തെ സംഘടനകൾക്ക് പിഴ ഈടാക്കുകയും ചെയ്തിരുന്നു. 'അമ്മ'യ്ക്കും 'ഫെഫ്ക'യ്ക്കും പിഴ ചുമത്തിയ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീലുകൾ നാഷനൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണൽ തള്ളുകയും ചെയ്തു.
നടൻ ദിലീപ് തന്റെ ചിത്രത്തിൽ നിന്ന് സംവിധായകൻ തുളസിദാസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് വിനയനും ചലച്ചിത്ര സംഘടനകളും തമ്മിലുള്ള തർക്കത്തിന്റെ തുടക്കം. തർക്കം രൂക്ഷമായതോടെ വിനയന്റെ ചിത്രങ്ങളുമായി സഹകരിക്കുന്നതിൽ നിന്ന് നടീനടന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും സംഘടനകൾ നിർബന്ധിച്ച് പിന്തിരിപ്പിച്ചെന്നായിരുന്നു ആരോപണം. വിനയന്റെ സിനിമകളുമായി സഹകരിച്ചവർക്കു വിലക്ക് ഏർപ്പെടുത്തുകയും കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. സിനിമ സംഘടനകളുടെ ഈ നടപടി വിപണിയിൽ മത്സരിക്കാനുള്ള തന്റെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ സമർപ്പിച്ച പരാതിയിൽ വിനയൻ ആരോപിച്ചിരുന്നു.
എന്തായാലും വിനയൻ പൂർവാധികം ശക്തിയോടെ മലയാള സിനിമയിൽ തിരിച്ചെത്തിയിരിക്കുകയാണ്. ശ്രീ ഗോകുലം മൂവിസിന്റെ വിനയൻ ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് സെപ്റ്റംബർ 8ന് തീയ്യേറ്ററുകളിലെത്തും. ഗോകുലം ഗോപാലൻ നിർമ്മിച്ച പാൻ ഇന്ത്യൻ മെ?ഗാ ബജറ്റ് ചിത്രം സാമൂഹിക പരിഷ്‌കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് പറയുന്നത്. സിജു വിൽസൺ ആണ് ആറാട്ടുപുഴ വേലായുധപ്പണിക്കരായി വേഷമിടുന്നത്. വിനയൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടത്. അഞ്ച് ഭാഷകളിലായി ഓണക്കാലത്ത് ചിത്രം തീയ്യേറ്ററുകളിലെത്തും. ഈ പശ്ചാത്തലത്തിൽ വിനയൻ ഏറ്റവും ഒടുവിൽ ഇട്ട കുറിപ്പാണ് ഇപ്പോൾ ചർച്ചാ വിഷയമാകുന്നത്.
മമ്മുട്ടിയും, മോഹൻ ലാലും പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നൽകിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു എന്നാണ് വിനയന്റെ അറിയിപ്പ്. മലയാള സിനിമാ മേഖലയിലെ തന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ തന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്മാരായ മഹാരഥന്മാർ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി അദ്ദേഹം രേഖപ്പെടുത്തി.
തന്നേടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെങ്കിലും തനിക്കവരോട് ഒരു ശത്രുതയുമില്ല, സ്‌നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ അവർ തന്നെ ദ്രോഹിച്ചിട്ടും താൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ എന്നും നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു എന്നും അദ്ദേഹം ചോദിച്ചു. വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകൾ ചെയ്തതും തീയറ്ററിൽ എത്തിച്ചതും വാശിയായിരുന്നെന്നും വിനയൻ പറഞ്ഞു. പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല എനന് പറഞ്ഞുകൊണ്ടാണ് വിനയൻ കുറിപ്പ അവസാനിപ്പിക്കുന്നത്.
വിനയന്റെ കുറിപ്പ്:
ഈ സ്‌നേഹം 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നു..ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്.. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹൻ ലാലും എന്റെ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നൽകിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു.. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിന്റെ ജിജ്ഞാസാഭരിതമായ വിവരണം മമ്മുക്ക നൽകുന്നു.. സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകൾ..
മലയാള സിനിമാ മേഖലയിലെ എന്റെ നിലപാടുകൾക്കോ, അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞു കൊണ്ടു തന്നെ എന്നോടും എന്റെ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പന്മാരായ ഈ മഹാരഥന്മാർ ഇപ്പോൾ കാണിച്ച സ്‌നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്‌നേഹാദരങ്ങളോടെ ഞാൻ അർപ്പിക്കട്ടെ..
മമ്മുക്കയും ലാലും ഡബ്ബിങ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് ഞാൻ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്.. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല.. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ?
എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്‌നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്.. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമ പരമായി കോടതിയിൽ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലുംചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു.. അതൊരു വാശി ആയിരുന്നു.. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല.. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു..
കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ.. ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല.. അത് നിങ്ങളുടെ മസ്തിഷ്‌കത്തിൽ വെറുപ്പിന്റെയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല..
നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാം.. അതിൽ എന്നെക്കാൾ കൂടുതൽ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളിൽ പലരും..യാതൊരു അവകാശ വാദങ്ങളും ഇല്ലാതെയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്. ഒരു മാസ്സ് എന്റർടെയിനർ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.. സെപ്റ്റംബർ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്.. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു..
മറുനാടന് മലയാളി ബ്യൂറോ