- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആശുപത്രിയിൽ ചികിൽസ തേടേണ്ട ലക്ഷണമൊന്നുമില്ല; ടിവി കാണലും വായനയുമായി വീട്ടിൽ ക്വാറന്റീൻ കാലം പൂർത്തിയാക്കാൻ മമ്മൂട്ടി; മെഗാ സ്റ്റാർ പൂർണ്ണ ആരോഗ്യവാൻ; ഏഴു ദിവസം കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കും; സിബിഐ അഞ്ചാം ഭാഗം ഷൂട്ടിങ് ഉടൻ തുടങ്ങും
കൊച്ചി: മമ്മൂട്ടി പൂർണ്ണ ആരോഗ്യവാൻ. കോവിഡ് ബാധിച്ച നടൻ അടുപ്പക്കാരുമായി ഫോണിൽ സംസാരിക്കുന്നുണ്ട്. മറ്റ് പ്രശ്നങ്ങളൊന്നുമില്ല. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ബാധിതനായെന്ന് മമ്മൂട്ടി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രാർത്ഥനകളുമായി ഫാൻസുകാരുമെത്തി.
നേരിയ പനിയല്ലാതെ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും നിലവിൽ വീട്ടിൽ ക്വാറന്റീനിലാണെന്നും താരം വ്യക്തമാക്കി. മാസ്ക് ധരിച്ച് പരമാവധി ശ്രദ്ധയോടെ എല്ലാവരും സുരക്ഷിതരായിരിക്കാനും മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. കോവിഡ് ബാധിതനായ താരത്തിന് ആശുപത്രിയിൽ ചികിൽസ തേടേണ്ട സാഹചര്യമൊന്നുമില്ല. ടിവി കണ്ടും പുസ്തക വായനയിലും ക്വാറന്റൈൻ കാലം കഴിക്കാനാണ് താരത്തിന്റെ തീരുമാനം.
'ആവശ്യമായ എല്ലാ മുൻകരുതലുകളും എടുത്തിരുന്നുവെങ്കിലും ഇന്നലെ എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചെറിയ പനി മാത്രമേയുള്ളു, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശപ്രകാരം ഞാൻ വീട്ടിൽ സ്വയം ഐസൊലേഷനിലാണ്. നിങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.മാസ്ക് ധരിക്കുക, പരമാവധി ശ്രദ്ധിക്കുക', മമ്മൂട്ടി കുറിച്ചു.
സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണ വേളയിൽ വച്ചാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സിനിമയുടെ ഷൂട്ടിങ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് കൃത്യമായ ജാഗ്രതയും കോവിഡ് മുൻകരുതലുകളും മമ്മൂട്ടി സ്വീകരിച്ചിരുന്നു. മമ്മൂട്ടിക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് സെറ്റിലുണ്ടായിരുന്ന മുഴുവൻ പേരും പരിശോധനയ്ക്ക് വിധേയരായി. അവർക്കാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല.
ഏഴു ദിവസം കഴിഞ്ഞാൽ മമ്മൂട്ടിയും ആർടിപിസിആർ പരിശോധന വീണ്ടും നടത്തും. അതിന് ശേഷം മമ്മൂട്ടിയുടെ ചീത്രീകരണത്തിൽ സജീവമാകും. രണ്ടു ദിവസം കൂടി ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടില്ലെങ്കിൽ സിനിമയുടെ ഷൂട്ടിങ് തുടങ്ങും. ബയോ ബബിൾ കൂടുതൽ സുശക്തമാക്കി ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതി. എസി റൂമിലെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് അടക്കം ചിത്രീകരണം നടക്കുകയാണ്. നിലവിൽ ആ ചിത്രവും ഷൂട്ടിങ് തുടരും.
ഓമിക്രോൺ ഭീതി സിനിമയേയും ബാധിച്ചേക്കും എന്ന് വ്യക്തമാക്കുന്നതാണ് മമ്മൂട്ടിയുടെ രോഗം. മോഹൻലാലിന്റെ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിന്റെ റീലീസിനെ അടക്കം കോവിഡ് ഭീതി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ഈ സിനിമ ഫെബ്രുവരിയിൽ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. കോവിഡ് ഭീതി മാറാതെ ആഗോള റിലീസ് സാധ്യമല്ലാത്ത സാഹചര്യത്തിലാണ് ഇത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഓമിക്രോണിൽ അതിവ്യാപനമാണ്. വിദേശത്തും ഇതു തന്നെയാണ് അവസ്ഥ. ഈ സാഹചര്യത്തിൽ ആറാട്ടിന്റെ ആഗോള റിലീസിന് അനുകൂല സാഹചര്യം ഇപ്പോഴില്ലെന്നാണ് വിലയിരുത്തൽ.
മമ്മൂട്ടിയുടെ പുഴുവും ഒടിടി റിലീസിനുള്ള സാധ്യതകൾ തേടുന്നുവെന്നാണ് റിപ്പോർട്ട്. നിവിൻ പോളിയുടെ തുറമുഖവും ഒടിടിയിലേക്ക് മാറിയേക്കും. എന്നാൽ പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം തിയേറ്ററിൽ എത്താനാണ് സാധ്യത. കോവിഡ് ഭീതി കൂടി നിയന്ത്രണങ്ങൾ കടുപ്പിച്ചാൽ പ്രണയവും ഒടിടിയിലേക്ക് പോകും. ഓമിക്രോൺ അതിശക്തമായി ആഞ്ഞടിച്ചാൽ തിയേറ്ററിൽ എത്തുന്നവരുടെ എണ്ണം കുറയും. ഏത് സമയത്തും സർക്കാർ നിയന്ത്രണങ്ങളും വരും. ഈ സാഹചര്യത്തിലാണ് ആറാട്ട് അടക്കമുള്ള സിനിമകളുടെ റിലീസിൽ അനിശ്ചിതത്വം എത്തുന്നത്. 50 ശതമാനം പേർക്ക് മാത്രമേ നിലവിൽ തിയേറ്ററുകളിൽ പ്രവേശനും അനുവദിക്കുന്നുള്ളൂ. എന്തുവന്നാലും ആറാട്ട് തിയേറ്ററിൽ ഇറങ്ങുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന ഉറപ്പ്.
നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് 'പുഴു'. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസർ നൽകുന്ന സൂചന. മമ്മൂട്ടിയും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും. സിൽ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോർജ്ജും നിർമ്മാണത്തിന്റെ ഭാഗമാകുന്നു. ഉണ്ടയ്ക്ക് ശേഷം ഹർഷാദും വൈറസിന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു.
മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആയി 'പുഴു' എത്തും എന്നാണ് സൂചന. ജനുവരിയിൽ തന്നെ പുഴു റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഒ.ടി.ടി. റിലീസ് ആണ് കൂടുതൽ നല്ലതെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുമായി അണിയറപ്രവർത്തകർ ചർച്ച നടത്തിയെന്നാണ് വിവരം. ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന ഭീഷ്മപർവ്വത്തിനു മുൻപ് പുഴു പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ആലോചന നടക്കുന്നത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. ചിത്രമായിരിക്കും പുഴു. കോവിഡ് ആഞ്ഞടിച്ചാൽ ഭീഷ്മ പർവ്വവും വൈകും.
നിവിൻപോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പുതുവർഷമായ ജനുവരി 20ന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് വ്യാപന സമയത്ത് തിയേറ്ററിൽ ആളെത്തുമോ എന്ന ചിന്ത അതിന്റെ അണിയറക്കാർക്കുമുണ്ട്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, പൂർണിമ ഇന്ദ്രജിത്, ദർശന രാജേന്ദ്രൻ, അർജുൻഅശോകൻ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഈ കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും ഇടയിൽ, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനിൽപിനും ഇടയിൽ, പ്രത്യാശക്കും നിരാശക്കും ഇടയിൽ ഉലയുന്ന രണ്ടു തലമുറകളുടെ കഥയാണ് തുറമുഖം. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് ചിത്രം നിമ്മിചിരിക്കുന്നത്. തിയേറ്റർ റിലീസ് വൈകാൻ സാധ്യത വന്നാൽ ഈ ചിത്രവും ഓടിടിയിലേക്ക് മാറും. അടുത്ത ആഴ്ച കേരളത്തിന് നിർണ്ണായകമാണ്. കോവിഡ് വ്യാപനം തുടർന്നാൽ തിയേറ്ററുകൾക്കും വീണ്ടും താഴു വീഴും.
മലയാള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രമാണ് 'ഹൃദയം'. ജനുവരി 21നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണുള്ളത്. സിനിമയിലെ ഗാനങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിലുൾപ്പെടെ വൈറലുമാണ്. പ്രണവിനെ കൂടാതെ കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. റിലീസ് തീയതി പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 11 കേന്ദ്രങ്ങളിൽ ഫാൻസ് ഷോകൾ ഹൗസ്ഫുള്ളാവുകയും ചെയ്തു.
ഈ സാഹചര്യത്തിൽ ഹൃദയം തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന സിനിമയാണിത്. മരക്കാറിൽ മോഹൻലാലിന്റെ ചെറുപ്പകാലവും പ്രണവ് അഭിനയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ