മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് ഇന്ന് 67-ാം പിറന്നാൾ. പ്രായംകൂടും തോറും ചെറുപ്പക്കാരനായി വരുന്ന സൗന്ദര്യ രാക്ഷസൻ ഓരോ പിറന്നാൾ കഴിയുമ്പോഴും മലയാളിക്ക് അത്ഭുതമായി മാറുകയാണ്. താരത്തിന് ആശംസകൾ നേർന്ന് ആസ്വാദക സിനിമാ ലോകവും, ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ആരാധകരും പിറന്നാൾ ദിനം ആഘോഷമാക്കുന്നു.

പ്രായം കൂടുംതോറും ചെറുപ്പത്തിന്റെ ചുറുചുറുക്ക് കൊണ്ട് എന്നും സിനിമാ ലോകത്തിന് അത്ഭുതമായി മാറുകയാണ് ഈ മഹാനടൻ. മലയാളത്തിന്റെ നിത്യഹരിത യൗവനത്തിന് ഇന്ന് ഒരു വയസ്സ് കൂടി കുറഞ്ഞു. 

വക്കീലുദ്യോഗം ഉപേക്ഷിച്ച് ആൾകൂട്ടത്തിൽ തനിയെ മമ്മൂട്ടി നടന്ന് കയറിയത് മലയാളിയുടെ മനസ്സുകളിലേക്കാണ്. ചന്തുവായും അംബേദ്കറായും വിസ്മയിപ്പിച്ചപ്പോൾ ബാലൻ മാഷായി ഈറനണിയിപ്പിക്കുകയും ബിലാലായി കോരിത്തരിപ്പിക്കുകയും ചെയ്തു മമ്മൂട്ടി.
മൂന്നൂറിലേറെ കഥാപാത്രങ്ങൾ. സംസ്ഥാന ദേശീയ പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങൾ. അതിനെല്ലാമപ്പുറം 30 വർഷത്തിലേറെയായി മലയാളിജീവിതത്തിൽ ഈ മനുഷ്യൻ നേടിയ ഇടമാണ് എന്നും ഈ താരത്തിന്റെ കരുത്ത്.