മലയാളിക്ക് ഒരേ ഒരു മെഗാ സ്റ്റാറേ ഉള്ളൂ. കുടുംബ പ്രേക്ഷകർക്ക് ഇപ്പോഴും മമ്മൂട്ടി തന്നെയാണ് താരം. തിയേറ്ററിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ടെലിവിഷൻ സ്‌ക്രീനിൽ മമ്മൂട്ടി സിനിമകൾ സൂപ്പറാണ്. അതുകൊണ്ട് തന്നെ നടന്റെ പ്രായമൊന്നും മലയാളിക്ക് പ്രശ്‌നമല്ല. അറുപത്തിമൂന്നിലും മമ്മൂട്ടി തന്നെയാണ് താരം. ഒരു പിടി ചിത്രങ്ങളാണ് മമ്മൂട്ടിക്കായി അണിയറയിൽ ഒരുങ്ങുന്നത്. ചിലത് പ്രദർശനത്തിന് തയ്യാറായി. ഷൂട്ടിങ്ങുകൾ പുരോഗമിക്കുന്നു. ഈ തിരിക്കകൾക്കിടയിലാണ് താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം. സിനിമയ്ക്ക് ദിശാബോധം നൽകാനുള്ള പ്രവർത്തനങ്ങളും അഭിനയുമെല്ലാമായി തിരക്കിന്റെ കാലമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്.

കുടുംബ സദസുകളെ കൈയിലെടുക്കാനായി എത്തിയ ഭാസ്‌കർ ദി റാസ്‌കൽ വലിയ വിജയമായില്ല. എങ്കിലും നിർമ്മാതാവിന് നഷ്ടവുമുണ്ടാക്കിയില്ല. സാറ്റലൈറ്റ് റൈറ്റിലൂടേയും മറ്റും നേട്ടമുണ്ടാക്ക3ാനും കഴിഞ്ഞു. രണ്ട് സിനിമകളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. ദൈവത്തന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന് ശേഷം മാർത്താണ്ഡൻ ഒരുക്കുന്ന മമ്മൂട്ടിയുടെ റംസാൻ ചിത്രമായ അച്ഛാദിൻ കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായികഴിഞ്ഞു. ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ ശ്രദ്ധ നേടിയ സംവിധായകൻ സലിം അഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പത്തേമാരിയാണ് മമ്മൂട്ടിയുടെ ഓണം റിലീസിലെ പ്രധാന ആകർഷണം. കമൽ സംവിധാനം ചെയ്യുന്ന ഉട്ടോപ്യയിലെ രാജാവാണ് ഓണത്തിന് പ്രതീക്ഷിക്കുന്ന മറ്റൊരു മമ്മൂട്ടി ചിത്രം. അങ്ങനെ ഇത്തവണ ഓണത്തിന് രണ്ട് ചിത്രങ്ങളുമായി മമ്മൂട്ടിയെത്തുമെന്നാണഅ സൂചന.

കൊച്ചിയിലെത്തിച്ചേരുന്ന ഒരു മറുനാടൻ തൊഴിലാളിയുടെ കേരളവുമായുള്ള ആത്മബന്ധത്തിന്റെ കഥപറയുന്ന ചിത്രമാണ് അച്ഛാദിൻ. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ തികച്ചും വ്യത്യസ്തമായൊരു വേഷമാണ് അച്ഛാദിന്നിലേത്. ഈ സൂപ്പർ താരത്തെ കാലങ്ങളായി നെഞ്ചിലേറ്റുന്ന ആരാധകർ അദ്ദേഹത്തിൽ നിന്നും പ്രതീക്ഷിക്കുന്ന മാനറിസങ്ങളുടെയും പ്രകടനങ്ങളുടെയും സമ്മേളനമായിരിക്കും ദുർഗ്ഗാപ്രസാദ് എന്ന കഥാപാത്രത്തിൽ കാണുക. പരമ്പരാഗത ഉത്തരേന്ത്യൻ ഗെറ്റപ്പ് ഈ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നാണ്. മാനസി ശർമ്മയെന്ന് മറുനാടൻ അഭിനേത്രിയാണ് മമ്മൂട്ടിയുടെ നായിക. സി വൈ എൻ സി പി എൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജാണ് അച്ഛാദിൻ നിർമ്മിക്കുന്നത്.

ആമേന്റെ തിരക്കഥാകൃത്ത് റഫീഖ് തിരക്കഥയൊരുക്കുന്ന ഉട്ടോപ്യയിലെ രാജാവിന്റെ ചിത്രീകരണം തിരുവനന്തപുരത്ത്് പുരോഗമിക്കുകയാണ്. ജുവൽ മേരിയാണ് ഈ ചിത്രത്തിലും മമ്മൂട്ടിയുടെ നായിക. കമൽ ചിത്രം പൂർത്തിയാക്കിയ ശേഷം ജൂലൈ മധ്യത്തോടെ പ്രൊഡക്ഷൻ കൺട്രോളർ ഡികസൺ പൊടുത്താസ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിലായിരിക്കും മമ്മൂട്ടി ജോയിൻ ചെയ്യുക. ഉദയ് അജയനാണ് ചിത്രത്തിന്റെ സംവിധായകൻ. ഇംഗ്ലണ്ടിലോ കാനഡയിലോ ആയിരിക്കും ചിത്രീകരണം. ലൊക്കേഷൻ സംബന്ധിച്ചും ഈ ആഴ്ച അവസാനത്തോടെ ധാരണയാകും.

ഓഗസ്റ്റ് അവസാനത്തോടെ രഞ്ജി പണിക്കരുടെ മകൻ നിധിൻ രഞ്ജിപണിക്കരുടെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും. നിധിൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിധിൻ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ താരനിരയും അണിയറപ്രവർത്തകരെയും ഇനിയും തീരുമാനിച്ചിട്ടില്ല. രഞ്ജി പണിക്കരും ആന്റോ ജോസഫും ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്. അതിന് ശേഷം ജോണി ആന്റണിയുടേയും ജമാലിന്റേയും ചിത്രങ്ങൾ. യുവ സംവിധായകർക്ക് അവസരം നൽകി പ്രോത്സാഹിപ്പിക്കുന്ന മെഗാ സ്റ്റാറിന്റെ രീതിയാണ് ഇവിടെ ദൃശ്യമാകുന്നത്.