കൊച്ചി: ഭീഷ്മപർവ്വം കുടുംബകഥയല്ല, കുടുംബങ്ങളുടെ കഥയാണെന്ന് മമ്മൂട്ടി.കൊച്ചിയിൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന മാധ്യമസമ്മേളനത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.എല്ലാ കഥാപാത്രങ്ങൾക്കും വേരുകളുണ്ട്, മമ്മൂട്ടി പറഞ്ഞു. ബിലാലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ടാണോ ഭീഷ്മയെന്ന ഒരു ചോദ്യത്തിനും മമ്മൂട്ടി മറുപടി പറയുകയുണ്ടായി. ഇത് വേറെ വെടിക്കെട്ടാണ്. കഥയുമായി ഒരു സാമ്യവുമില്ല. ചിലപ്പോൾ കഥാ പരിസരവുമായി ബന്ധമുണ്ടാകും. ബിഗ് ബിയിലെ പോലെ മട്ടാഞ്ചേരിയൊക്കെയാണ് ഈ ചിത്രത്തിന്റെയും ലൊക്കേഷൻ.

മൈക്കിളിനെ ബിലാൽ അല്ലാതാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ബിലാൽ വന്നാൽ അത് തീർത്തും വ്യത്യസ്തമായിരിക്കും, മമ്മൂട്ടി പറഞ്ഞു. മഹാഭാരതവുമായി 'ഭീഷ്മ പർവത്തിനും' ചില സാമ്യമങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.മഹാഭാരതത്തിന്റെ അടരുകളില്ലാത്ത സിനിമയോ നാടകമോ ഉണ്ടോ, ജീവിതത്തിലും മഹാഭാരതം റഫറൻസുകൾ വരാറില്ലേ, തീർച്ചയായും ഭീഷ്മപർവത്തിലും അതുണ്ട്. കൂടുതലൊന്നും ഇപ്പോൾ പറയുന്നില്ല, മമ്മൂട്ടി പറഞ്ഞു.

അമൽ നീരദ് എന്ന ക്രാഫ്റ്റ്മാനെകുറിച്ചും മമ്മൂട്ടി പറയുകയുണ്ടായി. അയാളുടെ കയ്യിൽ പുതുതായി എന്തെങ്കിലും പറയുവാനുണ്ടാകും. എന്നെക്കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യിക്കാനും ഉണ്ടാകും. 15 വർഷം കഴിഞ്ഞ് വരുമ്പോൾ എല്ലാ അപ്‌ഗ്രേഡേഷനുമുണ്ടാകും. എല്ലാത്തരത്തിലുമുള്ള പുതുക്കലുകളുമുണ്ട്. സിനിമ മാറി. പ്രേക്ഷകർ മാറി, ഡിജിറ്റൽ യുഗമായി, ഈ കാലത്തിന്റെ മാറ്റങ്ങളുമൊക്കെ സിനിമയിലുമുണ്ടാകും, താരം പറഞ്ഞു.