- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദന കടിച്ചമർത്തി ഷൂട്ടിങ് ലൊക്കേഷനിൽ പോയി; അമേരിക്കയിൽ ചികിത്സാ വേളയിൽ കഴിഞ്ഞത് തീർത്തും ഒറ്റയ്ക്ക്: കാൻസറിനോട് പൊരുതി ജീവിതം തിരികെ പിടിച്ച അനുഭവം മംമ്ത മോഹൻദാസ് പറയുന്നു..
തിരുവനന്തപുരം: കാൻസറിനോട് മനക്കരുത്തോടെ പൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തിത്വമാണ് നടി മംമ്ത മോഹൻദാസിന്റേത്. രണ്ട് തവണ കാൻസർ പിടികൂടിയിട്ടും മനക്കരുത്തോടെ അവർ ദുരിതകാലത്തെ അതിജീവിച്ചു. ടു കൺട്രീസ് എന്ന സിനിമയിലൂടെ അവർ വെള്ളിത്തിരയിലേക്കും എത്തി. ഇപ്പോൾ തീയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ തിരിച്ചുവരവ് ചിത്രം. സിന
തിരുവനന്തപുരം: കാൻസറിനോട് മനക്കരുത്തോടെ പൊരുതി ജീവിതം തിരികെ പിടിച്ച വ്യക്തിത്വമാണ് നടി മംമ്ത മോഹൻദാസിന്റേത്. രണ്ട് തവണ കാൻസർ പിടികൂടിയിട്ടും മനക്കരുത്തോടെ അവർ ദുരിതകാലത്തെ അതിജീവിച്ചു. ടു കൺട്രീസ് എന്ന സിനിമയിലൂടെ അവർ വെള്ളിത്തിരയിലേക്കും എത്തി. ഇപ്പോൾ തീയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ് ഈ തിരിച്ചുവരവ് ചിത്രം. സിനിമയുടെ വിജയത്തിന്റെ സന്തോഷത്തിനൊപ്പം തന്റെ അതിജീവന കഥയും മംമ്ത മോഹൻദാസ് പങ്കുവച്ചു. വിവാഹ ജീവിതത്തിൽ ഉണ്ടായ തകർച്ചയും അർബുദത്തെ ഒറ്റയ്ക്ക് നേരിട്ട കഥയും അവർ ഗൃഹലക്ഷ്മിക്ക് നൽകി അഭിമുഖത്തിൽ വ്യക്തമക്കി.
അമേരിക്കയിൽ താൻ പരീക്ഷണ ചികിത്സയ്ക്കാണ് വിധേയ ആയതെന്നും മംമ്ത പറയുന്നു.'ആ ഒന്നര വർഷത്തിനിടയിൽ ഒരുപാട് തീരുമാനങ്ങളെടുത്തു. എന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. നമ്മുടെ ജീവിതം പൂർണമാകാൻ ആഗ്രഹിക്കുമ്പോഴാണ് കമ്പാനിയൻഷിപ് വേണമെന്ന് തോന്നുന്നത്. ഞാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് ഒരു സപ്പോർട്ട് വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരുപാട് പിന്തുണ മാതാപിതാക്കളുടെ അടുത്തുനിന്നും കിട്ടുന്നുണ്ട്. അതുപോലെ എന്റെ ഫാമിലി മെമ്പേഴ്‌സിന്റെ സപ്പോർട്ടും ഉണ്ടായിരുന്നു. എന്റെ രോഗത്തെ കുറിച്ച് ഡോക്ടർ പറഞ്ഞത് രോഗം പൂർണമായും മാറാൻ സാധ്യതയില്ലെന്നാണ്. ഈ രോഗം കൺട്രോൾ ചെയ്യാൻ കഴിയും. ഒരുപക്ഷേ ഈ രോഗം തിരിച്ചുവന്നേക്കാം. സമയം പ്രോഗ്രസ് ചെയ്യുന്നുണ്ട്. റിസേർച്ച് പ്രോഗ്രസ് ചെയ്യുന്നുണ്ട്. മരുന്നുകൾ പ്രോഗ്രസ് ചെയ്യുന്നുണ്ട്. തിരിച്ചുവരവിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ടപ്പോൾ എല്ലാവരുമായി അകലം പാലിച്ചു. എന്റെ പേരന്റ്‌സ് ഉൾപ്പടെ. എനിക്ക് സ്വന്തം സന്തോഷം തോന്നുന്ന സമയത്ത് എന്റെ ഫാമിലിയുടെ അടുത്ത് തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു. നമ്മുടെ മനസ്സിന് ആരോഗ്യമില്ലെങ്കിൽ മനസ്സിനും ആരോഗ്യമില്ല. ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. ഞാൻ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും അടുത്തിരിക്കുമ്പോൾ അവരുടെ മുഖത്ത് സന്തോഷം മാത്രമേ കാണാൻ പറ്റുന്നുള്ളൂ'..മംമ്ത പറയുന്നു.
അമേരിക്കയിലെ ചികിത്സാ മാർഗ്ഗങ്ങളെ കുറിച്ചും മംമ്ത മനസു തുറന്നു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട ഡോ. നീൽ ശങ്കറാണ് തനിക്ക് സഹായിയായി മാറിയതെന്നും അവർ പറഞ്ഞു: രണ്ടു വർഷം മുമ്പ് ഫേസ്‌ബുക്കിലൂടെയാണ് ഡോ. നീൽ ശങ്കറെ ഞാൻ പരിചയപ്പെടുന്നത്. അദ്ദേഹം പാലക്കാട്ടുകാരനാണ്. ഏറെ കാലമായി സാൻഫ്രാൻസിസ്‌കോയിലാണ്. ഒരു ഹെൽത്ത് പ്രോഗ്രാമിൽ പങ്കെടുക്കാൻ വരാമോ എന്നു ചോദിച്ചാണ് ആദ്യം അദ്ദേഹം ബന്ധപ്പെടുന്നത്. പക്ഷേ, എനിക്ക് ആ പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. തുടർച്ചയായുള്ള ചികിത്സ എന്നെ ക്ഷീണിപ്പിച്ചിരുന്നു. തൊട്ടടുത്ത വർഷവും അതേ പരിപാടിക്ക് അദ്ദേഹം ക്ഷണിച്ചു. ഇത്തവണയും ഞാൻ ഒഴിവ് കഴിവ് പറഞ്ഞു. ശരീരം വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. സ്റ്റേജിൽ ആളുകളെ അഭിമുഖീകരിക്കാൻ പറ്റിയ മാനസികാവസ്ഥയിലല്ല ഞാൻ. അത് 'നൂറ' ചെയ്തു കഴിഞ്ഞ സമയമാണ്. സത്യത്തിൽ ആ സിനിമ ഞാൻ ചെയ്തതു തന്നെ കിടക്കയിൽ നിന്ന് എണീറ്റു നടക്കാനുള്ള മോഹം കൊണ്ടാണ്. അല്ലെങ്കിൽ അവശേഷിച്ച മനോധൈര്യം പോലും എനിക്ക് കൈമോശം വരുമായിരുന്നു.
എന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാക്കി ഡോ. നീൽ ശങ്കർ പറഞ്ഞു. മംമ്ത പരിപാടിയിൽ പങ്കെടുത്താൽ മതി. സ്റ്റേജിൽ കയറണമെന്നില്ല. വരുകയാണെങ്കിൽ നല്ലൊരു ഡോക്ടറുടെയടുത്ത് കൺസൾട്ടേഷന് ഞാൻ അവസരം ഉണ്ടാക്കിത്തരാം. അത് എനിക്കൊരു അവസരമായി തോന്നി. കുറഞ്ഞത് ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന ചികിത്സ ശരിയായ വഴിയിലൂടെ തന്നെയാണ് പോകുന്നത് എന്നെങ്കിലും മനസ്സിലാക്കാമല്ലോ.
തുണയില്ലാതെയായിരുന്നു എന്റെ അമേരിക്കൻ യാത്ര. ഡോ. നീൽ ശങ്കർ എനിക്കവിടെ ചിലരെ പരിചയപ്പെടുത്തിത്തന്നു. മലയാളിയായ ഉമ ആന്റിയുടെ വീട്ടിലാണ് ഞാൻ താമസിച്ചത്. എന്നിട്ട് പ്രോഗ്രാമിൽ പങ്കെടുത്തു. സ്റ്റാൻസ്‌ഫോർഡിലെ കൺസൾട്ടേഷനും പോയി. ഡോ. രഞ്ജൻ അധ്വാനിയാണ് പരിശോധിച്ചത്. ബ്രെന്റിക്‌സിമാബ് മരുന്നിനെക്കുറിച്ച് ഞാനദ്ദേഹത്തിൽ നിന്ന് മനസ്സിലാക്കി. അത് ഇന്ത്യയിൽ ഇറക്കുമതി ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ മൂന്നു മാസത്തെ മരുന്നിന് 60 ലക്ഷം രൂപ ചെലവ് വരും. ബ്രെന്റിക്‌സിമാബ് പകുതി കീമോയും പകുതി ഇമ്യൂൺ തെറാപ്പി രീതിയുമാണ്. അതുകൊണ്ട് സൈഡ് ഇഫക്ടിന് സാധ്യതയുണ്ട്. ഈ അറിവെല്ലാം നേടി ഒന്നരമാസത്തിനുശേഷം ഞാൻ യുഎസിൽ നിന്ന് ബഹ്‌റിനിലേക്ക് തിരിച്ചുപോയി.
ഇതിനിടെ രഞ്ജിത്ത് ശങ്കറിനോട് 'വർഷം' സിനിമ ചെയ്യാമെന്നേറ്റിരുന്നു. എന്റെ ആരോഗ്യാവസ്ഥ ഒന്നുകൂടി പരിശോധിച്ചിട്ട് 'വർഷ'ത്തിന്റെ സെറ്റിലേക്ക് പോകാം എന്നായിരുന്നു പ്ലാൻ. ഇതിനിടെ എനിക്ക് ചുമ തുടങ്ങി. 2009-ൽ ആദ്യം രോഗം വന്നപ്പോഴും ചുമയിലായിരുന്നു തുടക്കം. രണ്ടുദിവസം കഴിഞ്ഞപ്പോൾ കൈയ്ക്ക് ഭയങ്കര വേദന. അങ്ങനെ ചെന്നൈയിലേക്ക്. ആശുപത്രിയിലെത്തി സ്‌കാനെടുത്തു. റിസൾട്ട് വരുന്ന ദിവസം ഞാൻ തൃശ്ശൂരിൽ 'വർഷ'ത്തിന്റെ സെറ്റിൽ പോകേണ്ട ദിവസമാണ്. റിപ്പോർട്ട് കിട്ടി. പെൽവിക്ക് ഏരിയായിൽ എല്ലിനകത്തായി കറുത്ത കുത്തുകൾ. ഡോക്ടർ പെയിൻകില്ലർ കഴിക്കാൻ തന്നിരുന്നു. അന്നു രാത്രി ഉറങ്ങാൻ കിടന്നു. പിറ്റേന്ന് രാവിലെയാണ് തൃശ്ശൂരിൽ 'വർഷ'ത്തിന്റെ സെറ്റിൽ പോകാൻ. പുലർച്ചെ 4 മണിക്ക് ഭയങ്കര പുറംവേദന. പെയിൻ കില്ലർ കഴിച്ചിട്ടും ഒട്ടും കുറവില്ല. ബഹ്‌റിനിലുള്ള അച്ഛനെ വിളിച്ച് മോൾക്ക് തീരെ വയ്യ എന്നു പറഞ്ഞ് കരയുകയാണ് അമ്മ.
എനിക്കു വിഷമം രാവിലത്തെ യാത്ര മുടങ്ങുമോ എന്നതായിരുന്നു. ഞാൻ പോയില്ലെങ്കിൽ ഷൂട്ടിങ് മുടങ്ങും. അമ്മ പറഞ്ഞു, 'മോള് വിളിച്ച് രഞ്ജിത്ത് ശങ്കറോട് പറയൂ, വരാൻ പറ്റില്ലെന്ന്. അസുഖത്തിന്റെ കാര്യമൊക്കെ അവർക്കും അറിയുന്നതല്ലേ'. 'ഒരാഴ്ചത്തെ വർക്കേ എനിക്കുള്ളൂ. അതു ചെയ്‌തേ പറ്റൂ. എന്തു വേദന സഹിച്ചായാലും' ഞാൻ ഉറപ്പിച്ചു. ഒന്നൊന്നര മണിക്കൂർ കഴിഞ്ഞപ്പോൾ വേദന അൽപ്പം കുറഞ്ഞു. രാവിലെ എണീറ്റതും നേരെ എയർപോർട്ടിലേക്ക്. പറഞ്ഞ സമയത്തു തന്നെ തൃശ്ശൂരിലെ സെറ്റിലെത്തി.
പിറ്റേന്ന് പുലർച്ചെ ഹോട്ടൽ മുറിയിൽ വച്ചും തലേന്നുണ്ടായ അതേ വേദന വന്നു. ഒരു കാര്യം മനസ്സിലായി ചികിത്സ ഇനിയും വൈകരുത്. പക്ഷേ, ഷൂട്ടിംഗിന് വന്നിട്ട് അത് തീരും മുമ്പേ പോകുന്നതും ശരിയല്ല. ഒരാഴ്ചത്തെ പ്രശ്‌നമല്ലേയുള്ളൂ. അതിനിടയിൽ സംഭവിക്കുന്നത് സംഭവിക്കട്ടെ. സെറ്റിൽ എല്ലാവർക്കുമുന്നിലും ചിരിച്ച മുഖവുമായി ഞാൻ നിന്നു. പക്ഷേ, കാരവനിലെത്തുമ്പോൾ കാണുന്നത് കരഞ്ഞുകലങ്ങിയ മുഖവുമായി ഇരിക്കുന്ന അമ്മയെയാണ്. അതു കാണുമ്പോൾ ഞാനും കരയും. ഷോട്ട് റെഡി എന്ന വിളി കേൾക്കുമ്പോൾ കണ്ണുകൾ തുടച്ച് ചിരിച്ച് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. ഷൂട്ടിങ് തീരുന്നതുവരെ ബാക്ഗ്രൗണ്ടിൽ, അതായത് കാരവനിലും ഹോട്ടൽ മുറിയിലും നടന്ന കാര്യങ്ങളൊന്നും സെറ്റിൽ ഒരാൾപോലും അറിഞ്ഞില്ല.
ഇതിനിടയിൽ തന്നെ ചികിത്സയെക്കുറിച്ച് യുഎസിലെ ഡോ. നീൽ ശങ്കറുമായി ഞാൻ സംസാരിച്ചു തുടങ്ങിയിരുന്നു. അപ്പോഴാണ് അദ്ദേഹത്തിൽ നിന്ന് പുതിയൊരു അറിവ് എനിക്ക് കിട്ടുന്നത്. അമേരിക്കയിൽ കാൻസർ ചികിത്സാരംഗത്ത് ചില പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. പക്ഷേ, ഗ്യാരണ്ടിയൊന്നും പറയാൻ പറ്റില്ല. വേണെമങ്കിൽ ട്രൈ ചെയ്യാം അദ്ദേഹം പറഞ്ഞു. എന്നാൽ നടക്കട്ടെ ഒരു പരീക്ഷണം എന്റെ ശരീരത്തിലും, ഞാൻ തീരുമാനിച്ചു. ഡോ. നീൽ ശങ്കർ തന്നെ കാര്യങ്ങൾ വേഗത്തിലാക്കി. ഷൂട്ടിങ് തീർന്നതും ഞാൻ നേരെ യുഎസിലേക്ക് പറന്നു, തനിയെ.
യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ചലസ് വലിയ മെഡിക്കൽ സ്‌ക്കൂളാണ്. ഇവിടെയാണ് കാൻസർ ചികിത്സയിൽ പരീക്ഷണങ്ങൾ നടക്കുന്നത്. ആദ്യം എലിയിലും പിന്നെ ചിമ്പാൻസിയിലും നടത്തി വിജയിച്ച ചികിത്സ ഇനി മനുഷ്യരിലാണ് പരീക്ഷിക്കേണ്ടത്. ശരിക്കും പറഞ്ഞാൽ ഇതൊരു ്രടയലാണ്. വിജയിക്കാം പരാജയപ്പെടാം. ഞാൻ മറ്റൊന്നും ചിന്തിച്ചില്ല. ട്രയൽ മെഡിസിൻ സ്വീകരിക്കാൻ റെഡി. ഈ ചികിത്സ മുഴുവനായി ഇമ്മ്യൂണോ തെറാപ്പിയാണ്. കീമോ ഏജന്റ് ഇതിലില്ല. നിബിലുമാബ് എന്നാണ് മരുന്നിന്റെ പേര്. ഓപ്ഡിവോ എന്നാണ് മാർക്കറ്റ് നെയിം. ഈ മരുന്നിന്റെ ട്രയലിന് വിധേയമാകുന്ന ആദ്യ ഇന്ത്യൻ ഞാനാണ്.
മരുന്നിന്റെ ആദ്യ ഡോസ് എടുത്ത് ദിവസം അസഹ്യമായ വേദനയായിരുന്നു. പ്രതീക്ഷകൾ അസ്ഥാനത്താവുകയാണോ എന്നു തോന്നി. വേദന കടിച്ചമർത്തി ഞാൻ ആ രാത്രി കഴിച്ചുകൂട്ടി. അത്ഭുതമെന്നു പറയട്ടേ പിറ്റേന്നുതൊട്ട് വേദന എെന്നാരു സംഭവം എനിക്കുണ്ടായിട്ടില്ല. ആദ്യ ഡോസ് കഴിഞ്ഞ് ഓരോ അഞ്ചാഴ്ച കൂടുമ്പോഴും എനിക്ക് സ്‌കാനിങ് ഉണ്ടായിരുന്നു. ഓരോ സ്‌കാനിംഗിലും മനസ്സിലാകുന്നത് കാൻസർ കലകൾ കുറഞ്ഞു കുറഞ്ഞു വരുന്നു എന്നാണ്. അവസാനമെടുത്ത സ്‌കാനിൽ കലകൾ തീരെയില്ല. ഇപ്പോൾ ഞാൻ രണ്ടാംഘട്ട പരീക്ഷണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് എത്ര ഡോസ് മരുന്നിൽ രോഗനിയന്ത്രണം സാധിക്കും എന്ന് കണക്കാക്കാനുള്ള കാലയളവാണിത്. അതുകൂടി അറിഞ്ഞ ശേഷമേ എത്രകാലം മരുന്ന് എടുക്കേണ്ടി വരുമെന്ന് പറയാൻ പറ്റൂ. പങ്കിലും ഈ ചികിത്സ വിജയിക്കും എന്ന വിശ്വാസം എനിക്കും പരീക്ഷണം നടത്തുന്നവർക്കും ഉണ്ടായിട്ടുണ്ട്.
പൊതുവേ കാൻസർ ചികിത്സയ്ക്ക് വിധേയമാകുന്ന ഒരാൾ എന്നു പറയുമ്പോൾ ആരുടേയും മനസ്സിൽ വരുന്നത് മുടി കൊഴിഞ്ഞ്, തൊലിപ്പുറത്ത് കരുവാളിപ്പുകൾ വന്ന്, ക്ഷീണിച്ച ഒരു രൂപമാണ്. മംമ്തയ്ക്ക് ഇതൊന്നുമില്ല.
ഈ മരുന്ന് എന്നെ ചികിത്സിക്കുക മാത്രമല്ല, എന്റെ ആരോഗ്യത്തെ തിരിച്ചുകൊണ്ടു വരുക കൂടിയാണ് ചെയ്തത്. എന്റെ മുടി കൊഴിഞ്ഞില്ല. കൂടുതൽ വളർന്നിട്ടുമുണ്ട്. കിടക്കയിൽ നിന്ന് എണീക്കാൻ പെയിൻ കില്ലർ കഴിക്കേണ്ടി വന്നിരുന്ന എനിക്കിപ്പോൾ വ്യായാമം ചെയ്യാനുള്ള ആരോഗ്യം കിട്ടി. യുഎസിലെ ഫ്ളാറ്റിൽ ഞാനൊറ്റയ്ക്കാണ്. അവിടുത്തെ എല്ലാ പണിയും ഞാനാണ് ചെയ്യുന്നത്. ഇത് ഒരു വെല്ലുവിളിയായിരുന്നു. ഞാൻ മാനസികമായി ശക്തമായിരുന്ന കാലത്തും, നിനക്കൊന്നും സാധിക്കില്ല എന്നു പറഞ്ഞു വേദനിപ്പിച്ച ചിലരുണ്ട്, വേണ്ടപ്പെട്ടവർ. അച്ഛനേയും അമ്മയേയുമല്ല ഉദ്ദേശിക്കുന്നത്. അവരോട് ഞാനിതാ പറയുന്നു, ഐ ആം കേപബിൾ, ഐ ആം ഇൻഡിപെൻഡന്റ്, ഐ ആം സ്‌ട്രോംഗ്. ഈ രോഗാവസ്ഥയിൽ നിന്ന് ഞാൻ മനസ്സിലാക്കിയ പാഠം, ഇങ്ങനെയൊരു അസുഖം വരുമ്പോൾ കുടുംബത്തിനു പോലും നമ്മളെ മടുക്കും. ആ സമയം അച്ഛനും അമ്മയും കൂടെനിന്നേക്കാം. പക്ഷേ, നമ്മൾ അവരെപ്പോലും ആശ്രയിക്കാതെ നിൽക്കണം- മം്മത വ്യക്തമാക്കുന്നു..