ന്യൂഡൽഹി: പ്രതിപക്ഷത്ത് കോൺഗ്ര്‌സ ഒറ്റപ്പെടുകയാണ്. ബിജെപിക്കെതിരെ ബദലാകാൻ കോൺഗ്രസിന് കഴിയില്ലെന്ന വിലയിരുത്തലിലാണ് ഇത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചടുലമായ നീക്കങ്ങൾ ഇതിന് കാരണമാകുകയാണ്. തിങ്കളാഴ്ച ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് വിളിച്ചുചേർക്കുന്ന ഒരു യോഗത്തിലും തൃണമൂൽ കോൺഗ്രസ് പങ്കെടുക്കില്ല. പാർട്ടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രതിപക്ഷത്തിന്റെ ദേശീയ നേതാവായി മമത മാറുകയാണ്.

നോർത്ത് ഈസ്റ്റിലും ഗോവ പോലുള്ള സംസ്ഥാനങ്ങളിലും പിടിമുറുക്കി കരുത്ത് കാട്ടാനാണ് മമതയുടെ തീരുമാനം. കോൺഗ്രസിന് ബദലൊരുക്കുന്ന പ്രതിപക്ഷ പാർട്ടിയായി തൃണമൂൽ മാറും. ഇതിന്റെ ഭാഗമാണ് കോൺഗ്രസുമായുള്ള നിസ്സഹകരണം. ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടും ബിജെപിയോടുമാണ് തൃണമൂൽ കോൺഗ്രസ് മത്സരിക്കുന്നത്. അതിനാൽ കോൺഗ്രസുമായി ഏതെങ്കിലും രീതിയിലുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് തൃണമൂലിന്റെ ഗോവ ഘടകം ആവശ്യപ്പെട്ടതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ.

എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസിലെ അസംതൃപ്തരെ തൃണമൂലിലേക്ക് അടുപ്പിക്കാനാണ് മമതയുടെ ശ്രമം. യൂത്ത് കോൺഗ്രസിൽ രമേശ് ചെന്നിത്തല ദേശീയ പ്രസിഡന്റായിരുന്നപ്പോൾ ഒപ്പം പ്രവർത്തിച്ച സെക്രട്ടറിയായിരുന്നു മമത. രാഹുൽ ഗാന്ധിയിൽ പ്രതീക്ഷ നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ഉറ്റു നോക്കുന്നത് മമതയെ ആണെന്നതാണഅ വസ്തുത. ആ സാഹചര്യത്തിൽ കോൺഗ്രസിനെ മൊത്തത്തോടെ വിഴുങ്ങി മമതാ കൊടുങ്കാറ്റ് തുടരുമ്പോൾ കേരളത്തിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വരെ ഒപ്പം ചേരുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിശാല പ്രതിപക്ഷത്തിന്റെ നേതാവായി മമത ഉയർന്നു വരുന്നുവെന്നതാണ് യാഥാർത്ഥ്യം.

തിങ്കളാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തന്റെ ചേംബറിൽ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും യോഗം വിളിച്ചിട്ടുണ്ട്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിലുണ്ടായ ഐക്യത്തിന്റെ വിജയമാണ് ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസിന് പ്രേരണയായത്. ഇതിനെ പൊളിക്കാനാണ് മമതയുടെ നീക്കം. പ്രശാന്ത് കിഷോറിന്റെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നിൽ. കോൺഗ്രസിനെ വെട്ടിയൊതുക്കി മമത സ്വയം നേതാവായി വളരുകയാണ്.

തങ്ങളുടെ പാർട്ടിയെ ദുർബലപ്പെടുത്തി തൃണമൂൽ ബിജെപിയെ സഹായിക്കുകയാണെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിജെപിയെ എങ്ങനെ നേരിട്ടുവെന്ന് എല്ലാവരും കണ്ടതിനാൽ തങ്ങളെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ലെന്ന് തൃണമൂൽ നേതാക്കൾ പറയുന്നു. യോഗത്തിൽനിന്ന് തൃണമൂൽ കോൺഗ്രസ് വിട്ടുനിൽക്കുന്നത് യു.പി.എയുടെ ഭാഗമല്ലാത്ത ആം ആദ്മി പാർട്ടി, സമാജ് വാദി പാർട്ടി തുടങ്ങിയ പാർട്ടികളെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചേക്കാം. ഇത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ തലവേദനയാണ്.

കഴിഞ്ഞ സമ്മേളനത്തിൽ, ബഹുജൻ സമാജ് പാർട്ടി ഒഴികെയുള്ള മിക്ക പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരന്നിരുന്നു. ഭിന്നതകൾ മറികടന്ന് പെഗസ്സസ് വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി നിന്ന് പാർലമെന്റ് സ്തംഭിപ്പിച്ചിരുന്നു. ഗോവയിലും മേഘാലയയിലും കോൺഗ്രസ് നേതാക്കളെ പാർട്ടിയിലേക്ക് എത്തിക്കാൻ തൃണമൂലിന് കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ അടിത്തറയിൽ തൃണമൂൽ വലിയ വിള്ളലാണ് വരുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് പ്രതിപക്ഷ ഐക്യം സംബന്ധിച്ചുള്ള ചർച്ചകളെന്നുള്ളതും ശ്രദ്ധേയമാണ്.

മേഘാലയയിലെ 17 കോൺഗ്രസ് എംഎ‍ൽഎമാരിൽ 12 പേരോളം മമതയുടെ പാർട്ടിയിൽ ചേർന്നതായാണ് സൂചനകൾ. അസം, ഗോവ, ഉത്തർപ്രദേശ്, ബിഹാർ, ഹരിയാണ എന്നിവിടങ്ങളിലും കോൺഗ്രസിന്റെ ചെലവിൽ തൃണമൂൽ കോൺഗ്രസ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ഇതേ മാതൃകയിൽ കേരളത്തിലും മമത ഇടപെടലിന് ശ്രമിക്കും. ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും രാഹുൽ ഗാന്ധിയുമായി പൂർണ്ണമായും ഇടഞ്ഞു നിൽക്കുകയാണ്. ഈ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മമത ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പഞ്ചാബിൽ അമരീന്ദർ സിംഗിനേയും അടുപ്പിക്കാൻ മമത ശ്രമിക്കുന്നുണ്ട്.

കോൺഗ്രസിലെ ജനകീയരായ നേതാക്കളെല്ലാം രാഹുലിനോട് ഇടഞ്ഞു നിൽക്കുകയാണ്. ഇതിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി ബിജെപി വിരുദ്ധ കൂട്ടായ്മയാണ് മമതയുടെ ലക്ഷ്യം. എൻസിപി അടക്കമുള്ള പാർട്ടികൾ ഇക്കാര്യത്തിൽ മമതയെ പിന്തുണയ്ക്കുമെന്നാണ് സൂചന.