രജനികാന്ത് നായകനായ കുചേലൻ എന്ന സിനിമയിൽ തനിക്ക് ആകെ ഒരു ഷോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വലിയ വിഷമമുണ്ടാക്കിയ സംഭവമായിരുന്നുവെന്നും വ്യക്തമാക്കി നടി മംമ്ത മോ​ഹൻദാസ്. മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് മംമ്ത തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ് തുറന്നത്. ‘വിഷമത്തോടെയാണ് സെറ്റിൽ നിന്നും പോവേണ്ടിവന്നത്. എന്നാൽ രജനി സാറിനോട് വലിയ ബഹുമാനം തോന്നിയ സംഭവമായിരുന്നു അത്. ഞാൻ വിഷമിച്ചാണ് പോയതെന്ന് അണിയറപ്രവർത്തകർ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനെത്തുടർന്ന് അദ്ദേഹം എന്നെ ഫോണിൽ വിളിച്ച് ക്ഷമിക്കണം എന്നെല്ലാം പറഞ്ഞു', മംമ്ത പറയുന്നു. അന്നൊക്കെ പൊളിറ്റിക്കൽ കറക്ട്‌നെസ്സ് നോക്കുന്ന ആളായിരുന്നു താനെങ്കിൽ കുചേലനിൽ അഭിനയിക്കുമായിരുന്നില്ലെന്നും മംമ്ത പറഞ്ഞു.

മറ്റ് സിനിമാ അനുഭവങ്ങൾ പങ്കുവെക്കുന്നതിനിടയിൽ മംമ്ത മമ്മൂട്ടിയെക്കുറിച്ചും പറഞ്ഞു. വ്യക്തിപരമായി മമ്മൂട്ടിയെ വലിയ ഇഷ്ടമാണ് എന്നാണ് നടി പറഞ്ഞത്. നേരത്തേ സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകൾ വിവാദമായിരുന്നു.
തനിക്ക് ഇതുവരെ വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അതിനാൽ അത് ഉണ്ടെന്ന് തോന്നിയിട്ടില്ലെന്നുമാണ് മംമ്ത പറഞ്ഞിരുന്നത്. ആർ.ജെ മൈക്കുമായുള്ള അഭിമുഖത്തിലാണ് മംമ്ത ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

ഇതുവരെയില്ലാത്ത ഒരു സ്ത്രീശാക്തീകരണം കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എങ്ങനെ ഉണ്ടായി എന്ന് അറിയില്ലെന്നും അഭിമുഖത്തിൽ മംമ്ത പറയുന്നു. തന്നെ തന്റെ അച്ഛൻ ആൺകുട്ടിയെ വളർത്തുന്നതുപോലെയാണ് വളർത്തിയതെന്നും അതിനാൽ ചെറുപ്പത്തിലൊന്നും വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും നടി അഭിപ്രായപ്പെട്ടു. ‘സ്ത്രീകൾ എന്തിനാണ് എപ്പോഴും പരാതിപ്പെടുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, നിങ്ങൾക്കിഷ്ടമുള്ളതെല്ലാം നിങ്ങൾ ചെയ്യൂ എന്നാണ് എല്ലാ പെൺകുട്ടികളോടും എനിക്ക് പറയാനുള്ളത്', മംമ്ത പറഞ്ഞു.