കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ലഹരിമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ, യുവതിക്കു മാരക ലഹരിമരുന്നായ എംഡിഎംഎ എത്തിച്ചുകൊടുത്ത സംഘത്തിൽപെട്ട യുവാവ് അറസ്റ്റിൽ. കോഴിക്കോട് പന്തീരാങ്കാവ് പാലാഴി ഭാഗത്തെ സരോവരം വീട്ടിൽ ശ്യാം റോഷ് (25) ആണ് അറസ്റ്റിലായത്.

പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കൽ സുനിൽ വർഗീസിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഭാര്യയും വണ്ടന്മേട് മുൻ പഞ്ചായത്തംഗവുമായ സൗമ്യ ഏബ്രഹാം (33), കൊല്ലം കുന്നത്തൂർ മൈനാകപ്പള്ളി വേങ്ങകര റെഹിയാ മൻസിലിൽ എസ്.ഷാനവാസ് (39), കൊല്ലം കോർപറേഷൻ മുണ്ടയ്ക്കൽ അനിമോൻ മൻസിലിൽ എസ്.ഷെഫിൻഷാ (24) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഷെഫിൻഷായ്ക്ക് എംഡിഎംഎ എത്തിച്ചുനൽകിയതിനാണു ശ്യാം റോഷിനെ വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

സിപിഒ ടിനോജ്, ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാൻസാഫിലെ അംഗങ്ങളായ മഹേശ്വരൻ, ജോഷി, ടോം സ്‌കറിയ എന്നിവരാണു പൊലീസ് സംഘത്തിലുണ്ടായിരുന്നത്. സുനിലിന്റെ സ്‌കൂട്ടറിൽ ലഹരിമരുന്നു വച്ചിട്ട് പൊലീസിനു വിവരം കൊടുക്കുകയും അറസ്റ്റ് ചെയ്യിക്കുകയുമായിരുന്നു. സുനിലിന് ഇതുമായി ബന്ധമില്ലെന്നു മനസ്സിലാക്കിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഭാര്യ അടക്കമുള്ളവർ പിടിയിലായത്.