തിരുവനന്തപുരം: ബാലികമാരെ പീഡിപ്പിക്കുന്നത് പതിവാക്കിയ ടിപ്പർ ഡ്രൈവർ ഒടുവിൽ പൊലീസിന്റെ പിടിയിലായി. നെയ്യാറ്റിൻകര മേലന്നൂർക്കോണം സ്വദേശിയായ രാജേഷ് എന്ന ടിപ്പർ ഡ്രൈവറാണ് ഇന്നലെ തിരുവനന്തപുരം മാരായമുട്ടം പൊലീസിന്റെ പിടിയിലായത്. അയൽവാസിയായ ബാലികയെ പീഡിപ്പിച്ച ശേഷം ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായത്തോടെ ഒളിവിൽ കഴിയുകയായിരുന്ന രാജേഷിനെയാണ് പൊലീസ് സംഘം പിടികൂടിയത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന അയൽവാസിയായ ഏഴ് വയസ്സുകാരിയെ രാജേഷ് മദ്യ ലഹരിയിൽ പീഡിപ്പിച്ചുവെന്ന് പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. ഇയാൾ സ്ഥിരം മദ്യപാനിയാണെന്നും പൊലീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.

കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിസംബർ 17ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുകയായിരുന്നു പെൺകുട്ടി, ഈ സമയത്ത് മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. മദ്യപിച്ച് വീട്ടിലുണ്ടായിരുന്ന രാജേഷ് കുട്ടിയെ കാണുകയും പിന്നീട് പ്രലോഭിപ്പിച്ച് വീടിനുള്ളിലേക്ക് കൊണ്ട് പോവുകയായിരുന്നു. പിന്നീട് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തു.ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയോടു രക്ഷിതാക്കൾ വിവരം ആരാഞ്ഞപ്പോഴാണു രാജേഷിന്റെ ക്രൂരകൃത്യത്തെപ്പറ്റി കുട്ടിയുടെ വെളിപ്പെടുത്തൽ. സ്‌കൂളിലെ അദ്ധ്യാപികമാരും പിന്നീട് വിശദമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുകയും ചെയ്തു.

വീട്ടിൽ ആരും ഇല്ലാതിരുന്ന നേരത്ത് മുറ്റത്തു തനിയെ കളിച്ചു നിൽക്കുകയായിരുന്ന ഏഴു വയസ്സുകാരിയെ പ്രലോഭിപ്പിച്ച് അനുനയത്തിൽ കൂട്ടിക്കൊണ്ടുപോയി എന്ന വിവരം കുട്ടിയുടെ വീട്ടുകാരിൽ വലിയ ഞെട്ടലുണ്ടാക്കി. സ്‌കൂൾ അധികൃതരാണ് അയൽവാസിയുടെ ക്രൂരകൃത്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചത് പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷം പൂജപ്പുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

പീഡനത്തിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരും പൊലീസും ഇടപെട്ടുവെന്നറിഞ്ഞ രാജേഷ് ഉടൻ തന്നെ ഒളിവിൽ പോവുകയും ചെയ്തിരുന്നു.ടിപ്പർ ഡ്രൈവറായ ഇയാൾ കോട്ടക്കലിലെ പാറമടയിൽ ഒളിവിൽ കഴിഞ്ഞിരുന്നു. പൊലീസിന് ഇതിനെക്കുറിച്ച് വിവരം ലഭിക്കുകയും ചെയ്തു. ചില രാഷ്ട്രീയ നേതാക്കളുടേയും മറ്റൊരു പാറമട ഉടമയുടേയും സഹായത്തോടെയാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. രാജേഷിനെ ഇന്നലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തപ്പോൾ നേരത്തേ ഒൻപതു വയസ്സുകാരിയെയും ഇയാൾ പീഡിപ്പിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. തുടർന്നു പോക്സോ നിയമ പ്രകാരം കേസെടുത്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.