കൊല്ലം: കൊല്ലത്തെ ടോൾ പ്ലാസയിൽ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി പൊലീസ് പിടിയിൽ. വർക്കല കൂനുവിള പുത്തൻവീട്ടിൽ ലജിത്ത് ലെനിൽ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഉപയോഗിച്ചിരുന്ന കാർ വർക്കലയിലുള്ള സുഹൃത്തിന്റെ ഹോംസ്റ്റേയുടെ പുറകിൽ നിന്നും പൊലീസ് കണ്ടെടുത്തു. ഫോൺ ട്രെയിസ് ചെയ്താണ് പൊലീസ് പ്രതിയെ പിടികൂടിയത്.

നാവായിക്കുളത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ലഞ്ജിത്തിന് ഒപ്പം കാറിൽ ഉണ്ടായിരുന്ന സുഹൃത്തായ അഭിഭാഷകൻ ഷിബുവിനെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ടോൾ പ്ലാസയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് ബോധ്യപ്പെട്ടതോടെ ഷിബുവിനെ ചോദ്യം ചെയ്തു വിട്ടു.

ഓഗസ്റ്റ് 11 നാണ് സംഭവമുണ്ടായത്. ടോൾ നൽകാതെ എമർജൻസി ഗേറ്റിലൂടെ കടന്നു പോകുന്നത് ജീവനക്കാരൻ ചോദ്യം ചെയ്തതതോടെയാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ പ്രതി, ജീവനക്കാരന്റെ ഷർട്ടിൽ പിടിച്ച് ഏറെ ദൂരം വലിച്ചിഴച്ചു. കൈക്കും കാലിനും ഗുരുതരമായി പരുക്കേറ്റ് റോഡിൽ കിടന്ന അരുണിനെ മറ്റു ജീവനക്കാർ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ടോൾ പ്ലാസയിൽ നിന്നു സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചാണ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ ഡ്രൈവർ അരുണിനെ ആക്രമിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

പ്രതി ആലപ്പുഴയിൽ പോയി മടങ്ങി വരും വഴിയാണ് യുവാവിനെ മർദിച്ചത്. കാവനാട് ഭാഗത്തു നിന്നു മേവറം ഭാഗത്തേക്ക് പോയ കാർ ടോൾ പ്ലാസയിലെ എമർജൻസി ഗേറ്റ് വഴി ടോൾ കൊടുക്കാതെ കടന്നു പോകുവാനാണ് ശ്രമിച്ചത്. ഇത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അരുൺ തടഞ്ഞു. 2 യുവാക്കളാണ് കാറിലുണ്ടായിരുന്നത്. കാർ നിർത്തിയപ്പോൾ ടോൾ അടയ്ക്കാൻ ആവശ്യപ്പെട്ടെങ്കിലും കാറിലുണ്ടായിരുന്ന യുവാക്കൾ അരുണിനെ മർദിക്കുകയാണ് ചെയ്തത്.

മർദനം തടയാൻ ശ്രമിക്കുന്നതിനിടെ അരുണിന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ച് കാർ മുന്നോട്ട് ഓടിച്ചു. ഡ്രൈവറുടെ വശത്തെ ഡോറിനോടു ചേർത്തു റോഡിൽ വലിച്ചിഴച്ച അരുണിനെ ടോൾ പ്ലാസയിൽ നിന്നു 30 മീറ്റർ ദൂരം മുന്നോട്ടു പോയ ശേഷം റോഡിലേക്കു തള്ളിയിടുകയായിരുന്നു. തുടർന്ന് അമിത വേഗത്തിൽ കാർ ഓടിച്ചു പോവുകയും ചെയ്തു.

സാരമായി പരിക്കേറ്റ അരുൺ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ടോൾ പ്ലാസ അധികൃതരുടെ പരാതിയിലാണ് അഞ്ചാലുമ്മൂട് പൊലീസ് അന്വേഷണം തുടങ്ങി. ലജിത്ത് ഓടിച്ചിരുന്ന അടൂർ രജിസ്ട്രേഷനിലുള്ള കാർ പാരിപ്പള്ളി സ്വദേശിയുടെതാണെന്ന് തിരിച്ചറിഞ്ഞു. അഞ്ചാലുമൂട് പൊലീസ് എസ്.എച്ച്.ഒ ദേവരാജൻ, എസ്‌ഐമാരായ അബദുൾ ഹക്കിം, റഹിം, എഎസ്ഐമാരായ രാജേഷ്,പ്രദീപ്, സി.പി.ഓ ബെൻസി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.