ആലപ്പുഴ: പ്രാർത്ഥനയിലുടെ വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിച്ചുതരാമെന്ന് പറഞ്ഞ് അദ്ധ്യാപികയിൽ നിന്നും ലക്ഷങ്ങൽ തട്ടിയ യുവാവ് പിടിയിൽ.എറണാകുളം സ്വദേശിയും പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന ആളുമായ നോർബിൻ നോബിയാണ് പിടിയിലായത്.

റിട്ടയേഡ് കോളജ് അദ്ധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപയാണ് ഇയാൾ തട്ടിയത്.തുടർന്ന് ഇയാൾ ഒളിവിൽ പോകുകയായിരുന്നു.വീട്ടമ്മയുടെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തെത്തുടർന്ന് ആലപ്പുഴയിൽ നിന്നാണ്ചങ്ങനാശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

സംഭവം ഇങ്ങനെ; പ്രാർത്ഥനാ ചടങ്ങുകൾക്കിടെയാണ് പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയായ റിട്ട അദ്ധ്യാപികയെ ഇയാൾ പരിചയപ്പെടുന്നത്. അദ്ധ്യാപികയുടെ വീട്ടിലെ പ്രശ്‌നങ്ങൾ മനസിലാക്കിയ ഇയാൾ വീട്ടിലെ പ്രശ്‌നങ്ങൾ പ്രാർത്ഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചു.ഇങ്ങനെ പ്രാർത്ഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർത്ഥനയ്‌ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കൈയിൽ നിന്നു വാങ്ങിയത്.

വായ്പയായും ഇയാൾ ഭീമമായ തുക വാങ്ങി. രണ്ട് വർഷമായിട്ടും പ്രശ്‌നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു. ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു.

കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാംമിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.