തളിപ്പറമ്പ്: വിവാഹ തട്ടിപ്പ് വീരന്മാരിൽ വീരൻ തളിപ്പറമ്പിൽ അറസ്റ്റിലായി. കെനിയക്കാരിയടക്കം 17 യുവതികളെ കല്ല്യാണം കഴിച്ച ഏഴാം മൈൽ ക്രസ്റ്റ് വില്ലയിലെ പുതിയാപ്പറമ്പത്ത് ഉമ്മറിനെയാണ്(55) തളിപ്പറമ്പ് സി.ഐ പി കെ സുധാകരൻ അറസ്റ്റ് ചെയ്തത്. 15-ാമത്തെ ഭആര്യയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിലാണ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയആളുടെ വിവാഹ തട്ടിപ്പു കഥകൾ ഓരോന്നായി പുറത്തു വരുന്നത്.

നിലമ്പൂർ കാളിക്കാവ് വെള്ളയൂർ പറമ്മിലെ മുപ്പതുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. വിവാഹം കഴിച്ചതായി വിശ്വസിപ്പിച്ച ്ബലാത്സംഗംചെയ്തതിനും വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചതിനുമാണ് കേസ്. കഴിഞ്ഞനവംബർ 24 നാണ് പാവപ്പെട്ട വീട്ടിലെ യുവതിയെ മതാചാരപ്രകാരമെന്ന് വിശ്വസിപ്പിച്ച് ഉമ്മർ വിവാഹം കഴിച്ചത്.

പെൺകുട്ടിയുടെ ദാരിദ്രം നിറഞ്ഞ ചുറ്റുപാട് മുതലെടുത്തായിരുന്നു ഇയാൾ വിവാഹം കഴിച്ചത്. ശയ്യാവലംബിയും വയോധികയായ ഉപ്പയും മൂന്നു സഹോദരിമാരും ഉൾപ്പെട്ട കുടുംബത്തിലെ അംഗമാണ് യുവതി. മരിച്ച സഹോദരിയുടെ മക്കളും യുവതിയുടെ സംരക്ഷണയിലാണ്. കുടുംബത്തിനു പത്തു ലക്ഷം രൂപ നൽകാമെന്ന് ഇയാൾ വിവാഹത്തിന് മുമ്പ് വാക്ക് നൽകിയിരുന്നു.

കുടുംബത്തെ സംരക്ഷിക്കാമെന്ന ഉമ്മറിന്റെ വാഗ്ദാനം വിശ്വസിച്ചാണ് യുവതി വിവാഹത്തിനു തയ്യാറായത്. വിവാഹ ശേഷം 25 നു കളിക്കാവിൽ താമസിച്ച ഉമ്മർ 26 നു യുവതിയുമായി ഏഴാം മൈലിലെ വീട്ടിലെത്തി. തുടർന്ന് മുറിയിൽ പൂട്ടിയിട്ടും ഭക്ഷണം നൽകാതെയും മർദ്ധിച്ചും കൊടിയ പീഡനം ഇയാൾ യുവതിക്ക് നേരെ അഴിച്ചു വിടുകയായിരുന്നു.

യുവതിയെ സ്ഥിരമായി ഒരു മുറിയിൽ പൂട്ടിയിട്ട ഉമ്മർ വല്ലപ്പോഴും ലഘു ഭക്ഷണം മാത്രമാണ് നൽകിയിരുന്നത്. ഫോൺ ഉപയോഗിക്കാനോ പുറം ലോകവുമായി ബന്ധപ്പെടാനോ അനുവദിച്ചില്ല. വീട്ടിൽ അതി ക്രൂരമായ ലൈംഗിക പീഡനത്തിനു ഇരയാക്കി. തോക്ക് കാണിച്ചായിരുന്നു പീഡനം. ഡിസംബർ മൂന്നിനു മൈസൂരിലെക്കു കൊണ്ടു പോയ യുവതിയുടെ പല്ലടിച്ച് കൊഴിച്ച ഉമ്മർ കൈവിരൽ ഒടിച്ചതായും പരാതിയിൽ പറയുന്നു. വിവാഹം പള്ളിയിലോ മുൻസിപാലിറ്റിയിലോ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം ക്രൂരമായി പീഡിപ്പിച്ചു.

പീഡനം സഹിക്കാനാവാതെ യുവതി ഒടുവിൽ രക്ഷപ്പെട്ട് കളിക്കാവിലെ വീട്ടിലെത്തി. തുടർന്ന് ഡിവൈഎഫ്ഐ സിപിഐഎം പ്രവർത്തകരുടെ സംരക്ഷണയിൽ തളിപ്പറമ്പിലെത്തിയ യുവതി ഡിവൈഎസ്‌പി കെ വി വേണു ഗോപാൽ, സി ഐ പി കെ സുധാകരൻ എന്നിവരെ കണ്ട് പരാതി നൽകി. ഡിവൈഎസ്‌പിയുടെ നിർദ്ദേശ പ്രകാരം പുലർച്ചെ പൊലീസ് ഉമ്മറിനെ കസ്റ്റടിയിലെടുത്തു. കെനിയയിലടക്കം പതിനേഴു യുവതികളെ വിവാഹം കഴിച്ചതായി ചോദ്യം ചെയ്യലിൽ ഉമ്മർ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തളിപ്പറമ്പ ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.