കോഴിക്കോട്: പത്താൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടയാൾ അറസ്റ്റിൽ. '{{മാധ്യമം}} ജീവനക്കാരൻ എന്ന വ്യാജേന ഫേസ്‌ബുക്കിലൂടെ കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ചതിനാണ് അറസ്റ്റ്. പെരിന്തൽമണ്ണ കോടൂർ സ്വദേശി അൻവറിനെയാണ് അറസ്റ്റ് ചെയ്തത്. പത്താൻകോട്ടിൽ കൊല്ലപ്പെട്ട മലയാളി സൈനികനെ അപമാനിക്കുന്ന വിധത്തിലായിരുന്നു പോസ്റ്റ്.

രാജ്യദ്രോഹകുറ്റം ചുമത്തിയാണ് അൻവറിനെതിരെ കേസെടുത്തത്. ചേവായൂർ പൊലീസാണ് ഇയാളെ പിടികൂടിയത്. പത്താൻകോട്ട് വ്യോമസേന താവളത്തിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിന്റെ വീരമൃത്യുവിനെ അവഹേളിച്ചായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്. അനു അൻവർ എന്ന പേരിലാണ് ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട്. ഈ ഫേസ്‌ബുക്ക് പ്രൊഫൈലിലൂടെ നിരഞ്ജനെ തീർത്തും അവഹേളിക്കുന്ന വിധത്തിലായിരുന്നു ഇയാൾ കമന്റ് ചെയ്തത്.

{{മാധ്യമം}} പത്രത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത് എന്ന വ്യാജേനയായിരുന്നു ഇയാളുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എന്നാൽ ഇങ്ങനെയൊരാൾ {{മാധ്യമം}} പത്രത്തിൽ ഇല്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. ഒരു കൊച്ചുപെൺകുട്ടിയുടെ ചിത്രമാണ് പ്രൊഫൈൽ പിക്ചറായി ഉപയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ്.എസ് സ്‌കൂളിൽ പഠിച്ചെന്നും 2009ൽ ബിരുദധാരിയായെന്നും കാണിച്ചിട്ടുണ്ട്.

പോസ്റ്റ് പുറത്ത് വന്നതോടെ സോഷ്യൽ മീഡിയയിൽ {{മാധ്യമ}}ത്തെ അവഹേളിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ നീങ്ങിയപ്പോഴാണ് പരാതിയുമായി മാനേജ്‌മെന്റ് പൊലീസിൽ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്. വീരമൃത്യുവരിച്ച കേണൽ നിരഞ്ജൻ കുമാറിനെ ജവാന്റെ ജീവത്യാഗത്തിന് ഇന്ത്യ ഒന്നടങ്കം ബിഗ് സല്യൂട്ട് നൽകുമ്പോഴാണ് സൈബർ ലോകത്ത് അദ്ദേഹത്തെ അവഹളിച്ച് ചിലർ രംഗത്തുവന്നത്.

നിരഞ്ജൻ കുമാറിന്റെ മരണവാർത്ത പുറത്തുവന്ന വേളയിൽ ഫേസ്‌ബുക്കിൽ നിരവധി അനുശോചന കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ കമന്റുകളുടെ രൂപത്തിലാണ് ചിലർ അധിക്ഷേപം ചൊരിഞ്ഞ് എത്തിയത്. ഇതിൽ {{മാധ്യമം}} ദിനപത്രത്തിന്റെ ലേഖകൻ എന്ന വ്യാജേന ഒരാൾ ഇട്ട പോസ്റ്റ് അതിരൂക്ഷമായ പ്രതികരണങ്ങൾക്കും ഇടയാക്കി. അൻവർ സാദിഖ് എന്ന പ്രൊഫൈൽ ഐഡിയിൽ നിന്നാണ് തീർത്തും അവഹേളന പരമായ പരാമർശം ഉണ്ടായത്.

''അങ്ങനെ ഒരു ശല്യം കുറഞ്ഞു കിട്ടി,. ഇനി ഓന്റെ കെട്ടിയോൾക്ക് ജോലീയും പൈസയും. സാധാരണക്കാരന് ഒന്നുമില്ല, ഒരു നാറിയ ഇന്ത്യൻ ജനാധിപത്യം, Anwar Sadhik എന്തിനാ Salute എങ്ങനെയാണ് തീവ്രവാദം ഉണ്ടാകുന്നത് എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ആരും തീവ്രവാദി ആകുന്നില്ല 10ഓ 50 ചാകണം''. അതേസമയം ഈ കമന്റിനെ പിന്തുണച്ച് K H Edyannur എന്നായാളും രംഗത്തെത്തി. നഗ്‌ന സത്യം..!! പട്ടാളത്തിൽ ചേരുന്നതിന് മദ്യത്തിനും മാത്രം വേണ്ടിയല്ലാാാാ.... രാജ്യത്തിന് വേണ്ടി മരിക്കാവൻ തന്നെയ്യാാാ.. ഈ സത്യം നാം.. അംഗീകരിച്ചേ പറ്റുവെന്നായിരുന്നും മറ്റൊരു കമന്റ്.

അതേസമയം നിരഞ്ജൻകുമാറിന്റെ രക്തസാക്ഷിത്വത്തെ അവഹേളിച്ച ഈ ഫേസ്‌ബുക്ക് പരാമർശങ്ങളെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. വീരമൃത്യു വരിച്ചയാളെ വ്യാജ വിലാസത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. മനപ്പൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമമായും ഈ ഫേസ്‌ബുക്ക് പോസ്റ്റിനെ വിലയിരുത്തിയിരുന്നു. ഭീകരർക്കെതിരെയുള്ള കമാൻഡോ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയായ എൻ.എസ്.ജി കമാൻഡോയാണ് നിരഞ്ജൻ.