കോഴിക്കോട്: പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട് റിമാൻഡിലായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻവർ സാദിഖിനെ വിദഗ്ദരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുന്നു.

രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അൻവറിനെ ചൊവ്വാഴ്ച രാവിലെയായിരുന്നു കോഴിക്കോട് ജില്ലാ കോടതി റിമാൻഡ് ചെയ്തത്. തുടർന്ന് വിവിധ അന്വേഷണ ഏജൻസികൾ കൂടുതൽ ചോദ്യം ചെയ്യലിനായി അൻവറിനെ ഇന്നലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റും ഇസ്ലാമിക് സ്റ്റേറ്റിന്റെ പേജ് ഷെയർ ചെയ്ത സംഭവവും അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജൻസികൾ നിരീക്ഷിക്കുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത അൻവറിനെ വിവിധ ഏജൻസികൾ ചോദ്യം ചെയ്തു വരികയാണ്. കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നു വരുന്നത്. ഇന്നലെ രാത്രി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ മുമ്പ് പറഞ്ഞ സംഭവങ്ങൾ ആവർത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

അതേസമയം നാട്ടിലുള്ള ഒരു പട്ടാളക്കാരനോട് വർഷങ്ങൾക്കു മുമ്പുണ്ടായ വെറുപ്പാണ് തന്നെ നിരഞ്ജൻ കുമാറിനെതിരെ പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്ന് അൻവർ സാദിഖ് ചോദ്യം ചെയ്യലിൽ പറഞ്ഞു. നാട്ടിനടുത്തുള്ള ഒരു പട്ടാളക്കാരനിൽ നിന്നും തനിക്ക് വ്യക്തിപരമായ ചില സംഭവങ്ങൾ നേരിടേണ്ടി വന്നതായും ഇതു മുതലാണ് തനിക്ക് മാനസികമായി പട്ടാളക്കാരോട് വെറുപ്പ് ആരംഭിച്ചതെന്നുമാണ് ഇയാൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി. ഇത് പൂർണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. എന്നാൽ ഇത് പോരിശോധിച്ചു വരികയാണെന്നും സുരക്ഷാ ഏജൻസികൾ അറിയിച്ചു. അതേസമയം ആഗോള ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫേസ്‌ബുക്ക് പേജുകൾ ഷെയർ ചെയ്തതിന് വ്യക്തമായ മറുപടി അൻവറിന് ഇല്ലായിരുന്നു. ഐസിസ് പോസ്റ്റിട്ടത് അബന്ധത്തിലോ അറിയാതെയോ സംഭവിച്ചതെല്ലെന്നാണ് അന്വേഷണ സംഘങ്ങളുടെ നിഗമനം. ഭീകരവാദ, തീവ്രവാദ സംഘടനകളെ കുറിച്ചുള്ള വ്യക്തമായ അറിവ് അൻവറിനുണ്ടായിരുന്നു. ഒന്നര വർഷമായി സോഷ്യൽ മീഡിയകളിൽ സജീവമായ ഇയാളുടെ ചില പോസ്റ്റുകൾ സംശയം ഇരട്ടിപ്പിക്കുന്നതായും അന്വേഷണ സംഘം പറഞ്ഞു.

സൈബർ സെൽ വിദഗ്ദരുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിലും അൻവറിനെ ചോദ്യം ചെയ്യൽ തുടരും. ഇയാളുടെ ഫേസ്‌ബുക്ക് പേജ് മാത്രമാണ് ഇപ്പോൾ പൊലീസിന്റെ കൈവശമുള്ളത്. എന്നാൽ ഇതിലെ പല പോസ്റ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഫേസ്‌ബുക്ക് അധികൃതരുടെ സഹായത്തോടെ ഇത് വീണ്ടെടുക്കാനും മറ്റു ഗ്രൂപ്പുകളിൽ സംശയാസ്പദമായി അയച്ച പോസ്റ്റുകൾ ശേഖരിക്കാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായുള്ള തെളിവു ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഇയാളുടെ പോസ്റ്റുകൾ സംബന്ധിച്ച വിശദമായ തെളിവുകൾ ലഭിച്ചാൽ മാത്രമെ എതെങ്കിലും തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോയെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂ.

എന്നാൽ അൻവറുമായി സോഷൽ മീഡിയ വഴി അടുത്തിടപഴകുന്ന ഏതാനും പേരും നിരീക്ഷണത്തിലാണിപ്പോൾ. മാദ്ധ്യമം ജീവനക്കാരനെന്ന വ്യാജേനയായിരുന്നു ഫേസ്‌ബുക്കിലൂടെ കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് കമന്റ് ഇട്ടത്. തുടർന്ന് ഇങ്ങനെയൊരാൾ മാദ്ധ്യമം ദിനപത്രത്തിൽ ഇല്ലെന്നും ഇയാൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മാദ്ധ്യമം ദിനപത്രം മാനേജ്‌മെന്റ് ചേവായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് ചേവായൂർ പൊലീസ് ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പെരിന്തൽമണ്ണ കോടൂരിലെ വീട്ടിൽ നിന്നും അൻവർ സാദിഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഇയാളുടെ കമന്റ് ചർച്ചയാകുകയും മാദ്ധ്യമം അധികൃതർ പരാതി നൽകുകയും ചെയ്തതോടെ വിവിധ അന്വേഷണ ഏജൻസികൾ അൻവർ സാദിഖിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പോസ്റ്റ് ചർച്ചയായതോടെ ഫെയ്‌സ് ബുക്ക് ഐഡി മാറ്റുകയും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ് സ്‌കൂളിൽ പഠിച്ചെന്നും 2009ൽ ബിരുദധാരിയായെന്നുമായിരുന്നു ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ കാണിച്ചിരുന്നത്. എന്നാൽ ഇയാൾ +2 വരെയാണ് പഠിച്ചിരുന്നത് അതും പാസായിരുന്നില്ല. അതേസമയം ടെക്‌നിക്കൽ പരിജ്ഞാനം ഇയാൾ സ്വായത്തമാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.

സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച്, ഐ.ബി, സംസ്ഥാന ഇന്റലിജൻസ്, നോർത്ത് സിറ്റി പൊലീസ് കമ്മീഷണർ, ലോക്കൽ പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിൽ സംശയകരമായ വിവരങ്ങൾ ലഭിച്ചതോടെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ആറു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയ അൻവർ സാദിഖിന്റെ കസ്റ്റഡി കാലാവധി ഈ മാസം 11ന് അവസാനിക്കും. സോഷ്യൽ മീഡിയ വഴി രാജ്യ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ഏതങ്കിലും തരത്തിലുള്ള പോസ്റ്റുകളോ കമന്റുകളോ ഉണ്ടായിട്ടുണ്ടോയെന്നും ഏതെങ്കിലും തീവ്രവാദി സംഘടനകളുമായി ബന്ധമുണ്ടോയെന്നും കസ്റ്റഡി കാലയളവിൽ അറിയാൻ സാധിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.