- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരഞ്ജനെ അപമാനിച്ച പോസ്റ്റിട്ടത് അബദ്ധത്തിലല്ല; ഐസിസുകാരെന്നാൽ 'രാജ്യ'ത്തിനു വേണ്ടി പോരാടുന്ന പൊലീസുകാരും; ജനാധിപത്യമെന്നാൽ അനിസ്ലാമികവും; പ്രചരിപ്പിച്ച ആശയങ്ങൾ തീവ്രവാദ സ്വഭാവമുള്ളത്; ഭീകര ബന്ധത്തിനു തെളിവുമില്ല; അൻവർ സാദിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി
കോഴിക്കോട്: ആറ് ദിവസത്തെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വീണ്ടും അൻവർ സാദിഖിനെ കോടതിയിൽ ഹാജരാക്കും. പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻവർ സാദിഖ് കഴിഞ്ഞ ചൊവ്വാഴ്ച
കോഴിക്കോട്: ആറ് ദിവസത്തെ അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യലിനൊടുവിൽ ഇന്ന് വീണ്ടും അൻവർ സാദിഖിനെ കോടതിയിൽ ഹാജരാക്കും. പഠാൻകോട്ട് വ്യോമസേനാ കേന്ദ്രത്തിൽ ഗ്രനേഡ് പൊട്ടി വീരമൃത്യു വരിച്ച മലയാളി ലഫ്. കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ട കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അൻവർ സാദിഖ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് അറസ്റ്റിലായത്.
രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അൻവറിനെ കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തുടർന്ന് അൻവറിനെ കൂടുതൽ ചോദ്യം ചെയ്യലിനായി ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ലഫ്.കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന ഫേസ്‌ബുക്ക് പോസ്റ്റും ഇസ്ലാമിക് സ്റ്റേറ്റിന്റെ പേജ് ഷെയർ ചെയ്ത സംഭവവും വിശദ പരിശോധനകൾക്ക് അന്വേഷണ സംഘം വിധേയമാക്കിയിരുന്നു. സൈബർ സെല്ലിന്റെയും വിവിധ ഏജൻസികളുടെയും പരിശധനക്കു ശേഷമാണ് ഇന്ന് രാവിലെ 11ന് വീണ്ടും കോടതിയിൽ അൻവറിനെ ഹാജരാക്കുന്നതെന്ന് കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ മറുനാടൻ മലയാളിയോടു പറഞ്ഞു.
പരിശോധനയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യാവുന്നതോ വകുപ്പുകൾ ചുമത്താവുന്നതോ ആയ വിവരങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും സംഘടനകളുമായി ബന്ധമോ തീവ്രവാദ സംഘങ്ങളുമായുള്ള അടുപ്പമോ കണ്ടെത്താനായട്ടില്ല. അതേസമയം ഫേസ്‌ബുക്കിലും വാട്‌സ് ആപ്പിലും ഇട്ട ചില പോസ്റ്റുകൾ തീവ്രവാദ സ്വഭാവമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തീവ്രമായ ചിന്തകളും ആശയങ്ങളും വച്ചു പുലർത്തുന്ന ആളാണ് അൻവറെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫേസ്‌ബുക്ക് പേജ് ഷെയർ ചെയ്തതിനു പുറമെ വേറെയും തീവ്രമായ ആശയങ്ങൾ ഫേസ്‌ബുക്കിൽ പോസ്റ്റിയിട്ടുണ്ട്. തനിക്ക് ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും, ജനാധിപത്യം അനിസ്ലാമികമാണെന്നുമുള്ള അൻവർ ഇട്ട പോസ്റ്റുകൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ്(ഐസിസ്) എന്നത് ഭീകര സംഘടനയല്ല, അവർ അവരുടെ രാജ്യത്തിനു വേണ്ടി പോരാടുന്ന പൊലീസുകാരാണ് അല്ലെങ്കിൽ പോരാളികളാണ് തുടങ്ങിയ തീവ്രമായ ചിന്തകളും അൻവർ സാദിഖ് എന്ന ഇരുപത്തിനാലുകാരൻ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ രാജ്യ ദ്രോഹ കുറ്റം മാത്രമാണ് അൻവറിനുമേൽ ചുമത്തിയിട്ടുള്ളത്. രാജ്യത്തിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ജവാന്മാരെ അവഹേളിക്കുന്നത് രാജ്യത്തെ അവഹേളിക്കുന്നതിനു തുല്ല്യമാണെന്നും ഇത് രാജ്യദ്രോഹകുറ്റത്തിന്റെ പരിതിയിൽ വരുന്നതു കൊണ്ടാണ് ഈ വകുപ്പ് ചുമത്തിയതെന്നും അന്വേഷണ മേധാവികൾ വ്യക്തമാക്കി.
എന്നാൽ നാട്ടിനടുത്തുള്ള ഒരു പട്ടാളക്കാരനിൽ നിന്നും തനിക്ക് വ്യക്തിപരമായ ചില സംഭവങ്ങൾ നേരിടേണ്ടി വന്നതായും ഇതു മുതലാണ് തനിക്ക് മാനസികമായി പട്ടാളക്കാരോട് വെറുപ്പ് ആരംഭിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൻ അൻവർ സാദിഖ് നേരത്തെ പറഞ്ഞിരുന്നു. കൂടാതെ, അൻവർ ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകളെ കുറിച്ചും പോസ്റ്റുകളെ കുറിച്ചും കസ്റ്റഡി കാലയളവിൽ വിശദമായി ചോദ്യം ചെയ്തിരുന്നു. അൻവർ ഉണ്ടാക്കിയ ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ ഒന്ന് വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പോസ്റ്റുകളും കമന്റുകളും ഇടുന്ന ഈ ഗ്രൂപ്പിലുള്ള ചിലരുടെ മേൽ പൊലീസും സൈബർ സെല്ലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇയാളുടെ സാന്നിധ്യത്തിൽ പരിശോധിക്കേണ്ട പോസ്റ്റുകൾ മുഴുവനും പരിശോധനക്ക് വിധേയമാക്കിയതായി ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഫേസ്‌ബുക്ക് അധികൃതർ, ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡർ, മറ്റ് സോഷ്യൽ നെറ്റ്‌വർക്ക് അഥോറിറ്റികൾ എന്നിവർക്കായി റിക്വസ്റ്റ് അയച്ചിട്ടുണ്ട്. ഈ വിവരങ്ങൾ കൂടി ലഭിക്കുന്ന മുറക്ക് കേസിന്റെ പ്രധാന തെളിവുകൾ ഹാജരാക്കാനാകും. രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ഒരാൾക്ക് ഏതു തരം ശിക്ഷ നൽകണമെന്നത് കേസിന്റെ ചാർജ് ഷീറ്റ് പൊലീസ് സമർപ്പിച്ച ശേഷം കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് കോടതിയാണ് തീരുമാനിക്കുക. നിരഞ്ജൻ കുമാറിനെ അവഹേളിക്കുന്ന കമന്റ് അബന്ധത്തിലോ അറിയാതെയോ സംഭവിച്ചതല്ലെന്നും തീവ്രമായ ചില ചിന്തകളും ആശയങ്ങളും അൻവർ സാദിഖിന്റെ മനസിൽ മൊട്ടിട്ടിരുന്നതായും ഇതുവരെയുള്ള ചോദ്യം ചെയ്യലിലും പരിശോധനയിലും വ്യക്തമായതായി അന്വേഷണ സംഘം പറയുന്നു.
മാദ്ധ്യമം ജീവനക്കാരനെന്ന വ്യാജേനയായിരുന്നു ഫേസ്‌ബുക്കിലൂടെ കേണൽ നിരഞ്ജൻ കുമാറിനെ അവഹേളിച്ച് അൻവർ കമന്റ് ഇട്ടത്. തുടർന്ന് ഇങ്ങനെയൊരാൾ മാദ്ധ്യമം ദിനപത്രത്തിൽ ഇല്ലെന്നും ഇയാൾക്കെതിരെ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മാദ്ധ്യമം ദിനപത്രം മാനേജ്‌മെന്റ് ചേവായൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് ചേവായൂർ പൊലീസ് ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് പെരിന്തൽമണ്ണ കോടൂരിലെ വീട്ടിൽ നിന്നും അൻവർ സാദിഖിനെ അറസ്റ്റ് ചെയ്ത് രാജ്യ ദ്രോഹ കുറ്റം ചുമത്തുകയായിരുന്നു. മലപ്പുറത്ത് താമസക്കാരനാണെന്നും ചെറുകുളമ്പ് ഐ.കെ.ടി.എച്ച്.എസ് സ്‌കൂളിൽ പഠിച്ചെന്നും 2009ൽ ബിരുദധാരിയായെന്നുമായിരുന്നു ഫെയ്‌സ് ബുക്ക് പ്രൊഫൈലിൽ കാണിച്ചിരുന്നത്.
എന്നാൽ ഇയാൾ +2 വരെയാണ് പഠിച്ചിരുന്നതെന്നും അതും പാസായിരുന്നില്ലെന്നും പൊലീസ് കണ്ടെത്തി. അതേസമയം ടെക്‌നിക്കൽ പരിജ്ഞാനം ഇയാൾ സ്വായത്തമാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച്, ഐ.ബി, സംസ്ഥാന ഇന്റലിജൻസ്, സിറ്റി പൊലീസ് കമ്മീഷണർ, നോർത്ത് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ, ലോക്കൽ പൊലീസ് തുടങ്ങി വിവിധ ഏജൻസികൾ അൻവറിനെ ചോദ്യം ചെയ്തിരുന്നു.