തിരുവനന്തപുരം: വിവാഹംകഴിക്കാതെ 15 വർഷമായി ദമ്പതികളായി ഒരുമിച്ച കഴിഞ്ഞ വീട്ടമ്മയ്ക്ക് ഭർത്താവിന്റെ കൈകൊണ്ട് ദാരുണാന്ത്യം. ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ എൽ.ഐ.സി ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേട്ട അക്ഷരവീഥി ലെയ്‌നിൽ ടിസി 84/1351 ൽ താമസിക്കുന്ന ശ്യാമളാ ദേവി (49) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവും എൽ.ഐ.സി ഏജന്റുമായ സുനിൽകുമാർ പിടിയിലായി.

വെള്ളിയാഴ്ച പുലർച്ചെ സുനിൽകുമാർ ശ്രീവരാഹത്ത് താമസിക്കുന്ന അമ്മ ശ്രീകുമാരിയെ ഫോണിൽ വിളിച്ച് ശ്യാമളയ്ക്ക് മുറിയിൽ വീണ് പരിക്കേറ്റതായി അറിയിച്ചിരുന്നു. ശ്രീകുമാരി സ്ഥലത്തെത്തുമ്പോൾ വീടിന്റെ മുകൾ നിലയിലെ സ്വീകരണമുറിയിൽ നിലത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ശ്യാമള കിടന്നിരുന്നത്. ഇവർ അയൽവാസികളുമായി ചേർന്ന് ശ്യാമളയെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സുനിൽകുമാറിന്റെ മദ്യപാനം കാരണം മാതാപിതാക്കളായ കാർത്തികേയനും ശ്രീകുമാരിയും ശ്രീവരാഹത്താണ് താമസം. ശ്രീകുമാരിയുടെ ഗാർമെന്റ് യൂണിറ്റിൽ വർഷങ്ങൾക്ക് മുമ്പ് തയ്യൽ പഠിക്കാനെത്തിയതാണ് ശ്യാമള. അവിടെ വച്ച് പരിചയത്തിലായ സുനിൽകുമാർ ശ്യാമളയുമായി പ്രണയത്തിലാകുകയും പതിനഞ്ച് വർഷമായി ഭാര്യാഭർത്താക്കന്മാരെപ്പോലെ താമസിച്ചുവരികയുമായിരുന്നു. നിയമപരമായി വിവാഹം ചെയ്തിട്ടില്ലാത്ത ഇവർക്ക് കുട്ടികളില്ല. മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായതിനാൽ സുനിൽകുമാറിനെ ഭയന്ന് ശ്യാമളയുടെ വീട്ടുകാരും ഇവിടേക്ക് വരാറില്ലെന്ന് അയൽവാസികൾ പറഞ്ഞു.

ഇരുവരും ചേർന്ന് മദ്യപിക്കുകയും പിന്നീട് അത് വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നെന്നും തുടർന്നാണ് ശ്യാമളയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിയതെന്നും പൊലീസ് പറയുന്നു. സംഭവം നടന്നത് വ്യാഴാഴ്ച രാത്രിയാകാമെന്നാണ് കരുതുന്നത്. കൊലപാതകമാണെന്ന് പോസ്റ്റ്‌മോർട്ടത്തിൽ തെളിഞ്ഞതോടെ പൊലീസ് സുനിലിനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.

സുനിൽകുമാർ ശ്യാമളയുമൊത്ത് സ്ഥിരമായി മദ്യപിക്കാറുണ്ടെന്ന് സമീപവാസികൾ പറയുന്നു. മദ്യപാനവും വഴക്കും പതിവായതിനാൽ ബഹളം നടന്നാൽ അയൽക്കാരോ വീടിന്റെ താഴത്തെ നിലയിലെ വാടകക്കാരോ ശ്രദ്ധിക്കാറില്ല. തർക്കത്തിനിടെ തന്നെ ആക്രമിക്കാൻ ശ്രമിച്ച ശ്യാമളയെ സുനിൽകുമാർ തള്ളി നിലത്തിട്ട് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത് .

ശ്യാമളയുടെ തലയും നെറ്റിയും ഭിത്തിയിലിടിച്ചതിന്റെ മുറിവുകളുണ്ട്. സുനിൽകുമാറിന്റെ ശരീരത്ത് നഖം കൊണ്ടുള്ള പോറലേറ്റിട്ടുണ്ട്. മരണ വെപ്രാളത്തിൽ രക്ഷപ്പെടാനുള്ള ചെറുത്തുനിൽപിനിടെ ശ്യാമളയുടെ നഖംകൊണ്ട് ഉണ്ടായതാകാമെന്നാണ് നിഗമനം. ശ്യാമളയുടെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. പേട്ട സി.ഐ സുരേഷിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. സുനിലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.