- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴക്കിനിടയിൽ ആക്രമണ ഭീതി ഭയന്ന് യുവതി ഓടിക്കയറിയത് അയൽവാസിയുടെ വീട്ടിലേക്ക്; ആക്രമിയെ ചെറുക്കുന്നതിനിടയിൽ വെട്ടേറ്റ ആൾക്ക് ദാരുണാന്ത്യം; വനത്തിനുള്ളിൽ ഒളിവിലിരുന്ന പ്രതിയെ മണിക്കൂറുകൾകം അറസ്റ്റ് ചെയ്ത് പൊലീസ് നടപടിയും; അറസ്റ്റിലായത് മാങ്കുളം സ്വദേശി ഇക്ബാൽ
അടിമാലി: യുവതിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഇരുമ്പുപാലം സ്വദേശിയും മാങ്കുളം അമ്പതാംമൈൽ ചിക്കണംകുടിയിൽ താമസക്കാരനുമായ പുല്ലാട്ട് ഇക്ബാലിനെയാണ് (51) മൂന്നാർ സിഐ എസ്. സുമേഷ് സുധാകരന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ച രണ്ടോടെ കാട്ടുകുടിയിൽനിന്നാണ് പിടികൂടിയത്. അഞ്ച് കിലോമീറ്റർ വനത്തിലൂടെ രാത്രിയിൽ നടന്നാണ് പൊലീസ് സംഘം കാട്ടുകുടിയിൽ എത്തിയത്. മാങ്കുളം അമ്പതാംമൈൽ ചിക്കണംകുടി ആദിവാസി കോളനിയിലെ ലക്ഷ്്മണനെ (54) കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇക്ബാലിന്റെ കൂടെ താമസിക്കുന്ന ചിക്കണംകൂടി സ്വദേശിനി രതിയെ (ലതീഷ -30) വഴക്കിനിടെ ഇക്ബാൽ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. രക്ഷപ്പെടാൻ ലക്ഷ്മണന്റെ വീട്ടിലേക്ക് രതി ഓടിയെത്തി. പിറകെയെത്തിയ ഇക്ബാൽ ലക്ഷ്മണനെ വീടിന്റെ മുറ്റത്തിട്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം വനത്തിലേക്ക് രക്ഷപ്പെട്ടു. രതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. ലക്ഷ്മണനെ അയാളുടെ ഭാര്യയുടെ മുന്നിലിട്ടാണ് കൊലപ്പെടുത്തിയത്. ലക്ഷ്മണനും ഇക്ബാലും അടുത്തിടെ ചാരായ വാറ്റ് കേസിൽ പ്രതികളായിരുന്നു. ഇതിൽ ഇക്ബാൽ പ്രതിയായത് ലക്ഷ്മണൻ ഒറ്റിക്കൊടുത്തതിനാലാണെന്ന് ഇക്ബാൽ പറയുന്നു. ഇതേ ചൊല്ലി ഇവർ വഴക്കിട്ടിരുന്നു.
ഭാര്യയും മൂന്ന് മക്കളുമുള്ള ഇക്ബാൽ നാല് വർഷം മുമ്ബാണ് ചിക്കണംകുടിയിൽ എത്തിയത്. രതിയുമായുള്ള ബന്ധത്തിൽ ഒരുകുട്ടിയുണ്ട്. നിരവധി അബ്കാരി കേസുകളിലെ പ്രതികളാണ് ഇക്ബാലും ലക്ഷ്മണനുമെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ ഇസ്മായിൽ നൗഷാദ്, ഷാജി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്