അടിമാലി: 13 -കാരി മുറിയിലെത്തിയത് നസ്യം ചെയ്യാൻ. കഴുത്തിന് മുകളിൽ മാത്രം സ്പർശിച്ചാൽ മതിയെന്നിരിക്കെ തെറാപ്പിസ്റ്റിന്റെ കൈപ്രയോഗം നീണ്ടത് മാറിടത്തിലേക്ക്. മകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിദേശ ദമ്പതികൾ നൽകിയ പരാതിയിൽ യുവാവ് പൊലീസ് പിടിയിൽ.

കഴിഞ്ഞ ദിവസം വൈകിട്ട് ചിത്തിരപുരം പവർഹൗസിനടുത്തുള്ള ബ്രോഡ്ബിൻ റിസോർട്ടിലാണ് വിദേശ ബാലികയ്ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. കാലടി മഞ്ഞപ്ര തെക്കൻ വീട്ടിൽ വിമലിനെ(24)യാണ് സംഭവവുമായി ബന്ധപ്പെട്ട് വെള്ളത്തൂവൽ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ന്യൂസിലാന്റിൽ നിന്നും കേരള സന്ദർശനത്തിനെത്തിയ മാതാപിതാക്കളും നാല് മക്കളുമടങ്ങുന്ന കുടുമ്പത്തിലെ 13 കാരിയെയാണ് വിമൽ അപമാനിച്ചത്. ഇയാളുടെ പ്രവർത്തിയിൽ പന്തികേട് തോന്നിയ പെൺകുട്ടി മുറിയിൽ നിന്നും ഇറങ്ങി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.

കൽക്കട്ടയിൽ സ്ഥിരതാമസക്കാരിയും മലയാളം നന്നായി കൈകാര്യം ചെയ്യുകയും ചെയ്തിരുന്ന ഒപ്പമുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡ് റോസി റാവുവിനെ ദമ്പതികൾ വിവരം ധരിപ്പിച്ചു. ഇവർ വിവരമറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം മാതാപിതാക്കളിൽ നിന്നും പെൺകുട്ടിയിൽ നിന്നും മൊഴി രേഖപ്പെടുത്തി.

നാട്ടിലേക്ക് തിരിക്കേണ്ടതിനാൽ കേസ് അവശ്യങ്ങൾക്കായി തങ്ങൾക്ക് കേരളത്തിൽ തുടരാൻ നിർവ്വാഹമില്ലന്ന നിലപാടിലായിരുന്നു ദമ്പതികൾ. എന്നാൽ സംഭവത്തിൽ നിയമ നടപടി വേണമെന്നും ഇവർ ശഠിച്ചു. ഇതേത്തുടർന്ന് മൂന്നാർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഗൈഡിന്റെ മൊഴിപ്രകാരമാണ് ഇപ്പോൾ സംഭവത്തിൽ കേസെടുത്തുട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് വർഷത്തോളമായി വിമൽ ഈ റിസോർട്ടിൽ ജോലിചെയ്ത് വരികയായിരുന്നു.