കൊച്ചി: തീവണ്ടി യാത്രക്കിടെ പ്രശസ്ത മലയാളം യുവനടി സനൂഷയെയെ അപമാനിക്കാൻ ശ്രമം. ബുധനാഴ്‌ച്ച രാത്രി മാവേലി എക്സ്പ്രസിൽ യാത്ര ചെയ്യവേയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. സനൂഷ തിരുവനന്തപുരത്തേക്ക് പോകുന്ന വേളയിലാണ് അതിക്രമ ശ്രമമുണ്ടായത്.

രാത്രിയോടെ ട്രെയിനിൽ അടുത്ത ബെർത്തിലുണ്ടായിരുന്ന യാത്രക്കാരനാണ് അതിക്രമിക്കാൻ ശ്രമിച്ചതെന്ന് നടി പറഞ്ഞു. അതിക്രമത്തിന് ശ്രമിച്ച യാത്രക്കാരന്റെ കൈ പിടിച്ചുവെച്ച് ബഹളം വെച്ചെങ്കിലും ആരും സഹായത്തിന് എത്തിയില്ലെന്നും അവർ വ്യക്തമാക്കി. ഒടുവിൽ ട്രെയിനിൽ തന്നെയുണ്ടായിരുന്ന തിരക്കഥാകൃത്ത് ഉണ്ണി ആറും എറണാകുളത്തു നിന്നുള്ള ഒരു യാത്രക്കാരനുമാണ് നടിയുടെ സഹായത്തിന് എത്തിയത്.

വടക്കാഞ്ചേരി സ്റ്റേഷനിൽ വച്ചാണ് സംഭവമുണ്ടായത്. റെയിൽവേ പൊലീസിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് തൃശൂർ സ്റ്റേഷനിൽ നിന്ന് പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ആന്റോ ബോസ് എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്. ദുരുദ്ദേശ്യത്തോടെയാണ് ആന്റോ തന്റെ ശരീരത്തിൽ സ്പർശിച്ചതെന്ന് നടി പരാതിയിൽ വ്യക്തമാക്കി.

തിരൂർ സ്റ്റേഷനിൽ നിന്നുമാണ് ആന്റോ ട്രെയിനിൽ കയറിയത്. മാനഭംഗ ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.