കോട്ടയം: വീട്ടമ്മയുടെ മോർഫ് ചെയ്ത നഗ്‌നചിത്രങ്ങൾ പണം വാങ്ങി പലർക്കും വിൽപന നടത്തിയ യുവാവ് പിടിയിൽ. പാലാ വള്ളിച്ചിറ മണലേൽപ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പിൽ ജെയ്‌മോൻ (20) ആണ് പാലാ പൊലീസിന്റെ പിടിയിലായത്. സുഹൃത്തിന്റെ അമ്മയുടെ ചിത്രങ്ങൾ ആരുമറിയാതെ പകർത്തി മോർഫ് ചെയ്താണ് യുവാവ് വിൽപ്പന നടത്തിയത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് നഗ്‌നഫോട്ടോകളാക്കി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതി. പാലാ എസ് എച്ച് ഒ കെ പി തോംസണാണ് യുവാവിനെ അറസ്റ്റു ചെയ്തത്.

ടെലഗ്രാം, ഷെയർ ചാറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ സ്ത്രീയുടെ പേരിൽ അവരുടെ യഥാർത്ഥ ചിത്രങ്ങൾ ചേർത്ത് വ്യാജ അക്കൗണ്ടുകൾ തുടങ്ങുകയായിരുന്നു ആദ്യം യുവാവ് ചെയ്തത്. പിന്നീട് അപരിചിതരായ ആളുകളോട് സ്ത്രീയാണെന്ന രീതിയിൽ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ചശേഷം ആളുകൾ ആകൃഷ്ടരാകുമ്പോൾ സെക്‌സ് ചാറ്റ് നടത്തുകയുമായിരുന്നു ഇയാളുടെ പതിവു ശൈലി. ഇത്തരത്തിൽ പലരുമായും അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇവർ നഗ്‌ന ഫോട്ടോകൾ ആവശ്യപ്പെടുമ്പോൾ പണം നൽകിയാൽ കാണിക്കാമെന്നായിരുന്നു യുവാവ് പറഞ്ഞിരുന്നത്. ഇത്തരത്തിൽ ഗൂഗിൾ പേ വഴി പണം അയച്ചു കൊടുത്തുവർക്ക് മോർഫ്‌ചെയ്ത നഗ്ന ചിത്രങ്ങൾ അയച്ചു കൊടുക്കുകയും ചെയ്തു.

ആർക്കും സംശയം തോന്നാത്ത വിധത്തിലായിരുന്നു യുവാവിന്റെ പെരുമാറ്റം. പണം നൽകിയവർക്ക് സ്ത്രീയുടെ മോർഫ് ചെയ്ത നഗ്‌നദൃശ്യം അയച്ചുകൊടുക്കുകയാണ് ജെയ്‌മോൻ ചെയ്തത്. ഇത്തരത്തിൽ ഇയാൾ ആറുമാസം കൊണ്ട് ഒന്നരലക്ഷത്തോളം രൂപ സമ്പാദിച്ചുവെന്ന് പൊലീസ് പറയുന്നു. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്ര നടത്താനും മദ്യപിക്കാനും മറ്റുമാണ് ഇയാൾ ഈ പണം വിനിയോഗിച്ചത്.

നഗ്‌ന ചിത്രം പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സ്ത്രീയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഇതനുസരിച്ച് 2020 സെപ്റ്റംബർ 18 ന് പാലാ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം തന്നിലേക്ക് നീങ്ങുന്നു എന്നറിഞ്ഞ യുവാവ് ഒരു വർഷമായി പൊലീസിന്റെ കണ്ണുവെട്ടിച്ച് വിവിധ സ്ഥലങ്ങളിലായി ഒളിച്ചു താമസിക്കുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞു വരവേ പ്രതി സ്വന്തം പിതാവിന്റെയും ജ്യേഷ്ഠന്റെയും സഹായത്തോടെ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനിലും ഹൈക്കോടതിയിലും പൊലീസ് ഉന്നത അധികാരികൾക്കും മറ്റും വ്യാജ പരാതികൾ നൽകുകയും ചെയ്തിരുന്നു. പ്രതിക്കെതിരെ കിടങ്ങൂർ പൊലീസ് സ്റ്റേഷനിലും സമാനമായ മറ്റൊരു കേസ് നിലവിലുണ്ട്. മുണ്ടക്കയം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിൽ ഇയാൾ വിവാഹിതയായ മറ്റൊരു സ്ത്രീയുടെ ഫോട്ടോ പകർത്താൻ ശ്രമിച്ചതായും ആരോപണമുണ്ട്.

ഇേന്ന് പാലാ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ പി തോംസണ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ എ എസ് ഐമാരായ ഷാജിമോൻ എ.ടി, ബിജു കെ തോമസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ സി.പി. ഓമാരായ ജയകുമാർ സി.ജി, രഞ്ജിത് സി, ജോഷി മാത്യു എന്നിവർ ചേർന്നാണ് ചങ്ങനാശ്ശേരി തെങ്ങണയിലുള്ള ബന്ധുവീട്ടിൽ നിന്നും പ്രതിയെ പിടികൂടിയത്. പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.