പത്തനാപുരം: തട്ടിപ്പുകളുടെ സ്വന്തം നാടായ കേരളത്തിൽ നടൻ ദിലീപിന്റെ പേര് പറഞ്ഞൊരു തട്ടിപ്പ്. നടൻ ദിലീപിന്റെ നേതൃത്വത്തിൽ പാവപ്പെട്ടവർക്ക് വീട് വച്ചു നടത്തുനന മെഗാ പദ്ധതി പ്രഖ്യാപിച്ചപ്പോൾ അതിൽ തട്ടിപ്പിനുള്ള സാധ്യത തേടിയ വ്യക്തിയാണ് പത്തനാപുരത്ത് അറസ്റ്റിലായത്. ദിലീപ് വീട് വച്ചു നൽകുമെന്ന പേര് പറഞ്ഞ് നിർദ്ധനരായ കുടുംബശ്രീ അംഗങ്ങളിൽ നിന്നും 500 രൂപ വീതം പിരിച്ചെടുത്ത് മുങ്ങിയ ആളാണ് പിടിയിലായത്.

ആര്യങ്കാവ് അച്ചൻകോവിൽ ഹരിജൻ കോളനിയിൽ ബ്ലോക്ക് നമ്പർ 55 പാറക്കൽ വീട്ടിൽ രാജീവനെ(49)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോൾ ഇടമണിൽ വാടകയ്ക്കു താമസിക്കുകയാണ്. നടൻ ദിലീപിന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ പേരിൽ തട്ടിപ്പു നടത്താനാണ് ഇയാൾ ശ്രമിച്ചത്.

കൊല്ലം റൂറൽ എസ്‌പി അജിത ബീഗത്തിനു ദിലീപ് നൽകിയ പരാതിയെത്തുടർന്ന് കുളത്തൂപ്പുഴയിൽനിന്ന് നാട്ടുകാരുടെ സഹായത്തോടെയാണു രാജീവനെ പിടികൂടിയത്. പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നൽകാമെന്നു തെറ്റിദ്ധരിപ്പിച്ചു റജിസ്‌ട്രേഷൻ ഫീസായി ഓരോരുത്തരിൽ നിന്ന് 500 രൂപ ഈടാക്കിയായിരുന്നു തട്ടിപ്പ്.

സംശയം തോന്നിയ ഇളമ്പൽ സ്വദേശിനി പ്രസന്ന സുരക്ഷിത ഭവനം പദ്ധതിയുടെ കോഓർഡിനേറ്ററെ വിളിച്ചതോടെയാണ് തട്ടിപ്പു വെളിവായത്. പ്രസന്ന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് എസ്‌പിക്കു പരാതി നൽകുകയായിരുന്നു. കുടുംബശ്രീ പ്രവർത്തകരും നിർധനരുമാണ് തട്ടിപ്പിനിരയായവരിൽ ഏറെയും. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും ഇയാൾ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. പത്തനാപുരം സിഐ റജി ഏബ്രഹാം, കുന്നിക്കോട് എസ്‌ഐ ഐ.ഫിറോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു രാജീവനെ പിടികൂടിയത്.

അതേസമയം, സുരക്ഷിത ഭവനം പദ്ധതിയുമായി ബന്ധപ്പെട്ട് പണം പിരിക്കുന്നതിനോ മറ്റ് ആവശ്യങ്ങൾക്കോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നു നടൻ ദിലീപ് അറിയിച്ചു. നേരത്തെ ഇതുമായി ബന്ധപ്പെട്ട ചില തട്ടിപ്പുകാർ രംഗത്തെത്തിയിട്ടുണ്ടെന്ന് ദിലീപ് ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.