കൊല്ലം: അപകടത്തിൽപ്പെട്ട കാറിൽ നിന്നു കണ്ടെടുത്ത സ്‌കൂൾ തിരിച്ചറിയൽ കാർഡ് വഴിത്തിരിവായപ്പോൽ പീഡനകേസ് തെളിയിച്ചു പൊലീസ്. കൊല്ലത്തു നടന്ന അപകടത്തിലാണ് പീഡന കേസുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല പുല്ലാട് കുറവൻകുഴി വിഷ്ണു നിവാസിൽ വിഷ്ണു (20) ആണ് പിടിയിലായത്.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കഴിഞ്ഞ 2, 3 തീയതികളിൽ സുഹൃത്തിന്റെ ആളില്ലാത്ത വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭരതന്നൂരിൽ പെൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ കൊണ്ടു പോയി വിഷ്ണു പീഡിപ്പിച്ചു.

പെൺകുട്ടിയെ കൊണ്ടു പോയ കാർ പാങ്ങോട് പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ അപകടത്തിൽപ്പെടുകയായിരുന്നു. പൊലീസ് കാർ പരിശോധിച്ചപ്പോൾ സ്‌കൂൾ ഐഡി കാർഡും ബാഗും കണ്ടെത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിഷ്ണുവിനെ പൊലീസ് പിടികൂടിയത്. വിഷ്ണുവിനെ കടയ്ക്കൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.