മലപ്പുറം: പൊലീസ് ഓഫീസറാണെന്ന വ്യജേന വിവാഹ അഭ്യർത്ഥനയുമായെത്തി വീട്ടമ്മയായ യുവതിയോട് സൗഹൃദം സ്ഥാപിച്ചു. പിന്നീട് ഒരു വർഷം നീണ്ട അടുപ്പത്തിനൊടുവിൽ യുവതിയുടെ മാനവും സ്വത്തും കവർന്ന് മുങ്ങിയ വിരുതൻ പൊലീസ് വലയിലായി. കോട്ടക്കൽ പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുരുക്കിയത്.

വിവാഹ വാഗ്ദാനം നൽകി പീഡനത്തിനിരയാക്കിയതിനു പുറമെ വീട്ടമ്മയിൽ നിന്ന് സ്വർണാഭരണങ്ങളും കാറും തട്ടിയ കേസിൽ കോഴിക്കോട് പേരാമ്പ്ര സ്വദേശി പാരലേരി ടൗൺ പൂളക്കണ്ടി അൻവർ ഇബ്രാഹീം(40)നെയാണ് തിരൂർ സിഐ അറസ്റ്റ് ചെയ്തത്. ഏറെ നാൾ പ്രവാസിയായിരുന്നു ഇയാൾ കാടാമ്പുഴ മരവട്ടം സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ നദാപുരത്ത് വെച്ച് തിരൂർ സിഐ എംകെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

വിവാഹ മോചിതയായ രണ്ട് കുട്ടികളുടെ മാതാവാണ് പരാതിക്കാരിയായ യുവതി. വിവാഹാഭ്യാർത്ഥന നടത്തിയാണ് യുവതിയുമായി പ്രതി ആദ്യം ബന്ധം സ്ഥാപിച്ചത്. കോഴിക്കോട്ടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണെന്ന് യുവതിയെ പറഞ്ഞു വിശ്വാസിപ്പിച്ചിരുന്നു. പൊലീസ് യൂണിഫോം ധരിച്ചും ഇയാൾ യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. കഴിഞ്ഞ ഒരു വർഷം മുമ്പാണ് പ്രതി യുവതിയുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് യുവതിയുടെ വിശ്വാസ്യത നേടിയ ശേഷം കാറും സ്വർണാഭരണങ്ങളും വാങ്ങി ഇയാൾ മുങ്ങുകയായിരുന്നു.

പ്രതി വിവാഹ വാഗ്ദാനം നൽകി ശാരീരികമായി തന്നെ പീഡിപ്പിച്ചതായും ആഭരണങ്ങളും കാറും തട്ടിയെടുക്കുകയും ചെയ്തതായി കാണിച്ച്
യുവതി കോട്ടക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലാവുകയായിരുന്നു. യുവതിയിൽ നിന്ന് തട്ടിയെടുത്ത കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശിനിയായ മറ്റൊരു യുവതിയും ഇയാളുടെ വലയിൽ അകപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.

പ്രവാസിയായിരുന്ന പ്രതിക്കെതിരെ മറ്റു കേസുകളുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് സിഐ പറഞ്ഞു. കോട്ടക്കൽ എസ്.ഐ ആർ വിനോദ്, പൊലീസുകാരായ സുധീർ, രാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌തേക്കും.