- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജിത്ത് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ; പിടിയിലായത് ലുക്ക് ഔട്ട് നോട്ടീസിൽ ഉൾപ്പെട്ടയാൾ; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് ഒറ്റപ്പാലം സ്വദേശിയായ ഷംസീർ; കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി; സിബിഐ അന്വേഷണം ആവശ്യത്തിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും
പാലക്കാട്: പാലക്കാട് ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ലുക്ക് ഔട്ട് നോട്ടീസിലെ നാലു പേരിൽ ഒരാളാണ് അറസ്റ്റിലായത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി ഷംസീറാണ് പിടിയിലായത്.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കേസിൽ തിരിച്ചറിയൽ പരേഡ് വേണ്ടാത്ത ഒളിവിൽ കഴിയുന്ന നാലുപേർക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഇന്ന് പിടിയിലായ ഒറ്റപ്പാലം അമ്പലപ്പാറ കാഞ്ഞിരംചോല ഷംസീറിനെ കൂടാതെ കൊഴിഞ്ഞാമ്പാറ അത്തിക്കോട് പള്ളി സ്ട്രീറ്റിൽ മുഹമ്മദ് ഹാറൂൺ, ആലത്തൂർ അഞ്ചുമൂർത്തി ചീക്കോട് ഫാത്തിമ മൻസിലിൽ നൗഫൽ, മലപ്പുറം വണ്ടൂർ അർപ്പോയിൽ പുളിവെട്ടി ഇബ്രാഹിം പുളിവെട്ടി മുഹമ്മദ് എന്ന ഇബ്രാഹിം മൗലവി, എന്നിവരുടെ പേരിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നത്.
കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, കുറ്റവാളിയെ ഒളിവിൽ കഴിയാൻ സഹായിക്കൽ, അന്യായമായി സംഘം ചേരൽ, അന്യായമായി മാരകായുധങ്ങളുമായി സംഘം ചേരൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ, മാരകായുധങ്ങളുമായി കലാപം സൃഷ്ടിക്കൽ, കുറ്റകൃത്യത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്.
അതേസമയം കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേരും പ്രതികളെ സഹായിച്ച മൂന്ന് പേരുമടക്കം ആറ് പേർ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്ന് പേരെ ഇനിയും പിടികുടാനുണ്ട്. ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. സംഭവം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അതേസമയം സഞ്ജിത്ത് വധക്കേസിലെ അന്വേഷണം അന്വേഷണം സിബിഐയ്ക്ക് വിടുന്നകാര്യത്തിൽ തീരുമാനം അടുത്തയാഴ്‌ച്ച ഉണ്ടാകും. കുടുംബം നൽകിയ ഹർജിയിൽ ഹൈക്കോടതി അടുത്തയാഴ്ച തീരുമാനം അറിയിക്കും. ഹർജിയിൽ പൊലീസും, സിബിഐയും നിലപാട് അറിയിച്ചിട്ടുണ്ട്. കൊലപാതകം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രത കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
മറുനാടന് മലയാളി ബ്യൂറോ