മലപ്പുറം: റംസാൻ വ്രതമെടുക്കാൻ പുലർച്ചെ അത്താഴത്തിന് ഉണർന്ന ഭാര്യയെ വെട്ടി കൊലപ്പെടുത്തി വിദേശത്തേക്ക് മുങ്ങിയ ഭർത്താവ് പിടിയിൽ. അരൂർ ആനക്കുണ്ടുങ്ങൽ കുനിയിൽ ഹമീദ് (43) ആണ് സൗദിയിൽ നിന്ന് മടങ്ങി വരുന്നതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്.

നാലാം ഭാര്യയായ ഹാജറ ബീവിയ (31) വെട്ടി കൊലപ്പെടുത്തിയ ശേഷം പ്രതി വിദേശത്തേക്ക് മുങ്ങുകയായിരുന്നു. രക്ഷപ്പെട്ട ഹമീദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പിടികൂടാൻ സാധിച്ചിരുന്നില്ല. പതിനെട്ട് മാസത്തിനു ശേഷമാണ് വിദേശത്ത് നിന്ന് തിരിച്ചെത്തിയ പ്രതിയെ ഇപ്പോൾ പിടികൂടിയത്. ചെന്നൈയിൽ പിടിയിലായ പ്രതിയെ കൊണ്ടോട്ടി പൊലീസിന് കൈമാറി.

2016 ജൂൺ 13ന് പുലർച്ചെയാണ് ഭാര്യ ഹാജറ ബീവിയെ അതി ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. റംസാൻ വ്രതകാലമായതിനാൽ പുലർച്ചെ 3.45ന് അത്താഴം കഴിച്ച് വീടിന് പുറത്തിറങ്ങിയ ഹാജരാ ബീവിയെ മുളകുപൊടി എറിഞ്ഞ ശേഷം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

പത്തു വയസ്സുക്കാരനായ മകൻ ഫോൺ ചെയ്തതനുസരിച്ച് കൊണ്ടോട്ടി സ്റ്റേഷനിലെ പൊലീസുകാർ എത്തിയാണ് രക്തം വാർന്നു കിടന്ന യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. പത്തു വെട്ടുകൾ ഹാജറ ബീവിക്ക് ഏറ്റിരുന്നു. ഹമീദിന്റെ നാലാം ഭാര്യയായിരുന്ന ഹാജറബിവി ഹമീദിനെതിരെ ഗാർഹിക പീഡന ത്തിന് കേസ് നൽകിയിരുന്നു. കേസിൽ വിധി പറയുന്ന ദിവസമാണ് ഹമീദ് ഭാര്യയെ കൊലപ്പെടുത്തിയത്.

സംഭവത്തിനു പിന്നിൽ ഭർത്താവാണന്ന് അന്നു തന്നെ പൊലീസ് തിരിച്ചറിഞ്ഞിരുന്നെങ്കിലും വിദേശത്തേക്ക് മടങ്ങിയ പ്രതിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ഹമീദിനെ എമിഗ്രേഷൻ വിഭാഗം തിരിച്ചറിഞ്ഞ് കൊണ്ടോട്ടി പൊലീസിനെ അറിയിക്കുകയായിരുന്നു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി.