കോഴിക്കോട്: ഒരു ലക്ഷം വിലവരുന്ന എ ഡി എം എ മയക്കുമരുന്നുമായി കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി എക്സൈസിന്റെ പിടിയിൽ. കൊടുവള്ളി മാനിപുരം കുന്നത്ത് വീട്ടിൽ മുഹമ്മദ് അർഷാദ്(20) ആണ് പിടിയിലായത്. ഫറോക് എക്സൈസ് റേഞ്ച് സംഘവും എക്സൈസ് ഇന്റലിജന്റ് വിഭാഗവും ശാരദ മന്ദിരത്തിനടുത്ത് നടത്തിയ വാഹന പരിശോധനയിൽ ഫറോക് ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനം കൈ കാണിച്ചെങ്കിലും നിർത്താതെപോയി.

തുടർന്ന് എക്സൈസ് സംഘം വാഹനത്തെ പിന്തുടർന്ന് മോഡേൺ ബസാറിലെ കോംപ്ലകസിന് മുന്നിൽവെച്ച് പിടികൂടുകയായിരുന്നു. പ്രതിയുടെ ജീൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു 5.470 മില്ലി ഗ്രാം എ ഡി എം എ മയക്കുമരുന്ന് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നാണ് എം ഡി എം എ എത്തിച്ചതെന്നും താമരശ്ശേരി, കുന്ദമംഗലം, രാമനാട്ടുക്കര ഫറോക് എന്നിവിടങ്ങളിൽ വിൽപ്പന നടത്താനെത്തിച്ചതാണെന്നും പ്രതി മൊഴി നൽകി. മയക്കുമരുന്ന് കടത്തിയ കെ എൽ 14 വി 6732 നമ്പർ കാർ എക്സൈസ് കസ്റ്റഡിയിലെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സതീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഐ ബി ഇൻസ്പെക്ടർ എ പ്രജീഷ്, പ്രിവന്റീവ് ഓഫീസർ എം അബദുൾ ഗഫൂർ, ഫറോക് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി അനിൽ ദത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ ശ്രീശാന്ത്, ടി കെ രാകേഷ്, എ സവീഷ്, എം റെജി, വനിത സിവിൽ എക്സൈസ് ഒഫീസർ എൻ മഞ്ജുള, ഡ്രൈവർ പി സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.