കോഴിക്കോട്: കോഴിക്കോട് ജില്ലയിലും മയക്കുമരുന്ന് ഒഴുകുന്നു. മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽനിന്ന് നൂറ് ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.

ബെംഗളൂരുവിൽനിന്ന് പാഴ്സൽ മാർഗം എം.ഡി.എം.എ. എത്തിച്ച് നഗരത്തിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് റജീസെന്ന് എക്സൈസ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ 15 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇവർ കോഴിക്കോട്ട് എത്തിച്ചത്. നിരവധി പേർ കണ്ണികളായ ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും എക്സൈസിന് സൂചന ലഭിച്ചിട്ടുണ്ട്.

എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ആർ. ദേവദാസ്, കോഴിക്കോട് എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ എ. പ്രജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ കെ. ഷംസുദ്ദീൻ, കെ. പ്രവീൺകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എൻ.എസ്.സന്ദീപ്, പി.പി. ജിത്തു, കെ. അർജുൻ, ഫെബിൻ എൽദോസ്, പി.കെ. ജിഷ്ണു, ടി.ആർ. രശ്മി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.