ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ പൊലീസ് പിടിയിലായി. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാർഡിൽ അറക്കൽ വീട്ടിൽ ഉമ്മച്ചന്റെ മകൻ ബിനു (30 ) വിനെയാണ് പുന്നപ്ര പൊലീസ് പിടികൂടിയത്. അയൽവാസിയായ പതിനേഴുകാരിയെയാണ് ഇയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നിരവധി തവണ പീഡനത്തിന് ഇരയാക്കിയത്.

പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ അക്രമാസക്തനായ ഇയാൾ ക്രൂരമർദ്ദനത്തിലൂടെ ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ നടക്കാതെ പോയതോടെ സാമ്പത്തിക വാഗ്ദാനം നൽകി ഒഴിവാക്കാൻ ശ്രമിച്ചു. എന്നിട്ടും വഴങ്ങാതെ വന്നതോടെയാണ് ഇയാൾ ഒളിവിൽ പോകാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് നിരീക്ഷിച്ച് പിടികൂടിയത്. പെൺകുട്ടിയുടെ പരാതി ലഭിച്ചതോടെ ബിനു പുന്നപ്ര പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇയാൾ പൊലീസിന്റെ പിടിയിലായെങ്കിലും വിശദമായ ചോദ്യചെയ്യൽ നടന്നുവരികയായിരുന്നു. പുന്നപ്രയിലെ വിയാനി ഭാഗത്തുനിന്നുമാണ് പുന്നപ്ര എസ് ഐ ഈ.ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. പിന്നീട് പോക്സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ട്. ഇയാളെ അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

നിർധന കുടുംബത്തിലെ അംഗമാണ് പീഡിപ്പിക്കപ്പെട്ട പെൺകുട്ടി. കഴിഞ്ഞ രണ്ടുവർഷമായി ഇവർ പ്രണയത്തിലുമായിരുന്നു. പെൺകുട്ടിയുടെ സഹോദരൻ പ്രതിയുടെ സുഹൃത്തായിരുന്നു. ഈ ബന്ധം മുതലെടുത്താണ് യുവാവ് പെൺകുട്ടിയെ ചൂഷണത്തിന് വിധേയയാക്കിയത്. സുഹൃത്തിനെ കാണാനെന്ന വ്യാജേന പതിവായി വീട്ടിലെത്തുന്ന ഇയാൾ പെൺകുട്ടിയെ വാഗ്ദാനങ്ങൾ നൽകി ചതിയിൽപ്പെടുത്തുകയായിരുന്നു. പെൺകുട്ടി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരിക്കെ തന്നെ ഇയാൾ കുട്ടിയുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരുന്നു. ഈ സമയം മുതൽ പെൺകുട്ടിയെ പീഡിപ്പിച്ചു വരുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു.

എന്നാൽ പെൺകുട്ടി കഴിഞ്ഞ നവംബറിൽ പ്രതിയിൽ നിന്നും ഗർഭം ധരിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്. ഈ വിവരം പെൺകുട്ടി ഇയാളെ അറിക്കുകയും വിവാഹം കഴിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. ഇയാൾ വിസമ്മതിച്ചതിനെ തുടർന്നാണ് വീട്ടുകാരുടെ പിന്തുണയോടെ പൊലീസിനെ സമീപിച്ചത്. പരാതിയെ തുടർന്ന് നാട്ടിൽനിന്നും കടക്കാൻ ശ്രമിച്ച ഇയാളെ പൊലീസ് അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.