കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ മൈഥിലിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. അപകീർത്തിക്കരമായ ചിത്രങ്ങൾ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലൂടെയും പ്രചരിപ്പിച്ച സംഭവത്തിലാണ് യുവാവ് അറസ്റ്റിലായത്. നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ കിരണിനെ അറസ്റ്റു ചെയ്തത്. തന്റെ ബ്ലാക്‌മെയിൽ ചെയ്യാൻ പ്രതി ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മൈഥിലി പൊലീസിൽ പരാതി നൽകിയിരുന്നത്.

ഏതാനും ദിവസങ്ങളിലായി നടിയുടെത് എന്ന പേരിൽ ചില അപകീർത്തികരമായ ചിത്രങ്ങൾ വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പ്രചരണം ശ്രദ്ധയിൽപ്പെട്ടതെ നടി പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പിടിയിലായ കിരൺ ഇപ്പോൾ എറണാകുളം ഉദയംപേരൂരിലെ താമസക്കാരൻ ആണ്. ഇയാൾക്ക് നടിയെ മുൻപരിചയം ഉണ്ടെന്നാണ് പൊലീസ് പറഞ്ഞത്.

നേരത്തെ സിനിമയിൽ പ്രൊഡക്ഷൻ കൺട്രോളറും പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവുമായി പ്രവർത്തിച്ച കിരണിന് നടിയുമായി ചെറിയ പരിചയങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്കു മുൻപ് ഇയാൾ നടിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിയുണ്ട്. നടിയുടെ കൂടുതൽ ചിത്രങ്ങൾ കൈവശമുണ്ടെന്നും അത് തിരികെ ലഭിക്കാൻ പണം നൽകണമെന്നുമായിരുന്നു ഭീഷണി. പിന്നീടാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

കിരൺ തന്നെയാവാം ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ എന്ന സംശയം നടി തന്നെ പൊലീസിനോട് പറാഞ്ഞിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ തന്നെയാണ് ഇതിനു പിന്നിൽ എന്ന് പൊലീസിന് ബോധ്യപ്പെടുകയായിരുന്നു.ഇന്നലെയാണ് കിരണിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ഇയാൾക്ക് മൈഥിലിയോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി സംശയിക്കപ്പെടുന്നുണ്ട്. വിവാഹിതനായ കിരൺ ഇക്കാര്യം മറച്ചുവെച്ച് നടിയുമായി അടുക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നുണ്ട്. വിവാഹ ബന്ധം അറിഞ്ഞതോടെ ഇയാളുമായി നടി അകന്നു. ഇതിന് ശേഷം സിനിമാ ലൊക്കേഷനുകളിൽ ചെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയൽ നടി പറുന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണങ്ങളിൽ ഇത്തരം കാര്യങ്ങൾ വെളിപ്പെടുമെന്നാണ് അറിയുന്നത്. ബ്ലാക്‌മെയിൽ കുറ്റങ്ങൾ ചുമത്തിയാണ് കിരണിനെ അറസ്റ്റു ചെയ്തിരിക്കുന്നത്്. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് നേരെയും നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.