ലഖ്നൗ: ഉത്തർ പ്രദേശിൽ പട്ടാപ്പകൽ യുവതിയെ മർദിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. പിലിബിത്ത് ജില്ലയിലാണ് സംഭവം. കൂട്ടുകാരി എന്ന് തോന്നിക്കുന്ന മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. സമീപത്തെ ഒരു സിസിടിവി ക്യാമറയിൽ ദൃശ്യങ്ങൾ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തന്റെ പ്രണയം നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉത്തർ പ്രദേശിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വിവിധ പാർട്ടികൾ രാഷ്ട്രീയ ആയുധമായി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഉന്നയിച്ചിരുന്നു. അഖിലേഷ് യാദവ് സർക്കാർ ഇക്കാര്യത്തിൽ ഏറെ പഴികേട്ടിരുന്നു.

ഇതിനെ തുടർന്ന് അധികാരത്തിലെത്തിയ ആദിത്യനാഥ് സർക്കാർ സ്ത്രീ സുരക്ഷയ്ക്കായി പൂവാല വിരുദ്ധ സേനയ്ക്ക് രൂപം നൽകിയിരുന്നു. പൊലീസിലെ ഈ പ്രത്യേക വിഭാഗം മാളുകൾ, കോളേജുകൾ, റോഡുകൾ എന്നിങ്ങനെ പൊതുസ്ഥലങ്ങളിൽ പരിശോധന കർശനമാക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പുതിയ സംഭവം പുറത്തുവന്നിരിക്കുന്നത്.