- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹോദരിയെ വിവാഹം കഴിച്ചയച്ച വീട്ടിലെത്തി അയൽവാസി പെൺകുട്ടിയുമായി പ്രണയത്തിലായി; വിവരം അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കി; എന്നിട്ടും ഫോണിൽ ബന്ധം തുടർന്നു കമിതാക്കൾ; ഇതറിഞ്ഞു കലിമൂത്ത പിതാവ് കാമുകനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഓയൂർ: യുവാവിനെ കാമുകിയുടെ പിതാവ് വെട്ടി. ഉമ്മന്നൂർ പാറങ്കോട് രാധാമന്ദിരത്തിൽ അനന്ദു കൃഷ്ണനാണ് (24) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വാപ്പാല പുരമ്പിൽ സ്വദേശി ശശിധരനെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. മകളുടെ പ്രണയബന്ധത്തെ എതിർത്തു കൊണ്ടാണ് പിതാവ് വെട്ടുകത്തിയെടുത്തത്. കഴിഞ്ഞ ദിവസം രാത്രി 10.30 നായിരുന്നു സംഭവം.
പൊലീസ് പറയുന്നത്: അനന്ദുവിന്റെ സഹോദരിയെ വിവാഹം കഴിച്ചയച്ചത് ശശിധരന്റെ അയൽപക്കത്താണ്. സഹോദരിയുടെ വീട്ടിൽ പോയ ഇയാൾ ശശിയുടെ മകളുമായി പരിചയപ്പെട്ട് പ്രണയത്തിലായി. വിവരമറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ ബന്ധം വിലക്കി.
ശശിധരൻ പൂയപ്പള്ളി പൊലീസിൽ അനന്ദുവിനെതിരെ പരാതി നൽകി. ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കിവിട്ടു. എന്നാൽ, അനന്ദു വാങ്ങിനൽകിയ ഫോൺ ഉപയോഗിച്ച് ഇരുവരും ബന്ധം തുടർന്നു. ഇത് മനസ്സിലാക്കിയ ശശിധരൻ കഴിഞ്ഞ ദിവസം രാത്രി 10.30 ന് അനന്ദുവിന്റെ വീടിന് സമീപമെത്തി ഒളിച്ചിരുന്നു.
വീടിന് പുറത്തിറങ്ങിയ അനന്ദുവിന്റെ കാലിൽ വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയപ്പോഴേക്കും ശശിധരൻ വെട്ടികത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ അനന്ദു കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ശശിധരൻ ഒളിവിലാണ്. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ