അടിമാലി: മാതാവിനെയും സഹോദരിയെയും കുറച്ച് അപമാനകരമായ വിവരങ്ങൾ നാട്ടിൽ പ്രചരിച്ചു. സുഹൃത്തുക്കളിൽ ചിലർ ഇതേക്കുറിച്ച് ചോദിച്ചും തുടങ്ങി. ദുഃഖം താങ്ങാനാവാതെ ജീവനൊടുക്കാൻ ലക്ഷ്യമിട്ട് വീട്ടിൽ നിന്നിറങ്ങി. കൊക്ക കണ്ണിൽപ്പെട്ടപ്പോൾ ബസ്സിൽ നിന്നിറങ്ങി റോഡിൽ നിന്നും താഴേക്ക് എടുത്തു ചാടി.

അടിമാലി ഇരുട്ടുകാനത്ത്് ഇന്നലെ ഉച്ചയോടെ 1000 അടിതാഴ്ചയിലേക്ക് ചാടുകയും തലനാരിഴയ്ക്ക് മരണത്തിൽ നിന്നും രക്ഷപെടുകയും ചെയ്ത തമിഴ്‌നാട് ഈറോഡ് സ്വദേശി കുമാർ(22) രക്ഷാപ്രവർത്തകരോട് വെളിപ്പെടുത്തിയത് ഇങ്ങിനെ.

പ്രദേശത്ത് കൂടിക്കിടന്ന കരിയിലയും ചപ്പുചവറുകളും മറ്റുമാണ് മറിഞ്ഞും തിരിഞ്ഞും ആഴത്തിലേക്കുള്ള 'യാത്ര'യിൽ കുമാറിന് തുണയായത്. ജീവൻ രക്ഷപെട്ടത് വീഴ്ച വെള്ളത്തിൽ ആയതിനാൽ ആണെന്നാണ് രക്ഷാപ്രവർത്തകരുടെ നേർസാക്ഷ്യം. ചാട്ടത്തിൽ പതിച്ചത് ആയിരം അടിയോളം താഴ്ചയിലാണെങ്കിലും നിസ്സാര പരിക്കുകളോട ഇയാളെ പൊലീസും ഫയർഫോഴ്‌സും ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇന്നലെ പട്ടാപ്പകൽ നടന്ന ഇയാളുടെ ആത്മഹത്യ ശ്രമം ഏറെ നേരം കാഴ്ചക്കാരെ ആശങ്കയിലാഴ്തിയിരുന്നു. നാട്ടുകാരിൽ നോക്കിനിൽക്കെ ബസ്സിൽ ഇവിടെയെത്തിയ കുമാർ റോഡിൽ നിന്നും താഴേക്ക് എടുത്തുചാടുകയായിരുന്നു. ഉച്ചയോടെയായിരുന്നു സംഭവം.

കണ്ടുനിന്നവർ ഉടൻ തന്നെ അടിമാലി പൊലീസിൽ വിവരമറിയിച്ചു. പൊലീസ് അറിയിച്ചത് പ്രകാരം അടിമാലിയിൽ നിന്നും ഫയർഫോഴ്‌സും പാഞ്ഞെത്തി. വീഴ്ച ആഴത്തിലേക്കായതിനാൽ ഇയാളെ ജീവനോടെ കണ്ടെത്താൻ കഴിയുമോ എന്ന ആശങ്കിലാണ് തങ്ങൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയതെന്നും താഴെ എത്തി വെള്ളത്തിൽ നിന്നും കരയ്ക്കു കയറ്റിയതോടെയാണ് സാരമായ പരിക്കില്ലന്ന് വ്യക്തമായതെന്നുമാണ് ഉദ്യോഗസ്ഥ സംഘം പുറത്ത് വിട്ട വിവരം.

വീഴ്ചയിൽ പാറകൂട്ടങ്ങളിൽ ഇടിച്ച് ശരീരം ചിന്നിച്ചിതറുന്നതിനുള്ള സാധ്യത ഏറെ കൂടുതലുള്ള പ്രദേശത്തുനിന്നും നിസ്സാര പരിക്കുകളോടെ ഇയാൾ രക്ഷപെട്ടതായുള്ള വാർത്ത പ്രദേശവാസികൾ ഏറെ അത്ഭുതത്തോടെയാണ് വരവേറ്റത്. താഴെ നീർച്ചാലിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് പതിച്ചതിനാലാണ് കുമാർ ഇപ്പോഴും ജീവനോടെയിരിക്കാൻ പ്രധാന കാരണമെന്നാണ് രക്ഷപ്രവർത്തകരുടെ നിഗമനം. ഏതാനും അടി പിന്നിലാണ് പതിച്ചിരുന്നതെങ്കിലും പാറക്കൂട്ടത്തിൽ തലയിടിച്ച് മരിക്കുന്നതിനുള്ള സാധ്യത ഏറെയായിരുന്നെന്നു ഇവർ ചൂണ്ടിക്കാട്ടുന്നു.

വീഴ്‌ച്ചയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ടതൊഴിച്ചാൽ കുമാറിന് കാര്യമായ പരിക്കേറ്റിരുന്നില്ല. കരയ്‌ക്കെത്തിച്ച് ഉടൻ അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച കുമാർ ഏറെ താമസിയാതെ തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. പിന്നീട് രക്ഷാപ്രവർത്തകരുമായി സങ്കടം പങ്കിടുന്നതിനിടെയാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതിന് ഇറങ്ങിപ്പുറപ്പെട്ടതിനു പിന്നിലെ കാര്യങ്ങൾ കുമാർ വ്യക്തമാക്കിയത്. മാതാവിനെയും സഹോദരിയെും കുറിച്ച് വിവരിക്കുമ്പോൾ കുമാറിന്റെ സങ്കടം നിന്ത്രണം വിട്ടു. കോയമ്പത്തൂരിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ താൻ ഓട്ടോമൊബൈൽ എഞ്ചിനിയറിങ് ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ടെന്നും കുമാർ അറിയിച്ചു.

ബന്ധുക്കളുടെ വിവരങ്ങൾ തിരക്കിയെങ്കിലും ശരിയായ മേൽവിലാസം നൽകാൻ ഇയാൾ തയ്യാറായില്ല. സംസാരത്തിനിടെ കോളേജ് പ്രൊഫസറായ ബന്ധുവിനെക്കുറിച്ച് നൽകിയ സൂചനയിൽ നിന്നും ഇയാളുടെ വിലാസം തപ്പിയെടുത്ത് പൊലീസ് വിവരം അറിയിക്കുകയായിരുന്നു. പുലർച്ചെ ബന്ധുക്കളെത്തി കുമാറിനെ നാട്ടിലേക്ക് കൊണ്ടുപോയെന്നുമാണ് ലഭ്യമായ വിവരം. ആത്മഹത്യ ചെയ്യാനുറച്ച് തമിഴ്‌നാട്ടിൽ നിന്നും ബസ് കയറിയ കുമാർ ഇരുട്ടുകാനത്തെത്തിയപ്പോൾ താഴ്‌ച്ചയുള്ള കൊക്ക കാണുകയും ബസിൽ നിന്നിറങ്ങി പരിസരം വീക്ഷിച്ച ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.