റാഞ്ചി: മുസ്ലിം കർഷകന്റെ വീടിന് മുമ്പിൽ ചത്ത പശുവിന്റെ അവശിഷ്ം കണ്ടെത്തിയതിന് നാട്ടുകാർ കർഷകനെ മർദ്ദിച്ച ശേഷം വീടിന് തീയിട്ടു. കാലികർഷകനായ ഉസ്മാൻ അൻസാരിയുടെ വീടിന് മുന്നിലാണ് പശുവിന്റെ ജഡം കണ്ടെത്തിയത്. റാഞ്ചിയിൽ നിന്നും 200 കിലോ മീറ്റർ അകലെയുള്ള ബേരിയാ ഹാത്തിയതാന്ദ് ഗ്രാമവാസിയായ ഉസ്മാന്റെ വീട്ടിലെ പശുവിന്റെ ജഡം തന്നെയാണ് കണ്ടെത്തിയത്. പശു അസുഖം മൂലമാണ് ചത്തതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ശവം മറവ് ചെയ്യുന്നതിന് മുമ്പേ ജനക്കൂട്ടം മർദിക്കുകയായിരുന്നു.

ചൊവാഴ്‌ച്ച ഉച്ചതിരിഞ്ഞാണ് സംഭവം. അൻസാരിയാണ് പശുവിനെ കൊന്നത് എന്ന് ആരോപിച്ച് നൂറോളം പേർ അൻസാരിയുടെ വീട് വളയുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 30മിനിറ്റിനകം 1000ൽ അധികം പേർ തടിച്ചുക്കൂടി കൂട്ടമായെത്തി അൻസാരിയെയും കുടുംബാംഗങ്ങളെയും മർദിക്കുകയും വീടിന് തീയിടുകയും ചെയ്തു.

അക്രമണത്തിനിരയായവരെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാർക്കെതിരെ ജനക്കൂട്ടം കല്ലെറിഞ്ഞതായി പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. അൻസാരിയെയും കുടുംബാംഗങ്ങളെയും ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ ജനക്കൂട്ടം കല്ലേറിഞ്ഞതിനെ തുടർന്ന് ആകാശത്തേക്ക് പൊലീസ് വെടിവെച്ചു. വെടിവെയ്‌പ്പിൽ പരിക്കേറ്റ കൃഷ്ണ പണ്ഡിത് എന്ന വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാലിലാണ് ഇയാൾക്ക് വെടിയേറ്റത്. 50ഓളം പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിന് അൻസാരിയെ രക്ഷിക്കുന്നതിന് വേണ്ടി രണ്ട് മണിക്കൂറിലധികം പ്രയത്‌നിക്കേണ്ടി വന്നു. പ്രദേശത്ത് സംഘർഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് 200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.