- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യലഹരിയിൽ മകൻ ചവിട്ടിയൊടിച്ചത് ആറ് വാരിയെല്ലുകൾ; ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ കറുകച്ചാൽ സ്വദേശി ജോൺ ജോസഫ് മരണത്തിന് കീഴടങ്ങി; പ്രതിയായ മകൻ ജോസി ജോണിനെ റിമാൻഡ് ചെയ്തു; ജോസി മാതാപിതാക്കളെ സ്ഥിരമായി മർദ്ദിക്കുമായിരുന്നു എന്ന് നാട്ടുകാർ
കോട്ടയം: മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകൾ ഒടിഞ്ഞ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കറുകച്ചാൽ ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫ് (കൊച്ചൂട്ടി-65)യാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരണം. ഞായറാഴ്‌ച്ചയാണ് മകൻ മദ്യലഹരിയിൽ പിതാവിനെ ആക്രമിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ. കറുകച്ചാൽ പൊലീസ് കസ്റ്റഡിയിലെടുത്ത മകൻ ജോസി ജോണിനെ (37) കോടതി റിമാൻഡ് ചെയ്തു.
റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇരുവൃക്കകളും തകരാറിലായതോടെ 3 വർഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു ക്രൂരമായ മർദനത്തിന് ഇരയായത്. മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മ(62)യെയും മർദിച്ചെന്നാണ് പൊലീസ് കേസ്. ജോണിനെ കട്ടിലിൽ നിന്നു വലിച്ച് നിലത്തിട്ട് വയറിൽ ചവിട്ടുകയായിരുന്നു. ജോണിന്റെ 6 വാരിയെല്ലുകൾ ചവിട്ടേറ്റ് ഒടിഞ്ഞു. ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റു. രക്തസ്രാവവുമുണ്ടായി. ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഞായറാഴ്ച രാവിലെ 11.30-ഓടെ മദ്യപിച്ചെത്തിയ ജോസി അച്ഛനെ കട്ടിലിൽനിന്ന് വലിച്ച് നിലത്തിട്ടശേഷം വയറിൽ ചവിട്ടുകയായിരുന്നു. സംഭവംകണ്ട് ഓടിയെത്തിയ അമ്മ അന്നമ്മയെയും ഇയാൾ മർദിച്ചു. ശേഷം വീട്ടിൽനിന്ന് ജോസി ഇറങ്ങിപ്പോയി. അയൽവാസികളുടെ സഹായത്തോടെ അന്നമ്മ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു.ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ജോണിന്റെ ആന്തരിക അവയവങ്ങളിൽ തറച്ചു. രക്തസ്രാവത്തെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയകൾ നടത്തി. ഒളിവിൽപോയ ജോസിയെ കറുകച്ചാൽ പൊലീസ് ബുധനാഴ്ച ശാന്തിപുരത്തുനിന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലി ചെയ്തിരുന്ന ജോസി നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയാൽ മാതാപിതാക്കൾക്ക് മർദനമേൽക്കുമായിരുന്നെന്ന് അയൽക്കാർ പറയുന്നു. സ്ഥിരമായി മദ്യപിച്ചിരുന്നതായും നാട്ടുകാരുമായി അടിപിടി ഉണ്ടാക്കിയിരുന്നതായും പറയുന്നു. സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിന്ന് പിതാവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു.
അരയിൽ കത്തിയുമായിട്ടാണ് പലപ്പോഴും കാണപ്പെട്ടിരുന്നത്. പിതാവിന് മർദനമേറ്റ ദിവസം രാത്രിയിലും ജോസി നാട്ടുകാരുമായി വഴക്കിട്ടിരുന്നു. ജോസി രണ്ടുതവണ വിവാഹം കഴിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. വീട്ടുകാർ ആലോചിച്ചു നടത്തിയതായിരുന്നു ആദ്യ വിവാഹം. ഇതിൽ ഒരു കുട്ടിയുമുണ്ട്. ഏതാനും വർഷത്തിനു ശേഷം ഈ ബന്ധം അവസാനിച്ചു. തുടർന്ന് മറ്റൊരു യുവതിയെയും കൂട്ടി ജോസി വീട്ടിലെത്തിയിരുന്നു. ഇതിൽ രണ്ടു കുട്ടികളുണ്ട്. ഇവരെയും ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഏതാനും വർഷം മുൻപ് ഈ ബന്ധവും അവസാനിച്ചതായും നാട്ടുകാർ പറയുന്നു. ജോണിന്റെ ഇരുവൃക്കകളും തകരാറിലായത് 3 വർഷം മുൻപാണ്. ഇതോടെ കുടുംബത്തിന്റെ വരുമാനം ചികിത്സയ്ക്കുപോലും തികയാതെയായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഡയാലിസിസിന് പണം കണ്ടെത്തിയിരുന്നത്.