പാലാ: പാലായുടെ ജനമനസുകൾ കീഴടക്കിയ യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണം വർദ്ധിച്ച ആവേശത്തോടെ തുടരുന്നു.

ഇന്നലെ കടനാട് പഞ്ചായത്തിൽ ഭവന സന്ദർശന പരിപാടികൾ നടത്തി. ഇതോടൊപ്പം വിവിധ സ്ഥാപനങ്ങളും സന്ദർശിച്ചു വോട്ടു തേടി. യു ഡി എഫ് നേതാക്കളും ജനപ്രതിനിധികളും മാണി സി കാപ്പനൊപ്പം ഭവന സന്ദർശന പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. എല്ലായിടത്തും മാണി സി കാപ്പന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. ഇത് യു ഡി എഫിനു ആത്മവിശ്വാസം പകർന്നു കഴിഞ്ഞു.

കഴിഞ്ഞ 16 മാസം കൊണ്ട് കടനാട്ടിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടാണ് വോട്ടു തേടുന്നത്. കൊല്ലപ്പള്ളി തോട് ചെളിനീക്കി തോടിന്റെ ആസ്തിയിൽ നവീകരിച്ചതു മാണി സി കാപ്പൻ മുൻകൈയെടുത്തായിരുന്നു. മഴക്കാലത്ത് ആദ്യം വെള്ളം കയറുന്ന കൊല്ലപ്പള്ളി ടൗണിൽ നവീകരണത്തെത്തുടർന്നു കഴിഞ്ഞ വർഷം വെള്ളം കയറാതിരുന്ന കാര്യം യു ഡി എഫ് ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭവന സന്ദർശനത്തിനൊപ്പം മാണി സി കാപ്പന്റെ ജനസമക്ഷം വികസന സൗഹൃദ സദസ്സുകളും പുരോഗമിക്കുകയാണ്. ഇതിനോടകം എഴുപതോളം സൗഹൃദസദസ്സുകൾ പാലാ മണ്ഡലത്തിൽ പൂർത്തീകരിച്ചു കഴിഞ്ഞു. ഇവിടെ നിന്നും ലഭിച്ച വികസന നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പാലായുടെ സമഗ്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

യു ഡി എഫിന്റെ പഞ്ചായത്തു - മുനിസിപ്പൽ തല കമ്മിറ്റികളും ബൂത്തുകമ്മിറ്റികളും ഒന്നാം ഘട്ടം ചേർന്ന് പ്രചാരണ പരിപാടികൾക്ക് രൂപം നൽകി. 15 നടക്കുന്ന നിയോജക മണ്ഡലം കൺവൻഷനുശേഷം പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാനാണ് യു ഡി എഫ് തീരുമാനം.

മാണി സി കാപ്പന്റെ വിജയത്തിനായി യുവാക്കൾ രംഗത്ത്

പാലാ: പാലായിലെ യുവാക്കൾക്ക് പാലായിൽ തന്നെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾ ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകുമെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ എംഎൽഎ. തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2006 മുതൽ തുടർച്ചയായി അവസരം ചോദിച്ച തനിക്ക് പാലായുടെ ജനപ്രതിനിധി ആകുവാൻ 2019ലാണ് ആണ് ഭാഗ്യം ലഭിച്ചത്. ജനങ്ങളെ സേവിക്കാൻ ലഭിച്ച 18 മാസങ്ങൾ ആത്മാർത്ഥതയോടു കൂടി സേവകനായി തന്നെയാണ് താൻ പ്രവർത്തിച്ചതെന്ന് പറഞ്ഞ അദ്ദേഹം ജനക്ഷേമകരമായ വികസനപദ്ധതികളുടെ പൂർത്തീകരണത്തിന് ആണ് താൻ വോട്ട് ചോദിക്കുന്നതെന്നും വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആർ വി ജോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ മുൻ പ്രസിഡന്റ് ജോബി അഗസ്റ്റി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ റോബി തോമസ്, തോമസുകുട്ടി മുകാല, പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജേക്കബ് അൽഫോൻസ് ദാസ്, ആന്റച്ചൻ ജെയിംസ് എന്നിവർ സംസാരിച്ചു.

ഗാന്ധിയൻ സമരമാർഗ്ഗം ലോകത്തിന് മാതൃക: മാണി സി കാപ്പൻ

പാലാ: ഗാന്ധിയൻ സമരമാർഗ്ഗം ലോകത്തിന് തന്നെ മാതൃകയാണെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അഹിംസയിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്തെ തോൽപ്പിച്ചു തിരിച്ചയയ്ക്കാൻ ഗാന്ധിജിക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ദണ്ഡിയാത്രയുടെ 91 മത് വാർഷികത്തോടനുബന്ധിച്ചു നാഷണലിസ്റ്റ് കോൺഗ്രസ് കേരള യൂത്ത് സംഘടിപ്പിച്ച ദണ്ഡിയാത്രയുടെ ഓർമ്മ പുതുക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയൻ ദർശനങ്ങൾക്കു പ്രസക്തി വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താഹ തലനാട് അദ്ധ്യക്ഷത വഹിച്ചു. എം പി കൃഷ്ണൻനായർ, ജോഷി പുതുമന, ടോം നല്ലനിരപ്പേൽ, ടി വി ജോർജ്, ജ്യോതിലക്ഷ്മി ചക്കാലയ്ക്കൽ, അപ്പച്ചൻ ചെമ്പൻകുളം തുടങ്ങിയവർ പ്രസംഗിച്ചു.

മാണി സി കാപ്പന്റെവിജയത്തിനായി101 കർഷക സമിതി

പാലാ: യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി നാഷണലിസ്റ്റ് കോൺഗ്രസ് കേരള കർഷക വിഭാഗം 101 അംഗ പ്രചാരണ സമിതിക്ക് രൂപം നൽകി. യു ഡി എഫ് അധികാരത്തിൽ വരുമ്പോൾ റബ്ബറിന് 250 രൂപ തറവില നിശ്ചയിക്കാൻ നടപടി സ്വീകരിക്കുമെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം കർഷകർക്കു പ്രതീക്ഷ നൽകുന്നതായി യോഗം ചൂണ്ടിക്കാട്ടി. കൺവീനർ ടോം നല്ലനിരപ്പേലിന്റെ നേതൃത്വത്തിലാണ് പ്രചാരണം നടത്തുന്നത്.