സാവോപോളോ: റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ തൊണ്ടയിൽ കുടുങ്ങിയ യുവാവിനെ സമയോജിതമായ ഇടപെടലിലൂടെ വെയിറ്ററും ഹൈവേ പൊലീസ് ഓഫീസറും ചേർന്ന് രക്ഷപ്പെടുത്തി. ബ്രസീലിലെ സാവോ പോളോയിലാണ് സംഭവം.

38 കാരനായ തിരിച്ചറിയപ്പെടാത്ത വ്യക്തി റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കവേ തൊണ്ടയിൽ കുടുങ്ങി മേശപ്പുറത്ത് വീണുപോകുകയായുരുന്നു. ഇത് ശ്രദ്ധിച്ച മറ്റുള്ളവർ ഇയാളെ ഉണർത്താൻ ശ്രമിക്കുകയും തുടർന്ന് അവർ വെയിറ്ററെ വിളിക്കുകയായിരുന്നു.

ഹോട്ടൽ വെയിറ്റർ ഉടൻ ഇയാൾക്ക് പ്രാഥമിക ശിശ്രൂഷ നൽകി. റസ്റ്റോറന്റിലുണ്ടായിരുന്ന ഹൈവേ പട്രോളിങ് ഓഫീസറും സ്ഥലത്തെത്തി ഇയാൾക്ക് പ്രാഥമിക വീണ്ടും ശിശ്രൂഷ നൽകി. ഇതോടെ ഇയാൾക്ക് ബോധം തിരിച്ചുകിട്ടി.

ഹോട്ടൽ വെയിറ്ററും പൊലീസ് ഓഫീസറും ചേർന്ന് ഇയാളുടെ ജീവൻ രക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ ഓൺലൈനിൽ വൈറലാണ്. ബ്രസീലിലെ സാവോ പോളോയിലെ ഒരു റസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച ഭക്ഷണം തൊണ്ടയിൽക്കുടുങ്ങിയ 38 കാരന്റെ ജീവൻ ഒരു വെയിറ്ററും ഒരു ഹൈവേ പൊലീസ് ഓഫീസറും ചേർന്നു രക്ഷിച്ചു എന്ന അടിക്കുറുപ്പോടെയാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ദൃശ്യങ്ങൾ ഹോട്ടലിലെ സിസിടിവിയിൽ നിന്നുള്ളതാണെന്ന് വ്യക്തമാണ്.

ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പ് പെട്ടന്ന് തന്നെ വൈറലായി. റസ്റ്റോറന്റിലുണ്ടായിരുന്നവരുടെയും വെയിറ്ററുടെയും പൊലീസ് ഓഫീസറുടേയും പ്രവർത്തനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. 'എത്ര ഗംഭീരം! ഈ ആളുകൾ ശരിക്കും ഹീറോകളാണ്' -ഒരു ട്വിറ്റർ ഉപയോക്താവ് പറഞ്ഞു. ഇവരാണ് യഥാർത്ഥ ഹീറോകളെന്ന് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.