കോട്ടയം : റോഡ് വികസനത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നതിൽ മനംനൊന്ത മധ്യവയസ്‌കൻ ജീവനൊടുക്കി. മരണവിവരം അയൽവാസികൾ അറിഞ്ഞത് നാലുദിവസത്തിന് ശേഷം.പാല അരുണാപുരം ഗീതാഞ്ജലിയിൽ (പാവത്തുങ്കൽ) സാബു (43) ആണ് വീടിനുള്ളിൽ വിഷം കഴിച്ച് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. പാലാ പാരലൽ റോഡിന്റെ ഭാഗമായി സാബുവിന്റെ കുടുംബവീട് സർക്കാർ ഏറ്റെടുത്തിരുന്നു.

ഇതിനെതിരെ സാബുവും സഹോദരന്മാരും കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിന്റെ വിധി ഇവർക്ക് പ്രതികൂലമായിരുന്നതിൽ മനംനൊന്താണ് സാബു ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നു. കേസ് പരാജയപ്പെട്ടത് സംബന്ധിച്ച നിരാശ സുഹ്യത്തുകളുമായി പങ്കു വച്ചിരുന്നയായി പറയപ്പെടുന്നു.നാലു ദിവസമായി സാബുവിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ സഹോദരന്മാരെ വിവരം അറിയിച്ചതനുസരിച്ച് ജേഷ്ഠൻ സലിം അരുണാപുരത്തെ വീടിന്റെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് സാബുവിന്റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. പാലാ സിഐ സാബു സെബാസ്റ്റ്യൻ, എസ്.ഐ അനൂപ് നാഥ് എന്നിവരുടെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു. പരേതൻ അവിവാഹിതനായിരുന്നു. പൂവത്തിങ്കൽ പരേതരായ ലക്ഷമിമാധവൻ ദമ്പതിമാരുടെ ഇളയമകനാണ് സാബു. സഹോദരങ്ങൾ : പ്രതാപൻ (എറണാകുളം), സലിം (കൊല്ലം), സാജൻ (എറണാകുളം). കോട്ടയത്തുനിന്നും ഫോറൻസിക് വിദഗ്ധരും പാലായിൽ നിന്ന് ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.