ചെന്നൈ: ഭർത്താവ് ഏർപ്പെടുത്തിയ ക്വട്ടേഷൻ ഏറ്റെടുത്ത് യുവതിയെ വാഹനാപകടത്തിൽ കൊലപ്പെടുത്തിയ സംഘം തമിഴ്‌നാട്ടിൽ പിടിയിൽ. യു.എസിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് വിഷ്ണുപ്രകാശിന്റെ നിർദ്ദേശപ്രകാരമാണ് 28 കാരിയായ ജയഭാരതിയെ കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിലെ കിദാരങ്കോണ്ടം പട്ടണത്തിലാണ് സംഭവം.

ഇരുചക്രവാഹനത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജയഭാരതിയെ കടവയ്യാരു പാലത്തിൽ എതിർദിശയിൽ നിന്ന് വന്ന മിനി ട്രക്ക് ഇടിക്കുകയായിരുന്നു. വഴിയിൽ വീണ യുവതിക്കുണ്ടായ അമിത രക്തസ്രാവമാണ് ഗുരുതരാവസ്ഥയിലേക്ക് മാറ്റിയത്.

വഴിയാത്രക്കാർ അവരെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തെക്കുറിച്ച് ജയഭാരതിയുടെ കുടുംബത്തിന് തുടക്കം മുതൽ സംശയമുണ്ടായിരുന്നു.

ബന്ധുക്കൾ അപകടസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച്, തിരുവാരൂർ താലൂക്ക് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന്, വിവിധ വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് വെളിപ്പെടുന്നത്.

അഞ്ച് വർഷത്തിലേറെയായി യു.എസിലെ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജയഭാരതി 2015ൽ വിഷ്ണുപ്രകാശിനെ വിവാഹം കഴിച്ചു. ദാമ്പത്യത്തിലെ ചില പ്രശ്‌നങ്ങളത്തെുടർന്ന് ജയഭാരതി തന്റെ ഭർത്താവുമായുള്ള ബന്ധം ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി.

അന്തകുടി പോസ്റ്റോഫീസിൽ ജോലി ചെയ്യാൻ തുടങ്ങി. അവരെ വീണ്ടും ഒന്നിപ്പിക്കാൻ കുടുംബം നിരവധി ശ്രമങ്ങൾ നടത്തി. പരാജയപ്പെടുകയായിരുന്നു.

ഇതിനിടെ, ജയഭാരതി വിവാഹമോചന കേസ് ഫയൽ ചെയ്യുകയും ഭർത്താവിന് നോട്ടീസ് അയക്കുകയും ചെയ്തു. തുടർന്ന്, വിഷ്ണുപ്രകാശ് ജയഭാരതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.

വിവാഹമോചനത്തത്തെുടർന്ന് ജീവനാംശം നൽക്കാൻ നിർബന്ധിതനാകുമെന്ന് ഭയപ്പെട്ടതിനെ തുടർന്നാണ് ക്വട്ടേഷൻ നൽകുന്നതിലേക്ക് നയിച്ചത്.

12 മണിക്കൂറിനുള്ളിൽ ക്വട്ടേഷൻ സംഘത്തിലെ മുഴുവനാളുകളെയും പിടികൂടി. അതേസമയം, പ്രധാന പ്രതി വിഷ്ണുപ്രകാശിനെ ഉടൻ ഇന്ത്യയിലെത്തിക്കുമെന്ന് എസ്‌പി. കായൽവിഷി പറഞ്ഞു.