മലപ്പുറം: മങ്കടയിൽ സദാചാര ഗുണ്ടകളുടെ ക്രൂര മർദനത്തിനിരയായ യുവാവ് മരിച്ചു. മങ്കട കൂട്ടിൽ കുന്നശ്ശേരി സ്വദേശി നസീർ (39) ആണ് മരിച്ചത്. ഇന്നലെ രാത്രി 2.30ഓടെയാണ് നസീറിനു നേരെ സദാചാര പൊലീസിന്റെ മർദനമുണ്ടായത്. തുടർന്ന് ചികിത്സയിലായിരുന്ന നസീർ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

മങ്കട കൂട്ടിൽ ഭാഗത്തുള്ള ഒരു പ്രവാസിയുടെ വീട്ടുപരിസരത്ത് വച്ച് നാട്ടുകാരിൽ ചിലർ നസീറിനെ തടഞ്ഞുവെക്കുകയും മർദിക്കുകയുമായിരുന്നു. നസീർ എത്തുമെന്ന് അറിഞ്ഞ് മുൻകൂട്ടി സംഘടിച്ചെത്തിയ ഏതാനും സദാചാര ഗുണ്ടകളാണ് അക്രമത്തിനു പിന്നിൽ. അസമയത്ത് ഇവിടെ എന്തുകാര്യമെന്ന് തിരക്കി സംഘം നസീറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കൂട്ടമായി മർദനം അഴിച്ചുവിടുകയുമായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ചവിട്ടിയും ഇടിച്ചും ബോധം നഷ്ടമാകും വരെ സദാചാര പൊലീസ് ചമഞ്ഞെച്ചിയവർ മർദിച്ചു.

നസീർ ബോധരഹിതനായതോടെ സംഘം സ്ഥലംവിട്ടു. പിന്നീട് പൊലീസെത്തി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ നസീറിനെ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മർദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ നസീർ ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. മരണ വാർത്ത അറിഞ്ഞതോടെ അക്രമികൾക്കെതിരെ നാട്ടുകാർക്കിടയിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ സംഘത്തിലുള്ള മൂന്ന് പേരെ പൊലീസ് ഉടൻ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.

പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായും മർദനമാകാം മരണകാരണമെന്നും മങ്കട പൊലീസ് പറഞ്ഞു. മുഴുവൻ പ്രതികളെ കുറിച്ചുമുള്ള സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. നസീറിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നെന്നും ബോധം പോകും വരെ ചവിട്ടിയിരുന്നതായും നസീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസുകാർ മറുനാടൻ മലയാളിയോടു പറഞ്ഞു. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.