കാവാലം: എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ കുടുംബ സമേതം യാത്ര ചെയ്യവേ ഗൃഹനാഥന് ദാരുണാന്ത്യം. കാവാലം വടക്ക് തൈവേലിൽ ജോസഫാ(അപ്പച്ചൻ 56)ണ് മരിച്ചത്. ക്രിസ്തുമസ് ദിനമായ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഭാര്യയും മക്കളുമായി എഞ്ചിൻ ഘടിപ്പിച്ച വള്ളത്തിൽ മാരാൻ കായലിലുള്ള സ്വന്തം കൃഷിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം.

ഓളത്തിൽപ്പെട്ട വള്ളത്തിൽ നിന്നും തെറിച്ച് വെള്ളത്തിലേക്ക് വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപ്പച്ചൻ മരിച്ചത്. രാജപുരം കായലിന്റെ വടക്ക് ഇരുപത്തിനാലായിരം കായലിലൂടെ പോകുമ്പോൾ അപ്പച്ചൻ ഓടിച്ചിരുന്ന വള്ളം ഓളത്തിൽപ്പെടുകയായിരുന്നു. ആടിയുലഞ്ഞ വള്ളത്തിൽനിന്നും അപ്പച്ചന്റെ ഭാര്യ ലീന വെള്ളത്തിലേക്കു വീണു.

ലീനയെ രക്ഷിക്കാനായി അപ്പച്ചനും സഹോദരപുത്രൻ മിബിനും വെള്ളത്തിലേക്കു ചാടി. ഇരുവരും ചേർന്നു ലീനയെ ഉയർത്തിയെങ്കിലും വള്ളം ഒഴുകി മാറിയിരുന്നു. അപ്പച്ചന്റെ മക്കളായ റിറ്റിയും രേഷ്മയും ഇവരോടൊപ്പം വള്ളത്തിലുണ്ടായിരുന്നു. ഈ സമയം ഇതുവഴി ചങ്ങനാശേരിക്കു പോകുകയായിരുന്ന ജലഗതാഗതവകുപ്പിന്റെ യാത്രാബോട്ടിലെ ജീവനക്കാർ കുട്ടികളുടെ ബഹളംകേട്ട് അടുത്തെത്തി എല്ലാവരെയും ബോട്ടിൽ കയറ്റി. തുടർന്ന് ലിസ്യൂ ജെട്ടിയിൽ എത്തിച്ചു. ഇവിടെ തയാറാക്കി നിർത്തിയിരുന്ന വാഹനത്തിൽ തുരുത്തിയിലും ചെത്തിപ്പുഴയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും അപ്പച്ചന്റെ ജീവൻ രക്ഷിക്കാനായില്ല.

കാവാലം ലിസ്യു റോഡിനു സമീപം സ്റ്റേഷനറിക്കട നടത്തി വരികയായിരുന്നു അപ്പച്ചൻ. ഭാര്യ ചങ്ങനാശേരി കാട്ടാംപള്ളിൽ കുടുംബാംഗം ലീന തിരുവല്ല ഐ.സിഐസിഐ ബാങ്കിലെ ജീവനക്കാരിയാണ്. മകൾ റിറ്റി മൈസൂരിൽ നഴ്സിങ് വിദ്യാർത്ഥിനിയാണ്. രേഷ്മ വാഴപ്പള്ളി സെന്റ് തെരേസാസിൽ പ്ലസ് വൺ വിദ്യാർത്ഥിനി. കാവാലം ലിസ്യു പള്ളിയിൽ ജോസഫിന്റെ സംസ്‌കാരം നടത്തി.