- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലക്കുമേൽ വന്ന മരണത്തെ ഓടിത്തോൽപ്പിച്ച ഭാഗ്യവാൻ!; വർക്കലയിൽ ആൽമരം കടപുഴകി വീണുണ്ടായ അപകടത്തിൽ നിന്ന് രാജു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 'ഓടിയില്ലായിരുന്നെങ്കിൽ അവിടെ തീർന്നേനെ ഞാൻ'എന്ന് നടുക്കം വിട്ടുമാറാതെ രാജു
വർക്കല: മരണത്തെ ഓടിത്തോൽപ്പിച്ച ഭാഗ്യവാൻ.. വർക്കല കുരയ്ക്കണ്ണി സ്വദേശിയായ രാജുവിനെ ഇനി അങ്ങിനെ വിളിക്കുന്നതാവും നല്ലത്. കവർക്കല റെയിൽവെ സ്റ്റേഷനടുത്ത് പുന്നമൂട് ഗണപതിക്ഷേത്രനടുത്തെ ആൽമരം വീഴുമ്പോൾ മനഃസാന്നിധ്യം വിടാതെ ഓടിമാറിയതുകൊണ്ടുമാത്രമാണ് രാജു ഇപ്പോൾ ജീവനോടെയിരിക്കുന്നത്.രണ്ടുദിവസമായി തുടരുന്ന കനത്തമഴയിലാണ് നൂറിലേറെ വർഷം പഴക്കമുള്ള ആൽമരം കടപുഴകിയത്.
ആൽമരം കടപുഴകി പതിക്കുന്നതുകണ്ട് രാജു ഒന്ന് അന്ധാളിച്ചുപോയിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നായേന. രാജു ക്ഷണനേരത്തിൽ ഓടിമാറിയ അതേസ്ഥലത്താണ് ആൽമരം വന്നുപതിച്ചത്. ഇടറോഡിൽനിന്ന് പ്രധാന പാതയിലേക്ക് നടന്നുവരികയായിരുന്നു രാജു. വർക്കല കുരയ്ക്കണ്ണി സ്വദേശിയായ രാജു സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയാണ്. വ്യാഴാഴ്ച, ജോലികഴിഞ്ഞ് പുന്നമൂട് എത്തി സൈക്കിൾ ഓരത്തുവച്ച് ക്ഷേത്രത്തിൽ തൊഴാൻ വരികയായിരുന്നു. അപ്പോഴാണ് ആൽമരം വീണത്.
വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും ഈ നാൽപ്പതുകാരന്റെ നടുക്കം വിട്ടുമാറിയിട്ടില്ല. മരംവീഴുന്നതിന് നിമിഷങ്ങൾ മുൻപ് ഒരുവാഹനവും കടന്നുപോയിരുന്നു. മരം വീണതിനെത്തുടർന്ന് വർക്കലഇടവ റോഡ് അടഞ്ഞു. സാധാരണ ദിവസങ്ങളിൽ ഏറെ വാഹന ഗതാഗതമുള്ള റോഡാണിത്. റോഡിന്റെ മറുഭാഗത്ത് റെയിൽവേ ലൈൻ കടന്നുപോകുന്നു.
ഗണപതിക്ഷേത്രത്തിനും ഒരുകേടുപാടും സംഭവിച്ചില്ല. വർക്കല പൊലീസും അഗ്നിരക്ഷാസേനയും എത്തി മരം മുറിച്ചുമാറ്റി. മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ശിഖരങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു. നിയുക്ത എംഎൽഎ വി. ജോയ് ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി. രണ്ടുദിവസമായി തുടരുന്ന മഴ അൽപം ശമിച്ചത് ആശ്വാസമായി.
മറുനാടന് മലയാളി ബ്യൂറോ