മെൽബൺ: സിഡ്‌നിയിലെ റോയൽ നോർത്ത് ഷോർ എന്ന ഹൈടെക് ആശുപത്രിയിൽ അപ്രത്യക്ഷനായ വയോധികനെ ഏതാണ്ട് 21 മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയ സംഭവം ഒച്ചപ്പാടാവുന്നു. രാവിലെ 9.30 ഓടുകൂടി അപ്പോയിന്റ്‌മെന്റ് പ്രകാരം ഡയബെറ്റിസ് ചികിത്സക്കായി എത്തിയ 67 കാരനായ വയോധികൻ ഹൃദയാഘാതം മൂലം ആശുപത്രിയിലെ ടോയ്‌ലറ്റിൽ അകപ്പെട്ടുപോവുകയായിരുന്നു.

ആശുപത്രിയിൽ പോയ ഭർത്താവ് തിരിച്ചെത്താതിരുന്നത് കാരണം പരിഭ്രാന്തയായ അയാളുടെ ഭാര്യ പരാതിപ്പെട്ടപ്പോഴാണ് വയോധികൻ അപ്രത്യക്ഷനായ വിവരം ആശുപത്രി അധികൃതർ പോലും അറിയുന്നത്. അപ്പോയിന്റ്‌മെന്റ് പ്രകാരം ആളെത്തിയിട്ടില്ലെന്ന് അധികൃതർ ഭാര്യയോട് പറയുമ്പോഴും തൊട്ടപ്പുറത്ത് വയോധികൻ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ മാത്രമാണ് അതായത് ഏതാണ്ട് 21 മണിക്കൂറുകൾക്ക് ശേഷം ആശുപത്രിയിലെ ടോയിലെറ്റിൽ  നിന്നും ഒരു ക്ലീനർ വയോധികനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

വയോധികൻ ആശുപത്രിയിലെത്തിയ കാര്യം ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് സ്ഥിരീകരിച്ചെന്ന് ഡോക്ടർ ആൻട്രൂ മോന്റെഗ് പറഞ്ഞു. ആശുപത്രിയിലെ ഔട്ട് പാഷ്യന്റ് വിഭാഗം അടയ്ക്കുന്നതിന് മുൻപ് നഴ്‌സുമാർ ടോയ് ലറ്റുകൾ പരിശോധിക്കാറില്ലെന്നും ക്ലീനേഴ്‌സിന്റെ ജോലിയാണതെന്നും എന്നാൽ എന്തോ കാരണം കൊണ്ട് അവരതു ചെയ്തില്ലെന്നും അദ്ദേഹം സമ്മതിക്കുകയുണ്ടായി.

വയോധികന്റെ  ആരോഗ്യനില അത്യാസന്ന നിലയിൽ തുടരുകയാണ്. ഇതാദ്യമായല്ല ഈ ആശുപത്രി വിവാദത്തിൽപെട്ട് വാർത്തകളിൽ നിറയുന്നത്. 2007ൽ 14 ആഴ്ച ഗർഭിണിയായിരുന്ന ഒരു സ്ത്രീ  ആശുപത്രിയിലെ ഒരു പൊതു ടോയ് ലെറ്റിൽ പ്രസവിച്ചതിന്റെ പേരിൽ അന്വേഷണം നേരിടുകയുണ്ടായി.