- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂകമ്പ മേഖലയിൽ ഭാര്യയും കുഞ്ഞുങ്ങളും എവിടെയെന്നറിയാതെ പുന്നപ്രയിലിരുന്ന് ബോലാബ് നേപ്പാളിനു വേണ്ടി കരളുരുകി പ്രാർത്ഥിക്കുന്നു; രക്ഷപ്പെട്ടെന്ന സന്ദേശം ലഭിച്ചെങ്കിലും ആശങ്കമാറാതെ ഒരു നേപ്പാളി ഗൃഹനാഥൻ
ആലപ്പുഴ: പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ തലനാരിഴക്ക് ഭാര്യയും കുടുംബവും രക്ഷപ്പെട്ടെന്ന സന്ദേശം ലഭിച്ചെങ്കിലും ബോലാബെന്ന ഗൃഹനാഥന് ഉറക്കമില്ല. നേപ്പാളിനെ തകർത്ത ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറാതെ ആലപ്പുഴയിലെ പുന്നപ്ര എന്ന കൊച്ചുഗ്രാമത്തിലിരുന്ന് ബോലാബ് എന്ന ഗൃഹനാഥൻ കരളുരുകി പ്രാർത്ഥിക്കുന്നു. തന്റെ കുടുംബത്തിന് ഒന്നും വരു
ആലപ്പുഴ: പ്രകൃതി സംഹാരതാണ്ഡവമാടിയപ്പോൾ തലനാരിഴക്ക് ഭാര്യയും കുടുംബവും രക്ഷപ്പെട്ടെന്ന സന്ദേശം ലഭിച്ചെങ്കിലും ബോലാബെന്ന ഗൃഹനാഥന് ഉറക്കമില്ല. നേപ്പാളിനെ തകർത്ത ഭൂകമ്പത്തിന്റെ നടുക്കം വിട്ടുമാറാതെ ആലപ്പുഴയിലെ പുന്നപ്ര എന്ന കൊച്ചുഗ്രാമത്തിലിരുന്ന് ബോലാബ് എന്ന ഗൃഹനാഥൻ കരളുരുകി പ്രാർത്ഥിക്കുന്നു. തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതേയെന്ന്. രക്ഷപ്പെട്ടുവെന്നറിഞ്ഞെങ്കിലും ഇവർ എവിടെയെന്നു കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ഈ ചെറുപ്പക്കാരനെ മുൾമുനയിലാക്കുന്നത്.
നേപ്പാളിന്റെ മണ്ണിലുണ്ടാകുന്ന ഓരോ ചലനവും ബോലാബ് എന്ന ചെറുപ്പക്കാരന് അങ്കലാപ്പ് സൃഷ്ടിക്കുകയാണ്. പുന്നപ്രയിലിരുന്നു നേപ്പാളിനുവേണ്ടി ഇയാൾ പ്രാർത്ഥിക്കുകയാണ്. കാരണം ബോലാബ് നേപ്പാളിന്റെ മണ്ണിൽ പിറന്നുവീണയാളാണ്. അഷ്ടിക്കുവക കണ്ടെത്താനാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് കേരളത്തിലെത്തിയത്. സുഹൃത്തിന്റെ സഹായത്താലാണ് ഇയാൾ ആലപ്പുഴ കാർമ്മൽ പോളീടെക്‌നിക്കിൽ സെക്യൂറിറ്റി ജീവനക്കാരനായത്.
നേപ്പാളിലെ ജനക്പൂർ ഗ്രാമനിവാസിയാണ് ബോലാബ്. ഭൂകമ്പം കനത്ത നാശം വിതച്ചതും ഈ പ്രദേശത്താണ്. ബോലാബിന്റെ നാഡിമിടിപ്പ് വർദ്ധിക്കുന്നതിനും പ്രത്യേക കാരണമുണ്ട്. ഇയാളുടെ ഭാര്യ ശോഭയെയും മക്കളായ അഭിഷേക്(13), ആയുഷ് (12) എന്നിവരെയും തനിച്ചാക്കിയാണ് ബോലാബ് കേരളത്തിൽ തൊഴിൽതേടിയെത്തിയത്. ഭൂകമ്പത്തിന്റെ ഭീകരത അറിഞ്ഞയുടൻ ബോലാബ് തന്റെ കുടുംബത്തെ അന്വേഷിച്ചെങ്കിലും ആശയവിനിമയത്തിന് യാതൊരു വഴിയുമില്ലായിരുന്നു.
എന്നാൽ ഇന്നലെ രാത്രിയോടെ ജനക്പൂരിൽനിന്നും എത്തിയ ഫോൺസന്ദേശം ബോലാബിന് അല്പം ആശ്വാസമായി. കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടതായ വാർത്തയായിരുന്നു അത്. എന്നാൽ നാട്ടിൽ കർഷകനായ ബോലാബിന്റെ ജീവിതത്തിലെ ആകെയുണ്ടായിരുന്ന രണ്ടേക്കർ കരിമ്പിൻ തോട്ടം പൂർണമായും ഒലിച്ചുപോയതായാണ് അറിയുന്നത്. ജീവിതത്തിൽ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടിട്ടും ബോലാബിന് ദുഃഖമില്ല. ഭൂമി നെടുകെ പിളർന്നിട്ടും തന്റെ ജീവന്റെ ഭാഗമായ ഭാര്യയെയും മക്കളെയും തിരിച്ചുകിട്ടിയതിൽ ദൈവത്തോട് നന്ദി പറയുകയാണ് ഈ യുവാവ്.
തുടർ ചലനങ്ങളുള്ളതിനാൽ എന്തും സംഭവിക്കാമെന്നുള്ള സ്ഥിതിയാണ്. അതേസമയം തന്റെ കുടുംബം എവിടെയാണെന്ന് ഇതുവരെയും ബോലാബിന് വിവരം ലഭിച്ചിട്ടില്ല. നാട്ടിൽനിന്നും എത്തിയ ഫോണിൽ കുടുംബം രക്ഷപ്പെട്ടിട്ടുണ്ടെന്നു മാത്രമേ അറിയിച്ചിട്ടുള്ളു. വാർത്താവിനിമയ സംവിധാനങ്ങൾ തകർന്നതോടെ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നതാണ് പ്രധാന കാരണം. എങ്കിലും എന്തു ത്യാഗം സഹിച്ചും നാട്ടിലേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് ബോലാബ്.