ബുർഹാൻപൂർ: അനശ്വരപ്രണയത്തിന്റെ പ്രതീകമായ ആഗ്രയിലെ താജ്മഹലിന്റെ മാതൃകയിൽ ഭാര്യയ്ക്ക് സ്നേഹസമ്മാനമായി വീട് നിർമ്മിച്ചു നൽകി മദ്ധ്യപ്രദേശ് സ്വദേശി. മദ്ധ്യപ്രദേശിലെ ബുർഹാൻപൂർ സ്വദേശി ആനന്ദ് ചോക്സെയാണ് താജ്മഹൽ മാതൃകയിൽ വീട് പണിത് ഭാര്യയ്ക്ക് സമ്മാനിച്ചത്. താജ്മഹൽ മാതൃകയിൽ തന്നെ വീട് വേണമെന്ന കാര്യം ആദ്യം മുതലേ മനസിലുണ്ടായിരുന്നുവെന്ന് ആനന്ദ് ചോക്‌സെ പറയുന്നു.

മുഗൾ ചക്രവർത്തിയായ ഷാജഹാൻ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ച താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നു കൂടിയാണ്. ഭാര്യയോടുള്ള പ്രണയത്തിന്റെ സാക്ഷ്യമായാണ് താജ്മഹൽ മാതൃകയിൽ ഭവനം നിർമ്മിച്ച് ഭാര്യയ്ക്ക് മധ്യപ്രദേശുകാരനായ ആനന്ദ് ചോക്സെ സമ്മാനിച്ചത്.



വീടിനകത്ത് നാല് വലിയ കിടപ്പുമുറികളാണുള്ളത്. താജ്മഹലിന്റെ അതേ രൂപത്തിൽ തന്നെ വീട് പണിയാനായി ശിൽപ്പികൾ കുറേയധികം പ്രയാസപ്പെട്ടതായി അദ്ദേഹം പറയുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീട് വൈറലായി കഴിഞ്ഞു.

മൂന്ന് വർഷം മുമ്പായിരുന്നു വീടിന്റെ പണി ആരംഭിച്ചത്. പലവട്ടം നിർമ്മാണം മുടങ്ങി. പശ്ചിമ ബംഗാളിൽ നിന്നും ഇൻഡോറിൽ നിന്നുമുള്ള വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു നിർമ്മാണം പൂർത്തിയാക്കിയത്. യഥാർത്ഥ താജ്മഹലിനെക്കുറിച്ച് വിശദമായി പഠിച്ച ശേഷമായിരുന്നു നിർമ്മാണം തുടങ്ങിയത്. വീടിനകത്തെ കൊത്തുപണികളെല്ലാം വളരെ സൂക്ഷ്മതയോടെയാണ് ചെയ്തിരിക്കുന്നത്.



താജ്മഹലിന്റെ പ്രധാന സവിശേഷതയായ താഴികക്കുടം വീടിനും നൽകിയിട്ടുണ്ട്. 29 അടി ഉയരത്തിലാണ് വീടിന്റെ താഴികക്കുടം ഒരുക്കിയിട്ടുള്ളത്.വീടിനകത്തെ ഫർണിച്ചറുകളും താജ്മഹലിലെ ഫർണിച്ചർ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. മുംബയിൽ നിന്നുള്ള പണിക്കാരാണ് ചെയ്തിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള മക്രാന കൊണ്ടാണ് നിലം ഒരുക്കിയത്.

വീടിന്റെ താഴത്തെ നിലയിൽ വലിയൊരു ഹാളും രണ്ട് കിടപ്പുമുറികളുമാണുള്ളത്. മുകൾ നിലയിൽ രണ്ട് കിടപ്പുമുറിയും വലിയൊരു ലൈബ്രറിയും പ്രാർത്ഥിക്കാനായി ഒരു മുറിയും ഒരുക്കിയിട്ടുണ്ട്. താജ്മഹലിന് സമാനമായ രീതിയിലാണ് വീടിനകത്തും പുറത്തും ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നതും.