ലഖ്നൗ: ഒരുമാസം പ്രായമുള്ള കൊച്ചുമകളെ തട്ടിക്കൊണ്ടുപോയി കാമുകിക്ക് സമ്മാനിച്ചെന്ന കേസിൽ 56-കാരൻ ഉത്തർപ്രദേശിൽ അറസ്റ്റിൽ. ബിജ്നോർ സ്വദേശിയായ മുഹമ്മദ് സഫറിനെയാണ് ബിജ്നോർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് കുഞ്ഞിനെ വാങ്ങിയ കാമുകിയെയും ഇവരുടെ ഭർത്താവിനെയും പൊലീസ് പിടികൂടി.

കുഞ്ഞിനെ കിട്ടിയ കാമുകിയും ഇവരുടെ ഭർത്താവും സ്വദേശമായ ബിഹാറിലേക്ക് കടന്നിരുന്നു. രണ്ട് പൊലീസ് സംഘങ്ങൾ ബിഹാറിലെത്തിയാണ് ദമ്പതിമാരെ പിടികൂടി കുഞ്ഞിനെ തിരികെ എത്തിച്ചത്. അറസ്റ്റിലായ മൂന്നുപേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഡൽഹിയിൽ കൂലിത്തൊഴിലാളിയായ മുഹമ്മദ് സഫർ അയൽക്കാരിയായ 40-കാരിയുമായി മൂന്നുവർഷത്തോളമായി പ്രണയത്തിലായിരുന്നു. കുട്ടികളില്ലാത്ത കാമുകി അടുത്തിടെയാണ് ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്തണമെന്ന ആഗ്രഹം കാമുകനോട് പങ്കുവെച്ചത്. ഇതോടെ മുഹമ്മദ് സഫർ സ്വന്തം മകളുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി കാമുകിക്ക് സമ്മാനിക്കുകയായിരുന്നു.

സഫറിന്റെ മകൾക്ക് തട്ടിക്കൊണ്ടുപോയ പെൺകുഞ്ഞ് ഉൾപ്പെടെ നാല് മക്കളാണുള്ളത്. നാലാമത്തെ കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുട്ടികളിൽ ഒരാളെ തനിക്ക് തരാമോയെന്ന് സഫർ മകളോട് ചോദിച്ചിരുന്നു. മകളും മരുമകനും ഈ ആവശ്യം നിരാകരിച്ചതോടെയാണ് ഒരുമാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ പ്രതി തീരുമാനിച്ചത്.

ഏപ്രിൽ 20-ന് രാത്രി ബിജ്നോറിലെ നാഗിനയിൽ മരുമകന്റെ വീട്ടിലെത്തിയ പ്രതി, എല്ലാവരും ഉറങ്ങുന്നതിനിടെ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. പിറ്റേദിവസം രാവിലെയാണ് വീട്ടിൽനിന്ന് കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഇതോടെ പ്രതിയുടെ മരുമകനായ കാസിം അഹമ്മദ് പൊലീസിൽ പരാതി നൽകി.

കേസിൽ അന്വേഷണം നടത്തിയ പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് മുഹമ്മദ് സഫറാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തിയത്. പിന്നാലെ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.