അടിമാലി: മദ്യലഹരിയിൽ സഹോദരങ്ങൾ തമ്മിലുള്ള കലഹം മൂത്തതോടെ ഒരു കുടുംബം മുഴുവൻ വഴിയാധാരമായി. കലഹത്തിനിടെ ജ്യേഷ്ടനെ അനുജൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതോടെയാണ് ഒരു കുടുംബം വഴിയാധാരമായത്. മദ്യം തന്നെയാണ് ഈ വിഷയത്തിലെ വില്ലനായി മാറിയത്. ആനവിരട്ടി ചുട്ടിശേരിൽ പി.കെ. പൗലോസ് ലിസി (ലിസമ്മ) ദമ്പതികളുടെ മകൻ അരുൺ പോൾ (വർക്കി31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ സഹോദരൻ അൻവിൽ പോളിയെന്ന മനുവാണ് അറസ്റ്റിലായത്.

ഇന്നലെ പുലർച്ചെ 12 മണിയോടെ ആനവിരട്ടി സ്‌കൂളിനു സമീപത്തെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. മദ്യപിച്ച് മിക്കവാറും വീട്ടിൽ ഇരുവരും പരസ്പരം വഴക്കിട്ടിരുന്നതായി സമീപവാസികൾ പറയുന്നു. അതുകൊണ്ട് തന്നെ പതിവുപോലെ കലഹമാണെന്ന് നാട്ടുകാരും കരുതി. എന്നാൽ, കാര്യം വഷളായതി വർക്കി മരണപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ശനിയാഴ്ച രാത്രിയിൽ ഇരുവരും സമീപത്തുള്ള രണ്ടു കല്യാണ വീടുകളിൽ ആഘോഷത്തിൽ പങ്കെടുക്കാൻ പോയിരുന്നു. മടങ്ങിയെത്തിയ ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതു പതിവായതിനാൽ വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളും അയൽവാസികളും സംഭവം കാര്യമാക്കിയില്ല. ഇതിനിടെ വീട്ടിലുണ്ടായിരുന്ന കാപ്പിവടികൊണ്ട് ജ്യേഷ്ഠന്റെ തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു.

സംഭവം പ്രശ്‌നമാകുമെന്നു തോന്നിയതോടെ അടുത്ത മുറിയിലുണ്ടായിരുന്ന മാതാവിനോട് അൻവിൻ തന്നെ വിവരം അറിയിച്ചു. തുടർന്ന് സമീപവാസികളും ബന്ധുക്കളും അൻവിനും ഉൾപ്പടെയുള്ളവർ പരുക്കേറ്റ അരുണിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചു. തലയുടെ ഇടതു ഭാഗത്ത് സാരമായി പരുക്കേറ്റിരുന്നതിനാൽ വിദഗ്ധ ചികിത്സയ്ക്കായി പുലർച്ചെ ആറു മണിയോടെ കോലഞ്ചേരി മെഡിക്കൽ കോളജിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഒൻപതരയോടെ മരിച്ചു.

സഹോദരൻ മരിച്ചതോടെ അൻവിൻ ബന്ധുവിനൊപ്പം ആശുപത്രിയിൽ നിന്നും രക്ഷപെട്ടിരുന്നു. പിന്തുടർന്നെത്തിയ പൊലീസ് സംഘം ഇയാളെ ഇരുമ്പുപാലത്തെ ഷാപ്പിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നവെന്ന് എസ്.ഐ. പറഞ്ഞു. മൂന്നാർ സിഐ സാം ജോസിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തി മേൽ നടപടികൾക്കു ശേഷം മൃതദേഹം െവെകിട്ട് ആറു മണിയോടെ കോട്ടയെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ഇന്ന് ഉച്ചയ്ക്കു ശേഷം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കാരം നടക്കും. മരിച്ച അരുണും, കൊലപ്പെടുത്തിയ അൻവിനും അവിവാഹിതരാണ്.

അടിമാലി ടൗണിലെ പിക്കപ്പ് ജീപ്പ് ഡ്രൈവറാണ് അരുൺ. ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സ് പഠിച്ച അൻവിൻ പെയിന്റിങ് ഉൾപ്പടെയുള്ള ജോലികൾക്ക് പോവുകയാണ്. അഞ്ജു ഏക സഹോദരിയാണ്.