ന്യൂഡൽഹി: ഭാര്യ വേണ്ടതുപോലെ പരിഗണിക്കുന്നില്ലെന്ന് പരാതിയിൽ യുവാവ് കുഞ്ഞിനെ കൊലപ്പെടുത്തി. മൂന്നു വയസുകാരനായ വളർത്തു മകനെയാണ് യുവാവ് കൊന്നത്. വടക്കുകിഴക്കൻ ഡൽഹിയിലെ കരവാൾ നഗറിർ ഞായറാഴ്ചയാണു സംഭവം. പൊലീസ് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

വീട്ടിൽ തനിക്ക് ജോലിയുണ്ടെന്നും അതിനാൽ മകൻ അർജുൻ തന്റെകൂടെ നിൽക്കട്ടെയെന്നും 30-കാരനായ മഹേഷ് ഭാര്യ കിരണോട് പറഞ്ഞു. പിന്നീട് അടുത്തുള്ള ഫാക്ടറിയിൽ കൊണ്ടുപോയ കുട്ടിയെ നിലത്തെറിയുകയായിരുന്നു. ബോധംപോയ കുട്ടിയെ പിന്നീട് ശ്വാസംമുട്ടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ചയായതിനാൽ ഫാക്ടറി അവധിയായിരുന്നു. കുട്ടിയ കൊലപ്പെടുത്തിയശേഷം മഹേഷ് മൃതദേഹം ചാക്കുകൾക്കടിയിൽ ഒളിപ്പിച്ചു.

വീട്ടിലെത്തിയ ഇയാൾ ഭാര്യയോട് കുട്ടിയെ കാണാതായെന്നു പറഞ്ഞു. പിന്നീട്, വീട്ടിൽനിന്ന് പോയ ഇയാൾ അടുത്ത ബന്ധു റിങ്കുവിനോട് സംഭവങ്ങൾ പറയുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വൈകുന്നേരം റിങ്കു കിരണിനെ ഫോണിൽവിളിച്ച് കാര്യങ്ങൾ ധരിപ്പിക്കുകയായിരുന്നു. ഉടൻ ഓടി ഫാക്ടറിയിലെത്തിയ കിരൺ ചാക്കുകൾക്കടിയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കിരൺ അറിയിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തത്.

മഹേഷിന്റെ മൊബൈൽ ഫോൺ സിഗ്നൽ വച്ച് നടത്തിയ അന്വേഷണത്തിൽ ആനന്ദ്വിഹാർ ബസ് സ്റ്റേഷനിൽവച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.